മുംബൈ: സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളിൽ ഉയർന്ന ഇന്നലെ ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റത്തോടെ വ്യാപാരം പൂർത്തിയാക്കി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്താതെ നിലനിർത്തിയതും ഇന്ത്യ ഓഹരികൾ വിദേശനിക്ഷേപകരുടെ വാങ്ങലുമാണ് നിക്ഷേപരെ സ്വാധീനിച്ചത്.
സെൻസെക്സ് 900 പോയിന്റുകൾക്കു മുകളിൽ ഉയർന്ന് 74,151ലും നിഫ്റ്റി 238 പോയിന്റ് നേട്ടത്തോടെ 22,936ലും വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളിലും നേട്ടം പ്രകടമായി.
നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിനടുത്തായി ഉയർന്നു. വിപണിയിലുണ്ടായ ഉയർച്ച ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം അഞ്ചു ലക്ഷം കോടി രൂപയെത്തിച്ചു. ഇതോടെ ആകെ വിപണിമൂല്യം 477 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.
മേഖലാ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി റിയൽറ്റി എന്നിവ രണ്ടു ശതമാനത്തിനു മുകളിലെത്തി. നിഫ്റ്റി ഐടി, മീഡിയ, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനത്തിനു മുകളിലുയർന്നു. നിഫ്റ്റി ഓട്ടോ ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. എൻഎസ്ഇയിൽ 2196 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1387 എണ്ണം നഷ്ടത്തിലായി. 110 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയുടെ നേട്ടത്തിനുള്ള കാരണങ്ങൾ
1. പലിശയിൽ മാറ്റം വരുത്താതെ ഫെഡറൽ റിസർവ്: ഉയർന്ന പണപ്പെരുപ്പം തുടരുന്നതിനിടയിലും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 3.9 ശതമാനമായി നിലനിർത്തി.
2. എൽടിസിജി നികുതി കുറയ്ക്കുമെന്ന പ്രതീക്ഷകൾ: ദീർഘകാല മൂലധന നേട്ട നികുതിയെക്കുറിച്ചും (എൽടിസിജി) സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സിനെക്കുറിച്ചും (എസ്ടിടി) ചർച്ചകൾ നടന്നുവരികയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയുടെ ദീർഘകാല മൂലധന നേട്ട നികുതിയിൽ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷകൾ വർധിച്ചിട്ടുണ്ട്.
3. വിദേശ നിക്ഷേപകരുടെ വാങ്ങൽ: വിദേശ നിക്ഷേപകർ ബുധനാഴ്ച ഏകദേശം 872 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതിലൂടെ തുടർച്ചയായ രണ്ടാം ദിവസവും ഇവർ വാങ്ങലുകാരായെത്തി. എന്നാൽ, ഈ മാസം ഇതുവരെ 3.74 ബില്യണ്‍ ഡോളർ മൂല്യമുള്ള ഓഹരികൾ ഇവർ വിറ്റഴിച്ചിട്ടുണ്ട്.