ടെഹ്റാൻ: ഇറാനുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കൻ യുദ്ധവിമാനം ഇറാനിൽ തകർന്നുവീണു. വിമാനത്തിൽ നിന്ന് സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ട പൈലറ്റ് തെക്കുപടിഞ്ഞാറൻ ഇറാനിലെ പർവ്വതപ്രദേശത്ത് വീണതായാണ് വിവരം. പൈലറ്റിനെ കണ്ടെത്താനായി ഇറാൻ സൈന്യവും അമേരിക്കൻ ഹെലികോപ്റ്ററുകളും തിരച്ചിൽ തുടരുകയാണ്.
ഇറാനിലെ കോഹ്കിലുയേ ആൻഡ് ബോയർ-അഹമ്മദ് പ്രവിശ്യയിലാണ് വിമാനം തകർന്നത്. തങ്ങൾ ഒരു അമേരിക്കൻ എഫ്-35 വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും, തകർന്ന അവശിഷ്ടങ്ങൾ എഫ്-15ഇ വിമാനത്തിന്റേതാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. പൈലറ്റ് ഇജക്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റിനെ പിടികൂടി സുരക്ഷിതമായി പോലീസിന് കൈമാറുന്നവർക്ക് വലിയ പ്രതിഫലം നൽകുമെന്ന് ഇറാൻ പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പൈലറ്റിനെ കണ്ടെത്താൻ അമേരിക്കൻ ഹെലികോപ്റ്ററുകൾ ഇറാൻ അതിർത്തിക്കുള്ളിൽ കടന്ന് തിരച്ചിൽ നടത്തുന്നതായും സൂചനയുണ്ട്. പൈലറ്റിനെ കണ്ടെത്തിയാൽ ഉപദ്രവിക്കരുതെന്നും ജീവനോടെ പോലീസിന് കൈമാറണമെന്നും ഇറാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഏറ്റവും നിർണായകമായ സംഭവമാണിത്. പൈലറ്റ് ഇറാൻ സൈന്യത്തിന്റെ പിടിയിലായാൽ അത് മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാനും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും കാരണമാകും.