വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിലേക്കു മൂന്നാമതൊരു വിമാനവാഹിനിയെയും പതിനായിരത്തോളം സൈനികരെയും അമേരിക്ക അയയ്ക്കുന്നു.
നവംബ ർ മൂന്നിലെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ ഇറാനെതിരേ അതിശക്തമായ ആക്രമണം നടത്തുമെന്നു ട്രംപ് മുന്നറിയിപ്പു നല്കിയതിനു പിന്നാലെയാണ് ഈ സംഭവവികാസം.
യുഎസ്എസ് തിയഡോർ റൂസ്വെൽറ്റ് എന്ന വിമാനവാഹിനിയാണു പശ്ചിമേഷ്യയിലെത്തുക. ഇതൊടൊപ്പം അനുബന്ധ യുദ്ധക്കപ്പലുകളുണ്ടാകും. മറീനുകളും നാവികരും അടക്കം 9000- 10000 സൈനികരും വിന്യസിക്കപ്പെടും.
അണുശക്തിയിൽ പ്രവർത്തിക്കുന്ന തിയഡോർ റൂസ്വെൽറ്റിൽ തൊണ്ണൂറോളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ട്. അമേരിക്കയിലെ സാൻ ഡിയേഗോയിൽനിന്നു പുറപ്പെട്ട ഈ കപ്പൽ നവംബർ അവസാനത്തോടെ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണു റിപ്പോർട്ട്.
ഇറാനെതിരായ സൈനിക നടപടികൾക്കായി യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് ജോർജ് വാഷിംഗ്ടൺ എന്നീ രണ്ടു വിമാനവാഹിനികൾ നിലവിൽ പശ്ചിമേഷ്യയിലുണ്ട്. 2003നു ശേഷം ആദ്യമായിട്ടാണ് മൂന്ന് അമേരിക്കൻ വിമാനവാഹിനികൾ പശ്ചിമേഷ്യയിലെത്തുന്നത്.
ഇതിനിടെ, അമേരിക്ക ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ കഴിഞ്ഞ ദിവസവും മുന്നറിയിപ്പു നല്കിയിരുന്നു. ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിനിടെ ഇറാൻ അമേരിക്കയ്ക്കു കൈമാറിയ വെടിനിർത്തൽ പദ്ധതി ട്രംപ് തള്ളിയിരുന്നു.