വാഷിംഗ്ടൺ ഡിസി: പതിറ്റാണ്ടുകൾ പഴക്കമുള്ള ടെലികോം ശൃംഖല നവീകരിക്കുന്നതിനിടെയുണ്ടായ സാങ്കേതിക പിഴവാണ് 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്ക നേരിട്ട ഏറ്റവും ദൈർഘ്യമേറിയ വ്യോമഗതാഗത സ്തംഭനത്തിനു വഴിവച്ചത്.
എയർ ട്രാഫിക് കൺട്രോളർമാരും പൈലറ്റുമാരും തമ്മിൽ ആശയവിനിമയം നടത്തുന്ന നിർണായക സംവിധാനത്തിലെ പഴയ ചെമ്പ് വയറുകൾ മാറ്റി ഫൈബർ ലൈനുകൾ സ്ഥാപിക്കുന്നതിനിടെ വെള്ളിയാഴ്ചയാണു പ്രശ്നമുണ്ടായതെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി.
നാലു മണിക്കൂറിലധികം നേരം വിമാനങ്ങൾ നിലത്തിറക്കിയതോടെ ആയിരക്കണക്കിനു സർവീസുകളെയും ലക്ഷക്കണക്കിന് യാത്രക്കാരെയും ഇതു ബാധിച്ചു. സംഭവത്തിനുപിന്നിൽ സൈബർ ആക്രമണത്തിന്റെ സൂചനകളൊന്നുമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സർക്കാർ കരാറുകാരായ ‘എൽ3ഹാരിസ്’ ഏവിയേഷൻ ടെലികോം ശൃംഖല നവീകരിക്കുന്ന ജോലികൾ നടത്തിവരികയായിരുന്നു. യുഎസിലെ ഒരു വിദൂരകേന്ദ്രത്തിൽ ചെമ്പ് ലൈനുകൾ മാറ്റി ഫൈബർ സ്ഥാപിക്കുന്നതിനിടെ കമ്പനി ഒരു പുതിയ റൂട്ടർ ഘടിപ്പിച്ചു.
ഈ റൂട്ടർ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ മറ്റു റൂട്ടറുകളിലേക്ക് ഓരോ നാലോ അഞ്ചോ സെക്കൻഡിലും ആയിരത്തോളം കണക്ഷൻ ശ്രമങ്ങൾ അയച്ചുകൊണ്ട് ശൃംഖലയിൽ അമിതഭാരമുണ്ടാക്കി. ഇതോടെ രാജ്യത്തെ 22 എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളിൽ 17 എണ്ണത്തിലും ശബ്ദ, ഗ്രൗണ്ട് ആശയവിനിമയ സംവിധാനങ്ങളിൽ അസ്ഥിരത അനുഭവപ്പെട്ടതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അഡ്മിനിസ്ട്രേറ്റർ ബ്രയാൻ ബെഡ്ഫോർഡ് അറിയിച്ചു.
സിസ്റ്റം പൂർണമായും നവീകരിക്കേണ്ടതുണ്ടെന്നും ഇതിനായി 50 ബില്യൺ ഡോളർ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. തകരാറിനുപിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണോ അതോ ഉപകരണത്തിന്റെ തകരാറാണോയെന്നു പരിശോധിക്കുമെന്നും പകൽസമയങ്ങളിൽ ഇത്തരം നവീകരണ പ്രവർത്തനങ്ങൾ അനുവദിക്കുന്നത് പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറ്റകുറ്റപ്പണികളുടെ വിവരങ്ങൾ കടലാസിൽ എഴുതി സൂക്ഷിക്കുന്ന രീതിയായതിനാൽ പ്രശ്നം എവിടെയാണെന്നു കണ്ടെത്താൻ വ്യോമയാന അഥോറിറ്റിക്ക് 45 മിനിറ്റോളം സമയമെടുത്തു. ആരൊക്കെയാണ് ഏതൊക്കെ ജോലികൾ ചെയ്യുന്നതെന്ന് അറിയാൻ രേഖകൾ ഓരോന്നായി പരിശോധിക്കേണ്ടിവന്നുവെന്ന് ബെഡ്ഫോർഡ് സമ്മതിച്ചു. കാരണം കണ്ടെത്തുന്നതിനുള്ള മുൻകരുതലെന്ന നിലയിലാണ് മുഴുവൻ വിമാനങ്ങളും നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
യുഎസ് വ്യോമയാന സംവിധാനത്തെ ‘പൊളിച്ചുമാറ്റാറായ ഒരു വീടിനോടാണ്’ വ്യോമയാന വിശകലന വിദഗ്ധൻ മൈൽസ് ഒബ്രിയൻ ഉപമിച്ചത്. എഫ്എഎയുടെ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും യാത്രക്കാർക്കും വിമാനക്കമ്പനികൾക്കുമുണ്ടായ ബുദ്ധിമുട്ടുകൾ ഗൗരവമായി കാണുന്നുവെന്നും എൽ3ഹാരിസ് പ്രസ്താവനയിൽ അറിയിച്ചു.