മുഹമ്മ: റോഡുകൾക്കും വീടുകൾക്കും ഭീഷണിയായി മണൽ ലോറികൾ നിരന്തരം സഞ്ചരിക്കുന്നത് ജനരോഷം ശക്തമാക്കുന്നു. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കുളക്കോഴിച്ചിറയിൽ നടക്കുന്ന മണൽ ഖനനമാണ് മുഹമ്മ കെഇ കാർമൽ ജംഗ്ഷനിൽ നിന്ന് തുടങ്ങി കായിക്കരയിലൂടെ കുളക്കോഴിചിറയിലേക്ക് നീളുന്ന റോഡിന് ശാപമായിരിക്കുന്നത്.
തുരുത്തൻകവല ജംഗ്ഷനിൽ രണ്ടിടത്ത് റോഡ് തകർന്നിട്ടുണ്ട്. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ നിന്ന് കുളക്കോഴിച്ചിറയിലേക്കുള്ള റോഡിന്റെ ആരംഭഭാഗം പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി മാറിയിരിക്കുകയാണ്. മണ്ണുമായി വരുന്ന ടോറസുകൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നതിനാൽ ഈ ഭാഗം അനുദിനം തകരുകയാണ്.
ആലപുഴ-തണ്ണീർമുക്കം റോഡിൽ നിന്ന് തിരുവിഴ മേഖലയിലേക്കുള്ള റോഡിന്റെ ആരംഭ ഭാഗവും തകർച്ചയിലാണ്. അപകടം നിത്യസംഭവമായതിനെ തുടർന്ന് ഈ ഭാഗത്ത് കഴിഞ്ഞ ദിവസം മെറ്റലിംഗ് നടത്തിയെങ്കിലും യാത്ര സുരക്ഷിതമല്ല. ലോറികളിൽ നിന്ന് റോഡിൽ തെറിച്ച് വീഴുന്ന ചെളിയും മണ്ണും യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നുണ്ട്.
പൊടി പോലുള്ള മണ്ണ് ആയതിനാൽ മേഖലയെ പൊടിപടലത്തിൽ മൂടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഖനനം തുടങ്ങിയപ്പോൾ വീറോടെ പ്രതിഷേധ രംഗത്തുണ്ടായിരുന്നവർ ഇപ്പോൾ മാളത്തിലാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.