നടി തൃഷ കൃഷ്ണനെതിരെ പൊതുവേദിയിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ.
തൃഷയോട് ഉപാധികളില്ലാതെ ഉദയനിധി പരസ്യമായി മാപ്പ് പറയണമെന്നും തൃഷ ആവശ്യപ്പെട്ടു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടന്ന് പ്രതിഷേധ യോഗത്തിനിടയിലാണ് വിവാദ സംഭവം നടന്നത്.
പ്രസംഗത്തിനിടെ സദസിൽ നിന്ന് തൃഷയുടെ പേര് ഉയർന്നു കേട്ടപ്പോൾ ഉദയനിധി ദ്വയാർഥത്തിൽ സംസാരിക്കുകയും സദസിലുണ്ടായിരുന്ന അണികൾ ഇത് കണ്ട് കൈയടിക്കുകയും ചിരിക്കുകയും ചെയ്യുകയായിരുന്നു.
ഖുഷ്ബുവിന്റെ കുറിപ്പ്
‘‘ഉദയനിധി സ്റ്റാലിന്റെ പ്രസംഗം ഞാൻ കേട്ടു. അത് ക്രൂരവും വിലകുറഞ്ഞതും അങ്ങേയറ്റം അപകീർത്തികരവുമായിരുന്നു; താൻ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണത്.
ഇത്തരം ചിന്താഗതിയുള്ളവർ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാനും എന്നെങ്കിലും ഒരു സംസ്ഥാനം ഭരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവമേ നമ്മെ രക്ഷിക്കൂ. സ്ത്രീകളെ അധിക്ഷേപിക്കുന്നതും അധഃപതിപ്പിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, തങ്ങളുടെ അന്ധരായ അനുയായികളുടെ കൈയടിയും വിസിലടിയും ചിരിയും കണ്ടു രസിക്കുന്നവരിൽ നിന്ന് വേറെന്താണ് പ്രതീക്ഷിക്കേണ്ടത്? എന്നേക്കാൾ നന്നായി ഇക്കാര്യം വേറെ ആർക്കാണ് അറിയുക?
ഇത്തരം ഭാഷകളെ സ്വാഭാവികവൽക്കരിക്കുന്നവർ ഒരു കാര്യം ഓർക്കണം; സ്ത്രീകളുടെ ആത്മാഭിമാനം രാഷ്ട്രീയത്തിന്റെ ഇരയായാൽ, നിങ്ങളുടെ സ്വന്തം കുടുംബം ഉൾപ്പെടെയുള്ള ഒരു കുടുംബവും ഇതിൽ നിന്ന് ഒഴിവാകില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾ എന്തുതന്നെയായാലും, പൊതുചർച്ചകൾക്ക് അതിർവരമ്പുകൾ ഉണ്ടായിരിക്കണം. സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരാണ്, അല്ലാതെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിക്കാനുള്ള കരുക്കളല്ല.
നിങ്ങളുടെ രാഷ്ട്രീയ എതിരാളിയുടെ പ്രകടനത്തോടും കാഴ്ചപ്പാടിനോടും നേതൃത്വത്തോടും ഒപ്പമെത്താൻ കഴിയില്ലെന്ന് മനസ്സിലാകുമ്പോൾ, വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലതയും ഏറ്റവും എളുപ്പമുള്ള വഴിത്താരയായി മാറുന്നു.
ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന്റെ പിതാവ് എം. കെ. സ്റ്റാലിനും വർഷങ്ങളായി ഇത്തരം നിരവധി വിവാദങ്ങൾ നേരിട്ടിട്ടുണ്ട്, എന്നാൽ അത് ഒരിക്കലും പൊതുജീവിതത്തിന്റെ മാനദണ്ഡമാകരുത്.
ഒരു പൊതുവേദിയിൽ വച്ച് തൃഷയെ അപമാനിച്ചതിന് പ്രതിപക്ഷ നേതാവ് അവരോട് നിബന്ധനകളില്ലാതെ പരസ്യമായി മാപ്പ് പറയേണ്ടതുണ്ട്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ഏറ്റുപറയാനും മാപ്പ് ചോദിക്കാനുമുള്ള ധൈര്യവും മാന്യതയും അദ്ദേഹത്തിനുണ്ടോ എന്ന് നമുക്ക് കാണാം.