ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് എതിരായ 12 വർഷ ദൗത്യത്തിന് അവസാനംകുറിച്ച് അമേരിക്കൻ സേന ഇറാക്കിൽനിന്നു പൂർണമായി പിൻവാങ്ങി.
ബുധനാഴ്ച വടക്കൻ ഇറാക്കിൽ കുർദ് മേഖലയായ ഇർബിലിലെ താവളത്തിൽനിന്ന് അവസാന സൈനികനും മടങ്ങിയതായി അമേരിക്കൻ സേന അറിയിച്ചു.
താവളം കൈമാറുന്ന ചടങ്ങിന് ഇറാക്കി പ്രധാനമന്ത്രി അലി അൽ സെയ്ദി അധ്യക്ഷനായിരുന്നു. അമേരിക്കൻ പിന്മാറ്റത്തെ ഇറാനും ഇറാക്കിലെ ഇറാൻ അനുകൂലികളും ആഘോഷിച്ചു.
സദ്ദാം ഹുസൈനെ താഴെയിറക്കാനായി 2003ൽ ഇറാക്കിൽ അധിനിവേശം നടത്തിയ അമേരിക്കൻ സേന 2011ൽ പിന്മാറിയതാണ്. എന്നാൽ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പടയോട്ടം തടയാൻ പറ്റാത്ത സാഹചര്യത്തിൽ ഇറാക്കി നേതാക്കൾ അമേരിക്കൻ സേനയെ വീണ്ടും വിളിച്ചുവരുത്തി.
ഭീകരർ സ്ലീപ്പർ സെല്ലുകളിൽ ഒതുങ്ങിയപ്പോൾ ദൗത്യം അവസാനിപ്പിക്കാൻ ഇറാക്കും അമേരിക്കയും 2024ൽ തീരുമാനിച്ചു. ഭൂരിഭാഗം അമേരിക്കൻ സേനയും കഴിഞ്ഞവർഷം ഇറാക്കിൽനിന്നു മടങ്ങിയിരുന്നു.