തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം രൂപീകരിക്കാനുള്ള യുഡിഎഫ് ഉപസമിതി അധ്യക്ഷനായി കോണ്ഗ്രസ് നേതാവും ആറൻമുള മുൻ എംഎൽഎയുമായ കെ. ശിവദാസൻ നായരെ നിയോഗിക്കാൻ ധാരണ.
സമിതിയിലെ കോണ്ഗ്രസ് പ്രതിനിധിയായി മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷനുമുണ്ടാകും. എറണാകുളത്തുനിന്നുള്ള പ്രതിനിധിയാണ് ഡൊമിനിക് പ്രസന്റേഷൻ.
ഘടകകക്ഷികളുടെ ഒന്നു വീതം പ്രതിനിധികളെയും സമിതിയിൽ ഉൾപ്പെടുത്തും. സമിതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. എക്സൈസ് വകുപ്പ് തയാറാക്കിയ മദ്യനയം സംബന്ധിച്ച കരട് റിപ്പോർട്ട് യുഡിഎഫ് ഉപസമിതി ചേർന്നാകും അന്തിമമാക്കുക.
യുഡിഎഫ് ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സർക്കാരിന്റെ മദ്യനയം മന്ത്രിസഭ ചർച്ച ചെയ്യുക. മദ്യനയം മന്ത്രിസഭയിലേക്കു വരുന്നതിനു മുന്പ് യുഡിഎഫ് ഉപസമിതി പഠിച്ചു റിപ്പോർട്ട് തയാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. മദ്യനയം തയാറാക്കാനുള്ള യുഡിഎഫ് ഉപസമിതിയെ നിശ്ചയിക്കാൻ കെപിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരുന്നു.
നിലവിൽ എല്ലാ മാസവും ഒന്നാം തീയതിയിലെയും ഗാന്ധിജയന്തി അടക്കമുള്ള വിശേഷ ദിവസങ്ങളിലെയും ഡ്രൈ ഡേ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തിലും യുഡിഎഫ് ഉപസമിതി നടത്തുന്ന ചർച്ചയിലാകും അന്തിമ തീരുമാനമെടുക്കുക.