കൽപ്പറ്റ: കായിക വികസന രംഗത്ത് വയനാടിന് മുതൽക്കൂട്ടായി രണ്ട് സ്റ്റേഡിയങ്ങൾ.2022 സെപ്റ്റംബറിൽ മുണ്ടേരി മരവയലിൽ പ്രവർത്തനം തുടങ്ങിയ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയമാണ് ഇതിലൊന്ന്. ഇന്നലെ അന്പിലേരിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ച ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയമാണ് രണ്ടാമത്തേത്.
അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനത്തിനും മത്സരങ്ങൾക്കും സൗകര്യമുള്ളതാണ് രണ്ട് സ്റ്റേഡിയങ്ങളും. കൽപ്പറ്റ ടൗണിന് മൂന്ന് കിലോമീറ്റർ പരിധിയിലാണ് രണ്ട് സ്റ്റേഡിയങ്ങളും. 18.67 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം നിർമിച്ചത്. ദേശീയ നിലവാരത്തിൽ മത്സരങ്ങൾ നടത്തുന്നതിന് പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോൾ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീർണമുള്ള വിഐപി ലോഞ്ച്, ഓഫീസ് മുറികൾ, 9,400 ചതുരശ്ര അടി വിസ്തീർണമുള്ള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ സ്റ്റേഡിയത്തിന്റെ ഭാഗമാണ്.
1987ൽ അന്നത്തെ ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റും പ്ലാന്ററുമായ എം.ജെ. വിജയപദ്മനാണ് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്റ്റേഡിയത്തിനു ഭൂമി ലഭ്യമാക്കിയത്.
എട്ട് ഏക്കർ സ്ഥലം വിലയ്ക്കുവാങ്ങി അദ്ദേഹം സ്പോർട്സ് കൗണ്‍സിലിന് സൗജന്യമായി നൽകുകയായിരുന്നു. 2016ലെ സർക്കാരിന്റെ കാലത്ത് അന്നത്തെ എംഎൽഎ സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിർമാണത്തിനു ഫണ്ട് അനുവദിച്ചത്.
അന്പിലേരിയിൽ നഗരസഭ വിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്പോർട്സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിലാണ് ഇൻഡോർ സ്റ്റേഡിയം. കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. 2019ൽ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് സ്റ്റേഡിയത്തിന് ശിലയിട്ടത്. 110 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ളതാണ് സ്റ്റേഡിയം.
ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂൾ സ്റ്റേഡിയത്തിന്റെ ഭാഗമാണ്. ഇതിൽ ഒന്ന് 90 മീറ്റർ നീളത്തിൽ അന്താരാഷ്ട നിലവാരത്തിൽ തയാറാക്കിയതാണ്. പ്രാക്ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറിൽ രണ്ട് സ്വിമ്മിംഗ് പൂൾ ഉള്ള ഏക ഇൻഡോർ സ്റ്റേഡിയമാണ് അന്പിലേരിയിലേത്.
ഇൻഡോർ സ്റ്റേഡിയത്തിന് ഏകദേശം ഒന്നര കിലോമീറ്റർ മാറിയാണ് മരവയൽ ജില്ലാ സ്റ്റേഡിയം. മുൻ എംഎൽഎ സി.കെ. ശശീന്ദ്രനും നഗരസഭ മുൻ ചെയർമാൻ എ.പി. ഹമീദും ജില്ലാ സ്പോർട്സ് കൗണ്‍സിൽ മുൻ ഭാരവാഹികളും മുൻകൈയെടുത്ത് നടത്തിയ പ്രവർത്തനങ്ങളാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് വഴിയൊരുക്കിയത്. വൈത്തിരിയിൽ കായികാധ്യാപകനായിരുന്ന ഓംകാരനാഥന്റെ പേരാണ് സ്റ്റേഡിയത്തിന് നൽകിയത്.
നിരവധി സംസ്ഥാനതല മത്സങ്ങൾക്കാണ് ഇതിനകം ജില്ലാ സ്റ്റേഡിയം വേദിയായത്. കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിച്ച പ്രഥമ ട്രൈബൽ ഫുട്ബോൾ ടൂർണമെന്റ് ഇന്നലെ മുതൽ നടത്തുന്നത് ജില്ലാ സ്റ്റേഡിയത്തിലാണ്.