ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ഭേദഗതി ബില്ലും പാസാക്കാന്‍ സഹകരിക്കില്ലെന്നു പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ ഇരുബില്ലുകളും പാസാക്കാനായി 17ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാനുള്ള കേന്ദ്രനീക്കം അനിശ്ചിതത്വത്തിലായി.
മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ഭേദഗതിയും പാസാക്കാന്‍ സഹകരിക്കണമെന്ന് രാഹുല്‍ ഗാന്ധിയെ കണ്ടു പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അഭ്യര്‍ഥിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. വിവാദ എഫ്സിആര്‍എ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും പാസാക്കാന്‍ അനുവദിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളില്‍നിന്നു എംപിമാരെ കൂറുമാറ്റുകയും ഇന്ത്യാസഖ്യം വിട്ട ഡിഎംകെയുടെ പിന്തുണ നേടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴും ഭരണഘടനാഭേദഗതികള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷ പിന്തുണ ലോക്സഭയില്‍ ഭരണപക്ഷത്തിനില്ല. 13നാണ് നിലവിലെ സമ്മേളനം സമാപിക്കുക.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടാ യ പോലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്കെതിരേയും പാര്‍ലമെന്റില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയും സ്തംഭനം തുടരുകയാണ്. പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയിലും രാജ്യസഭയിലും ഇന്നലെ ഉച്ചകഴിഞ്ഞ് ഓരോ ബില്ലുകള്‍ ചര്‍ച്ചകൂടാതെ ഗില്ലറ്റിന് ചെയ്തു മിനിറ്റുകള്‍ കൊണ്ടു പാസാക്കി.
ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ബില്‍, 2026 ആണ് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ബാങ്കുകളുടെ രേഖകളുമായി (ബാങ്കേഴ്സ് ബുക്സ്) ബന്ധപ്പെട്ട തെളിവുനിയമങ്ങളെ ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് രീതികളുമായി യോജിപ്പിക്കുന്നതാണു നിയമമെന്ന് ബിൽ അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
രാവിലെ സഭ സമ്മേളിച്ചതുമുതല്‍ അമിത് ഷാ എവിടെയെന്ന ചോദ്യവുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരുസഭകളും പതിവുതെറ്റിക്കാതെ ഉച്ചകഴിഞ്ഞ് രണ്ടുവരെ പിരിഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ മുതിര്‍ന്ന അഭിഭാഷകര്കൂടിയായ കോണ്‍ഗ്രസിലെ വിവേക് തങ്ക, തൃണമൂലിലെ മേനക ഗുരുസ്വാമി എന്നിവരുടെയടക്കം പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും ഏറെനേരം പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായി. ഈ ബില്ല് ലോക്സഭ ചൊവ്വാഴ്ച പാസാക്കിയിരുന്നു.