പീരുമേട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും പിടിയിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രാവണ് താര (24) എന്നിവരാണു പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം വാഗമണ്ണിൽ സംശയാസ്പദമായി കണ്ട വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. 50 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ചു ഗ്രാം കഞ്ചാവ് എന്നിവ വാഹനത്തിൽനിന്നു കണ്ടെടുത്തു. പ്രതികൾ താമസിക്കുന്ന റിസോർട്ടിൽ പരിശോധന നടത്തിയ പോലീസ് 3,75,000 രൂപയും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എക്സൈസ് വകുപ്പ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ പീരുമേട് റേഞ്ച് എക്സൈസ് ഓഫീസിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്തു. മുന്പും ഇവർക്കെതിരേ മയക്കുമരുന്നു കേസുകൾ ഉള്ളതായി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോൾ നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അമൽരാജ് അറിയിച്ചു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മിഥുൻ വിജയ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബി. രാജകുമാർ, ഉദ്യോഗസ്ഥരായ ജോബി ചാക്കോ, ജയരാജ്, രാമകൃഷ്ണൻ മണികണ്ഠൻ, മിഥുൻ, എ. കുഞ്ഞുമോൻ, അൻസാർ, സിന്ധു, സത്യരാജ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.