അൽ അമിറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനോട് മൂന്ന് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. സ്കോർ: ഇന്ത്യ 208 (46.3) പാക്കിസ്ഥാൻ 209/7 (48.1). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.3 ഓവറിൽ 208 റൺസിന് എല്ലാവരും പുറത്തായിരുന്നു.
209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ 48.1 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 61 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് പരുങ്ങലിലായെങ്കിലും ഹംസ സഹൂറിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം മത്സരത്തിന്റെ ഗതി മാറ്റി. പുറത്താകാതെ 100 റൺസ് നേടിയ ഹംസയാണ് പാക് പടയെ വിജയത്തിലെത്തിച്ചത്.
ഒരുവശത്ത് തുടർച്ചയായി വിക്കറ്റുകൾ വീണപ്പോഴും അർജുൻ രാജ്പുതിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയെ തുണച്ചത്. 85 പന്തിൽ 107 റൺസെടുത്ത അർജുൻ ഒറ്റയാൾ പോരാട്ടത്തിലൂടെ ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാൽ മറ്റ് ബാറ്റർമാർക്ക് കാര്യമായ പിന്തുണ നൽകാനായില്ല.