കഴക്കൂട്ടം : അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പറത്തി. തുമ്പ വിഎസ്എസ്സി പരിസരത്താണ് അജ്ഞാത ഡ്രോൺ പറന്നത്. ശനിയാഴ്ച വൈകുന്നേരം 6.30-ഓടെ സൗത്ത് തുമ്പ ഹൈപ്പർസോണിക് വിൻഡ് ടണലിനു മുകളിലാണ് ഡ്രോൺ പറന്നതു സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ചിത്തിര നഗർ ഭാഗത്തുനിന്നാണ് ഡ്രോൺ പറന്നതെന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തുടർന്നു സുരക്ഷാ സേന പരിസരപ്രദേശങ്ങളിൽ വിശദമായ തെരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. സർക്കാർ ഉത്തരവ് പ്രകാരം വിഎസ്എസ്സിയും അനുബന്ധ പ്രദേശങ്ങളും പൂർണമായും ഡോൺ നിരോധിത മേഖലയാണ്. മുമ്പും ഈ മേഖലയിൽ സമാനമായ രീതിയിൽ ഡ്രോൺ പറത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിഎസ്എസ്സി ഡ്യൂട്ടി ഓഫിസർ സിജിമോൻ തുമ്പ പൊലിസ് സ്റ്റേഷനിൽ ഔദ്യോഗികമായി മൊഴി നൽകി. സംഭവത്തിൽ തുമ്പ പൊലിസ് അന്വേഷണം ആരംഭിച്ചു.