ഇന്ത്യയിലെ ലളിതമായ രക്തപരിശോധനാ സൗകര്യം കണ്ട് അത്ഭുതം പങ്കുവെച്ചിരിക്കുകയാണ് മുംബൈയിൽ താമസിക്കുന്ന ലിസ് എന്ന അമേരിക്കൻ കണ്ടന്റ് ക്രിയേറ്റർ.
രക്തപരിശോധനയ്ക്കായി ലാബിലേക്ക് പോകാൻ തയ്യാറെടുത്ത ലിസിനോട് ജീവനക്കാർ വീട്ടിലെത്തി സാമ്പിൾ ശേഖരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
അധിക നിരക്കുകളൊന്നുമില്ലാതെ, ആശുപത്രികളിൽ പോയി കാത്തുനിൽക്കാതെ വെറും രണ്ട് മിനിറ്റിനുള്ളിൽ വീട്ടിലിരുന്ന് തന്നെ ഈ സേവനം പൂർത്തിയായത് തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ലിസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
അമേരിക്കയിലേതിനേക്കാൾ പത്തിലൊന്ന് കുറഞ്ഞ ചിലവിലാണ് യാതൊരു സർവീസ് ചാർജുമില്ലാതെ ഈ ഡോർസ്റ്റെപ്പ് സേവനം ലഭ്യമായതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യക്കാർക്ക് തികച്ചും സാധാരണമായ ഈ സൗകര്യം വിദേശ രാജ്യങ്ങളിലുള്ളവർക്ക് എത്ര വലിയ ആശ്വാസമാണെന്ന് ഓർമ്മിപ്പിക്കുന്ന ലിസിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
വിദേശരാജ്യങ്ങളിൽ ഡോക്ടറെ കാണാൻ പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ ഇന്ത്യയിലെ ആരോഗ്യരംഗം ഏറെ മുന്നിലാണെന്നാണ് വീഡിയോയ്ക്ക് താഴെ പലരും അഭിപ്രായപ്പെടുന്നത്.