ടെഹ്റൻ: തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ വാർത്താ ചാനൽ.
"ഇന്ന് രാവിലെ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താൻ സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോഹ്ഗിലുയെയിലെയും ബോയർ-അഹ്മദ് പ്രവിശ്യയിലെയും പ്രിയപ്പെട്ടവരും ബഹുമാന്യരുമായ ജനങ്ങളേ, ശത്രു പൈലറ്റിനെ ജീവനോടെ പിടികൂടി പോലീസിനും സൈനിക സേനയ്ക്കും കൈമാറുകയാണെങ്കിൽ, നിങ്ങൾക്ക് വിലപ്പെട്ട ഒരു പ്രതിഫലവും ബോണസും ലഭിക്കും.'-എന്നാണ് ചാനൽ അവതാരകൻ വായിച്ചത്.
15,500 ചതുരശ്ര കിലോമീറ്ററിലധികംവ്യാപിച്ചുകിടക്കുന്ന പർവതപ്രദേശമാണ് കോഗിലുയെ, ബോയർ-അഹ്മദ് പ്രവിശ്യകൾ. അയൽപ്രവശ്യകളായ ചഹാർമഹൽ, ബക്തിയാരി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്താനും ഇറാനിയൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വിമാനം തകർന്നുവീണ ഉടൻതന്നെ പൈലറ്റിനെ പിടികൂടാൻ ജനങ്ങൾ കാറുകളിൽ സ്ഥലത്തേക്ക് പോയിരുന്നു. എന്നാൽ, പൈലറ്റിനോട് മോശമായി പെരുമാറാൻ ആരെയും അനുവദിക്കരുതെന്ന് ഇറാൻസേന പൊതുജനങ്ങളോട് അഭ്യർഥിച്ചു.