ലഖ്നൗ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടന്ന അപകീർത്തികരമായ പരാമർശങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായി അപലപിച്ചു. ഒരു പെൺകുട്ടിയെയും ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അസംഘഡിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയാണ് യുപി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കുറ്റക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സൈബർ സെൽ ഇതിനകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"മകൾ മകൾ തന്നെയാണ്. ഗ്രാമത്തിലെ പെൺകുട്ടി എല്ലാവരുടെയും മകളാണ് എന്ന സംസ്കാരത്തിലാണ് നമ്മൾ വളർന്നത്. സ്ത്രീകളെ ഓൺലൈനായോ അല്ലാതെയോ ലക്ഷ്യമിടുന്നത് ശരിയല്ല," അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുൻപ് തന്റെ പാർട്ടി പ്രവർത്തകരെയും അനുയായികളെയും മാന്യമായ ഭാഷ ഉപയോഗിക്കാൻ അഖിലേഷ് യാദവ് പഠിപ്പിക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. "നിങ്ങളുടെ ആളുകളെ നിങ്ങൾ തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. അവർക്കത് മനസ്സിലാകുന്നില്ലെങ്കിൽ ഞങ്ങളെ ഏൽപ്പിക്കൂ, ഞങ്ങൾ അത് അവരെ ശരിയായി പഠിപ്പിച്ചോളാം," അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ ഒൻപതിന് ഒരു സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ അഖിലേഷ് യാദവിന്റെ മകൾ അദിതി യാദവിനെതിരെ വ്യാജവും അപകീർത്തികരവുമായ പോസ്റ്റുകൾ പ്രചരിക്കുകയായിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചും ക്രിമിനൽ പശ്ചാത്തലം ആരോപിച്ചുമാണ് ആക്രമണം നടന്നത്. ഭാരത് കുമാർ പട്ടേൽ, നാഗേശ്വർ സിംഗ് ബാഗേൽ, വിനോദ് കുമാർ യാദവ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സമാജ്വാദി പാർട്ടിയുടെ ഔദ്യോഗിക പരാതിയെത്തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ കർശനമാക്കിയത്.