ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയ്ക്കും അനുബന്ധ സംഘടനകൾക്കും ഘടനാപരമായ പരിഷ്കാരം വേണമെന്ന് ഇന്ത്യ. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് വിദേശകാര്യമന്ത്രി എസ.ജയ്ശങ്കർ ഇക്കാര്യം ഉന്നയിച്ചത്.
യുഎൻ സുരക്ഷാ കൗണ്‍സിൽ ഉൾപ്പെടെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന അനുബന്ധ സംഘടനകൾക്ക് പുതിയ കാലത്തിനനുസരിച്ച മാറ്റങ്ങൾ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
അമേരിക്ക, ചൈന, റഷ്യ, യുകെ, ഫ്രാൻസ് എന്നീ അഞ്ച് സ്ഥിര അംഗങ്ങളുള്ള യുഎൻ സുരക്ഷാ കൗണ്‍സിലിൽ സ്ഥിര അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് അടിവരയിടുന്നതാണ് നിർദേശം.
നിലവിലുള്ള സ്ഥാപനങ്ങൾ ഉണ്ടായപ്പോഴത്തേതിനേക്കാൾ ലോകം ഇന്ന് കൂടുതൽ ബന്ധിപ്പിക്കപ്പെട്ടതാണ്; കൂടുതൽ സങ്കീർണവും ബഹുധ്രുവവുമാണ്. എന്നിട്ടും കാലാനുസൃത മാറ്റം ഉണ്ടായിട്ടില്ല -വിദേശകാര്യമന്ത്രി പറഞ്ഞു.
യുഎൻ സുരക്ഷാസമിതിയുടെ സ്ഥിരവും സ്ഥിരമല്ലാത്തതുമായ അംഗത്വത്തിലും മാറ്റമുണ്ടാകണമെന്ന് ചൂണ്ടിക്കാണിച്ച ജയ്ശങ്കർ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക മേഖലകൾക്ക് പ്രാതിനിധ്യം അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.
യുഎൻ സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരമുള്ള സ്ഥിര അംഗമാകാൻ ബ്രസീൽ, ജർമനി, ഇന്ത്യ, ജപ്പാൻ എന്നിവയുൾപ്പെട്ട ജി4 രാജ്യങ്ങൾ 2005 മുതൽ ശ്രമിച്ചുവരികയാണ്.
ഇവർക്ക് സ്ഥിര അംഗത്വം ലഭിക്കാൻ ജി4 രാജ്യങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നുമുണ്ട്. 1945ൽ രൂപീകൃതമായതിനുശേഷം യുഎൻ സെക്യൂരിറ്റി കൗണ്‍സിൽ ഇന്നുവരേക്കും ഒരേ അധികാരഘടന തന്നെയാണ് പിന്തുടരുന്നത്.
മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച് പരിഷ്കാരം വേണമെന്നാണ് ജി4 രാജ്യങ്ങൾ വാദിക്കുന്നത്. പരിഷ്കാരം വന്നില്ലെങ്കിൽ ഐക്യരാഷ്ട്രസഭയുടെ ഫലപ്രാപ്തിക്കും വിശ്വാസ്യതയ്ക്കും കോട്ടംതട്ടുമെന്നാണ് വാദം.