തിരുവനന്തപുരം: ഇനിമുതൽ ഊബർ യാത്രകളിലും ഫ്ലിപ് കാർട്ട് സൂപ്പർ കോയിനുകൾ നേടാം. രാജ്യത്തെ മുൻനിര ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് പ്രമുഖ യാത്രാ സേവന ദാതാക്കളായ ഊബറുമായി ചേർന്നുള്ള സഹകരണത്തിന് തുടക്കമിട്ടതോടെയാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്.
ഉപഭോക്താക്കൾക്ക് അവരുടെ ഫ്ലിപ്കാർട്ട്, ഊബർ അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ഓരോ ഊബർ യാത്രയ്ക്കും യാത്രാക്കൂലിയുടെ നാലു ശതമാനം സൂപ്പർ കോയിനുകളായി തിരികെ ലഭിക്കും. ഒരു യാത്രയിൽ പരമാവധി 150 സൂപ്പർ കോയിനുകൾ വരെ ലഭിക്കും.
എന്നാൽ ഒരാൾക്ക് ആകെ നേടാവുന്ന പോയിന്റുകൾക്കു പരിധിയില്ല. ലഭിക്കുന്ന സൂപ്പർ കോയിനുകൾ ഉപയോക്താവിന്റെ ഫ്ലിപ്കാർട്ട് അക്കൗണ്ടിലേക്കു നേരിട്ട് എത്തും. ഇങ്ങനെ ലഭിക്കുന്ന കോയിനുകൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിൽ മാത്രമല്ല, ഫ്ലിപ്കാർട്ട് മിനിറ്റ്സ് ക്ലിയർ ട്രിപ്പ് എന്നിവിടങ്ങളിലും മറ്റ് പങ്കാളിത്ത ബ്രാൻഡുകളിലും ഷോപ്പിംഗിനായി ഉപയോഗിക്കാം.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി പരിമിതകാല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി ഊബർ ഉപയോഗിക്കുന്നവർക്കും കഴിഞ്ഞ 84 ദിവസമായി ഊബർ ആപ്പ് ഉപയോഗിക്കാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും.
ഫ്ലിപ്കാർട്ട് ഊബർ അക്കൗണ്ടുകൾ ബന്ധിപ്പിച്ച് 28 ദിവസത്തിനുള്ളിൽ ആദ്യ യാത്ര പൂർത്തിയാക്കിയാൽ 150 ബോണസ് സൂപ്പർ കോയിനുകൾ സ്വന്തമാക്കാം. ഈ മാസം 15നും 30നുമിടയിൽ അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്നവർക്ക് പ്രത്യേക ഓഫർ ലഭ്യമാണ്. ഇവർ 28 ദിവസത്തിനുള്ളിൽ ആദ്യ യാത്ര പൂർത്തിയാക്കുകയാണെങ്കിൽ അധികമായി 50 ബോണസ് സൂപ്പർ കോയിനുകൾ കൂടി ലഭിക്കും.