വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി ഒൻപതിന് (ഇന്ത്യൻ സമയം വെള്ളി രാവിലെ 6.30) രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ട്രൂത്ത് സോഷ്യൽ നെറ്റ്വർക്കിലൂടെയാണ് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
രാജ്യത്തെ അഭിസംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിവരങ്ങൾ നൽകാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല. എന്നാൽ, ഇറാനെതിരെയുള്ള യുഎസ് നാവികസേനയുടെ ഉപരോധം പുനഃസ്ഥാപിക്കുമെന്നും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് അമേരിക്ക ഇരുപതു ശതമാനം ഫീസ് ഈടാക്കുമെന്നും പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ അറിയിപ്പ്.
നേരത്തെ, യുഎസ്-ഇസ്രയേൽ സൈനികനീക്കം തുടങ്ങി ഒരു മാസത്തിനു ശേഷം, ഏപ്രിൽ ഒന്നിനാണ് ട്രംപ് അവസാനമായി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇറാൻ യുദ്ധത്തിന് അനുകൂലമായ ന്യായീകരണങ്ങൾ നിരത്തിയായിരുന്നു അന്നു വൈറ്റ് ഹൗസിൽനിന്നുള്ള അദ്ദേഹത്തിന്റെ പ്രസംഗം. എന്നാൽ, യുദ്ധത്തെത്തുടർന്ന് എണ്ണവില കുതിച്ചുയരുകയും ട്രംപിന്റെ ജനപ്രീതിയിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള അദ്ദേഹത്തിന്റെ പുതിയ തീരുമാനം ഏറെ പ്രാധാന്യത്തോടെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.