ടെഹ്റാൻ: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ യുദ്ധം പശ്ചിമേഷ്യക്കു പുറത്തേക്കു വ്യാപിപ്പിക്കുമെന്ന് ഇറാൻ.
ഇറാനിൽ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനം അന്തിമ നിമിഷത്തിൽ റദ്ദാക്കുകയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
നയതന്ത്രത്തിനു കൂടുതൽ സമയം നല്കാനാണ് ആക്രമണം ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, അടുത്ത തവണ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുമെന്നാണ് ഇറാനിലെ വിപ്ലവഗാർഡ് മറുപടി നല്കിയത്.
ഇറാൻ-യുഎസ് വെടിനിർത്തൽ നിലവിൽ വന്നിട്ട് ആറാഴ്ച ആയെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കു ഫലമുണ്ടാകുന്നില്ല. മുൻ ആക്രമണത്തിനു നഷ്ടപരിഹാരം നല്കണം എന്നതടക്കമുള്ള നിർദേശങ്ങൾ ഇറാൻ കഴിഞ്ഞദിവസം അമേരിക്കയ്ക്കു വീണ്ടും കൈമാറിയിട്ടുണ്ട്.
മുന്പു സമർപ്പിച്ച നിർദേശങ്ങളിൽനിന്നു കാര്യമായ വിട്ടുവീഴ്ചകൾക്ക് ഇറാൻ തയാറായിട്ടില്ല. ഇത്തരം നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ട്രംപ് മുന്പു വ്യക്തമാക്കിയിട്ടുണ്ട്.