മക്ക: മധ്യപൂർവേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാവെല്ലുവിളികൾക്കും യുദ്ധസമാനമായ അന്തരീക്ഷത്തിനുമിടയിൽ, മേഖലയിലെ ഭൗമരാഷ്ട്രീയത്തെ മാറ്റിമറിക്കാൻ പോകുന്ന ചരിത്രപ്രധാനമായ സംയുക്ത പ്രതിരോധ കരാറിൽ പ്രമുഖ മുസ്ലിം രാജ്യങ്ങളായ സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നിവർ ഒപ്പുവച്ചു.
സൗദിയിലെ വിശുദ്ധ നഗരമായ മക്കയിൽ നടന്ന ഉച്ചകോടിയിലാണ് ‘മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്’ നിലവിൽ വന്നത്. മൂന്നു രാജ്യങ്ങളും ലോകത്തിലെതന്നെ ഏറ്റവും സ്വാധീനമുള്ള സുന്നി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണെന്നതിനാൽ ഈ കൂട്ടായ്മയ്ക്ക് സുന്നി നാറ്റോ എന്ന വിശേഷണവുമുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരാണ് ഉച്ചകോടിക്കു നേതൃത്വം നൽകി കരാറിൽ ഒപ്പുവച്ചത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും ചടങ്ങിൽ സംബന്ധിച്ചു.
പാശ്ചാത്യ സൈനിക കൂട്ടായ്മയായ ‘നാറ്റോ’യുടെ മാതൃകയിലാണ് ഈ പ്രതിരോധസഖ്യം പ്രവർത്തിക്കുക. കരാറിലെ വ്യവസ്ഥകൾ പ്രകാരം മൂന്നു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബാഹ്യശക്തികളുടെ ആക്രമണമുണ്ടായാൽ അത് മൂന്നു രാജ്യങ്ങൾക്കും നേരേയുണ്ടാകുന്ന ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കും.
പ്രതിരോധ സാങ്കേതികവിദ്യ കൈമാറുക, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുക, സംയുക്ത സൈനിക പരിശീലനങ്ങൾ നടത്തുക എന്നിവയും കരാറിന്റെ ഭാഗമാണ്. കരാർ തികച്ചും പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണെന്നും മറ്റ് പ്രാദേശിക രാജ്യങ്ങൾക്കും ഭാവിയിൽ സഖ്യത്തിന്റെ ഭാഗമാകാമെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
മൂന്ന് ശക്തികളുടെ സംഗമം
ഏഷ്യയിലെയും മധ്യപൂർവേഷ്യയിലെയും നിർണായക സൈനിക സമവാക്യങ്ങളെ മാറ്റിമറിക്കുന്നതാണ് ഈ സഖ്യം. ലോകത്തിലെ വലിയ സാമ്പത്തികശക്തിയും പ്രമുഖ ആയുധ ഇറക്കുമതിക്കാരുമായ സൗദി അറേബ്യ, നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനികശക്തിയും അത്യാധുനിക ആയുധനിർമാണ ശേഷിയുമുള്ള തുർക്കി, ലോകത്തിലെ ഏക ആണവായുധ മുസ്ലിം രാജ്യമായ പാക്കിസ്ഥാൻ എന്നിവരുടെ ഒരുമിക്കൽ മേഖലയിൽ വലിയ സ്വാധീനം ചെലുത്തും.
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ഗൾഫ് മേഖലയിലേക്കു വ്യാപിക്കുകയും ഹോർമുസ് കടലിടുക്ക്, ചെങ്കടൽ എന്നിവിടങ്ങളിലെ കപ്പൽ ഗതാഗതത്തിനു ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ സുരക്ഷാസഖ്യം രൂപപ്പെട്ടത്. സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്കുനേരേ മുന്പുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സ്വന്തം പ്രതിരോധശേഷി ഉറപ്പിക്കാൻ സൗദി അറേബ്യ മുന്നിട്ടിറങ്ങിയത്.
ഇന്ത്യയ്ക്ക് നിർണായകം
സഖ്യത്തിലെ ഏതു രാജ്യത്തിനുനേരേയുണ്ടാകുന്ന ആക്രമണവും മൂന്നു രാജ്യങ്ങൾക്കും നേരേയുള്ളതായി കണക്കാക്കുമെന്ന ‘നാറ്റോ’ മാതൃകയിലുള്ള വ്യവസ്ഥ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. പാക്കിസ്ഥാനും സൗദിയും തുർക്കിയും ഉൾപ്പെടുന്ന ഈ സഖ്യം മേഖലയിലെ സൈനിക സമവാക്യങ്ങളെ മാറ്റിമറിക്കാൻ സാധ്യതയുള്ളതിനാലാണ് ഇന്ത്യ സ്ഥിതിഗതികൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ സമാനമായ ഉഭയകക്ഷി പ്രതിരോധ കരാറിൽ ഒപ്പുവച്ചപ്പോഴും അതിന്റെ ആഘാതങ്ങളെക്കുറിച്ച് പഠിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ തുർക്കിയെക്കൂടി ഉൾപ്പെടുത്തി കരാർ വിപുലീകരിച്ചിരിക്കുന്നത്.
സൂക്ഷ്മമായി നിരീക്ഷിക്കുന്നു
ന്യൂഡൽഹി: സൗദി അറേബ്യയും തുർക്കിയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ.
ആഗോള ഭൗമരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുന്ന ഈ സഖ്യത്തിന്റെ നീക്കങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.