മുംബൈ: യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും രാജ്യത്തെ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ആർബിഐയുടെ ധനനയ അവലോകന യോഗത്തിലാണ് ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ ‘റിപ്പോ നിരക്ക്’ 5.25 ശതമാനത്തിൽത്തന്നെ നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചത്.
ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായ പ്രതിരോധശേഷി കാണിക്കുന്നുണ്ടെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. നിഷ്പക്ഷ നിലപാടോടെയാണ് ബാങ്ക് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലിശനിരക്കുകൾ
റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് അഞ്ചു ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 5.5 ശതമാനമായും മാറ്റമില്ലാതെ നിലനിർത്തി.
വളർച്ച അനുമാനം കൂട്ടി
നടപ്പ് സാമ്പത്തികവർഷത്തിലെ യഥാർഥ ജിഡിപി വളർച്ചാ അനുമാനം മുന്പ് പ്രവചിച്ച 6.6 ശതമാനത്തിൽനിന്ന് 6.7 ശതമാനമായി ആർബിഐ ഉയർത്തി.
നാണയപ്പെരുപ്പ നിരക്ക് കുറച്ചു
സാമ്പത്തികവർഷത്തെ റീട്ടെയിൽ നാണയപ്പെരുപ്പ നിരക്ക് അനുമാനം 5.1 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചു.
തീരുമാനത്തിനു പിന്നിൽ
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില വർധിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ‘കോർ പണപ്പെരുപ്പം’നിയന്ത്രണവിധേയമാണ്. വളർച്ചയും സാമ്പത്തിക സ്ഥിരതയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് ആർബിഐ ശ്രമിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കുന്നു.
യുഎസ്-ഇറാൻ യുദ്ധവും ക്രൂഡ് വിലയും
ജൂലൈ ആദ്യവാരം മുതൽ ഇറാൻ സംഘർഷം രൂക്ഷമായത് ആഗോള ഊർജ വിപണിയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ചൂണ്ടിക്കാട്ടി.
ക്രൂഡ് ഓയിൽ വിലയിലെ കയറ്റിറക്കങ്ങളും എൽ നിനോ മൂലം ഉണ്ടാകാനിടയുള്ള കാലവർഷത്തിലെ വ്യതിയാനങ്ങളും പണപ്പെരുപ്പത്തിനു ഭീഷണിയാകാൻ സാധ്യതയുണ്ട്. ഭക്ഷണസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം പൊതുവായ പണപ്പെരുപ്പത്തിലേക്ക് നയിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.