ചങ്ങനാശേരി: ലോഡ് ഷെഡിംഗ് എന്ന പേരുപറയാന്‍ വൈദ്യുതി മന്ത്രി വൈമനസ്യപ്പെടുമ്പോള് രാത്രികാലങ്ങളില്‍ ജില്ലയിൽ പലയിടത്തും മൂന്നുതവണവരെ അപ്രഖ്യാപിത പവര്‍കട്ടെന്ന് ഉപയോക്താക്കള്‍. പതിനഞ്ച്, ഇരുപത് മിനിറ്റുകള്വീതമാണ് രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാറിമാറി വൈദ്യുതി നിലയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് സമ്മതിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി ഇന്നലെയും ആവര്‍ത്തിച്ചത്.
ഉഷ്ണത രംഗത്തെ തുടര്‍ന്ന് ആളുകള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗം നടത്തുന്ന രാത്രി പത്തിനും 12.30നുമിടയിലാണ് കുറച്ചുദിവസങ്ങളായി വൈദ്യുതി നിശ്ചലമാകുന്നത്. ഫാനുകളും എസിയും വ്യാപകമായി പ്രവര്‍ത്തിക്കുന്ന സമയമാണിത്. ഫാനുകളും മറ്റും ഓഫായി ചൂടിൽ പൊള്ളി ആളുകള്‍ ഉണരുമ്പോഴാണ് വൈദ്യുതി നിലച്ചതാണെന്നറിയുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി ഇങ്ങനെ വൈദ്യുതി ബന്ധം നിലയ്ക്കുന്നുണ്ടെന്ന് കെഎസ്ഇബി ജീവനക്കാരും സമ്മതിക്കുന്നുണ്ട്.
ദിനംപ്രതി 6033 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള സംവിധാനമേ സംസ്ഥാനത്തുള്ളൂ. കഴിഞ്ഞദിവസങ്ങളില്‍ ഉപഭോഗം 6195 വരെ എത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഇതിനാല്‍ ലോഡ് കൂടുന്ന സ്ഥലങ്ങളിലെ ഫീഡറുകള്‍ ഓട്ടോമാറ്റിക്കായി ഓഫാകുന്നതിനുള്ള ക്രമീകരണം കളമശേരിയിലെ വൈദ്യുതി വിതരണ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതായാണ് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്രകാരം കളമശേരിയില്നിന്നുതന്നെ കേരളത്തിലെ ഓരോ ഫീഡറും പത്ത്, പതിനഞ്ച് മിനിറ്റുവീതം ഓഫാകും. മന്ത്രിയുടെ ഭാഷയില്‍ ഇത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് അല്ല. മറിച്ച് സ്വാഭാവിക നിയന്ത്രണം മാത്രം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് ലോഡ് ഷെഡിംഗും പവര്കട്ടുമില്ലായിരുന്നു എന്നു വരുത്തിത്തീര്‍ക്കാനാണ് വൈദ്യുതി രംഗത്ത് സ്വാഭാവിക നിയന്ത്രണം എന്ന പദപ്രയോഗമെന്നാണ് കെഎസ്ഇബിയിലെ യുഡിഎഫ് അനുകൂല സംഘടനകള്‍ അഭിപ്രായപ്പെടുന്നത്.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്ന അവസ്ഥയിലാണെന്നും ഇങ്ങനെപോയാല്‍ പവര്‍കട്ട് അനിവാര്യമാകുമെന്നും വൈദ്യുതി വകുപ്പ് ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്.