സെന്റ് പീറ്റേഴ്സ്ബെർഗ്: റഷ്യൻ സാംസ്കാരിക തലസ്ഥാനമായ സെന്റ് പീറ്റേഴ്സ്ബെർഗ് നഗരത്തിൽ ഉഗ്ര ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. പ്രസിഡന്റ് പുടിന്റെ അഭിമാന സാന്പത്തിക ഉച്ചകോടി നടന്ന നഗരത്തിലുണ്ടായ ആക്രമണം റഷ്യയെ ഞെട്ടിച്ചു. മുന്പു കണ്ടിട്ടില്ലാത്ത വിധമുള്ള ആക്രമണമാണ് യുക്രെയ്ൻ നടത്തിയതെന്ന് റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
നഗരം ഉൾപ്പെടുന്ന ലെനിൻഗ്രാഡ് പ്രവിശ്യയിലിൽ 140 ഡ്രോണുകളെ വെടിവച്ചിട്ടതായി പ്രവിശ്യാ ഗവർണർ അലക്സാണ്ടർ ഡ്രോസ്ഡെങ്കോ അറിയിച്ചു. നഗരത്തിലെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് സെന്റ് പീറ്റേഴ്സ്ബെർഗ് മേയർ അലക്സാണ്ടർ ബെഗ്ലോവ് നിർദേശിച്ചു. നാലു വർഷം പിന്നിട്ട യുദ്ധത്തിനിടെ ഒരു റഷ്യൻ നഗരത്തിൽ ഇത്തരമൊരു നിയന്ത്രണം ആദ്യമാണ്.
ഒരു സൈനിക താവളത്തിൽ തീപിടിത്തമുണ്ടായെന്നും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായെന്നും ഗവർണർ പറഞ്ഞു. എന്നാൽ എവിടെയാണെന്ന് വ്യക്തമാക്കിയില്ല.
റഷ്യൻ സേനയുടെ നാവിക കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ആയിരം കിലോമീറ്റർ അകലെനിന്നാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് പുടിൻ പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ആക്രമണമുണ്ടായത്. സെന്റ് പീറ്റേഴ്സ് ബർഗിലെ സാന്പത്തിക ഉച്ചകോടിയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്. ഇന്നലെ അവസാനിച്ച ഉച്ചകോടിയിൽ 130 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. വർഷങ്ങൾക്കുശേഷം ആദ്യമായി യുഎസിൽനിന്നും നാമമാത്ര പ്രതിനിധി സംഘമെത്തി.