ബജറ്റ് സമീപനത്തിൽ ചില മാറ്റങ്ങൾക്ക് ഇത്തവണ തുടക്കമിടും. ചില ആനുകാലിക മാറ്റങ്ങൾ സമ്പദ്ഘടനയിലെ കണക്കെടുപ്പിലും ഉണ്ടാകും. ഒപ്പം നിർണായകമായ ചില ധനകാര്യ മാറ്റങ്ങളും സംഭവിക്കും.
സമീപന മാറ്റങ്ങളിൽ പ്രധാനം സർക്കാരിന്റെ കടം കുറയ്ക്കുന്നതിന് കൂടുതൽ ഊന്നൽ നൽകുന്നതാണ്. ഇതുവരെ ധനകമ്മി കുറച്ചുകൊണ്ടുവരുന്നതു പ്രധാന ലക്ഷ്യമായി വച്ചിരുന്നു. ആ ലക്ഷ്യം തുടരും. ഒപ്പം, കടത്തിന്റെ അളവ് എടുത്തു പറഞ്ഞ് അതു ലഘൂകരിക്കുന്ന കാര്യങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശും.
ധനോത്തരവാദ-ബജറ്റ് മാനേജ്മെന്റ് (എഫ്ആർബിഎം)നിയമം 2003 ൽ പാസാക്കിയതാണ്. ഏതാനും വർഷം അതു പാലിച്ചുപോന്നപ്പോൾ 2008-ൽ ആഗോളമാന്ദ്യം വന്നു. നിയമം തത്കാലം മാറ്റിവച്ചു, കൂടുതൽ ചെലവ് ചെയ്തു വളർച്ച ഉറപ്പാക്കി. അങ്ങനെ രാജ്യം മാന്ദ്യത്തെ മറികടന്നു. അതുമൂലമുള്ള വിലക്കയറ്റവും അധികകമ്മിയും കുറച്ചുകൊണ്ടുവന്നപ്പോൾ വീണ്ടും തുടർച്ചയായ പ്രഹരങ്ങളുണ്ടായി. 2016ൽ കറൻസി റദ്ദാക്കലും പിറ്റേ വർഷം ജിഎസ്ടി നടപ്പാക്കലും. അവയുടെ ക്ഷീണം മാറുംമുൻപ് 2020ൽ കോവിഡും. ഫലം? 2020 -21ൽ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി. കേന്ദ്രസർക്കാരിന്റെ കടം ജിഡിപിയുടെ 61.4 ശതമാനത്തിൽ എത്തി. സംസ്ഥാനങ്ങളുടെ കടം കൂടി പെടുത്തിയാൽ 87.7 ശതമാനം.
ധനകാര്യ തിരുത്തൽപാത
ഇങ്ങനെ തുടർന്നുപോകാൻ പറ്റില്ല. പിറ്റേ വർഷം ബജറ്റിൽ നിർമല സീതാരാമൻ ധനകാര്യ തിരുത്തൽപാത പ്രഖ്യാപിച്ചു. 2025- 26 ൽ 4.5 ശതമാനത്തിനു താഴെ ധനകമ്മി എത്തിക്കുമെന്ന്. 2021-22ൽ 6.7 ഉം പിറ്റേ വർഷം 6.4 ഉം 2023 -24ൽ 5.6 ഉം ശതമാനമായി ധനകമ്മി താഴ്ത്തി. 2024-25ൽ കമ്മി 4.8 ശതമാനമായി കുറച്ചു. ഈ വർഷം ലക്ഷ്യം 4.4 ശതമാനം. നികുതിവരുമാനത്തിൽ കുറവുണ്ടെങ്കിലും ഈ ലക്ഷ്യം സാധിക്കും എന്നാണു പ്രതീക്ഷ. അടുത്ത വർഷം 4.2 ശതമാനമായി ലക്ഷ്യം നിശ്ചയിക്കും.
ഈ വർഷങ്ങളിൽ കർശനമായ ചെലവു നിയന്ത്രണത്തിലുടെയാണ് സർക്കാർ ലക്ഷ്യമിട്ട രീതിയിൽ കമ്മി കുറച്ചുപോന്നത്. റവന്യൂ ചെലവ് നാമമാത്രമായേ വർധിപ്പിച്ചുള്ളൂ. കഴിഞ്ഞ അഞ്ചു വർഷം പലിശ ഒഴിവാക്കിയുള്ള റവന്യൂ ചെലവിന്റെ വാർഷിക ശരാശരി വളർച്ച (Compound Annual Growth Rate) 0.6 ശതമാനം മാത്രമായിരുന്നു. റവന്യൂ വരുമാനം 15.9 ഉം മൂലധനച്ചെലവ് 18.7 ഉം വാർഷിക ശരാശരി വളർച്ച കാണിച്ചപ്പോഴാണ് ഈ നാമമാത്ര വളർച്ച. 2024 -25ലെ റവന്യു ചെലവിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ താഴ്ത്തുകയും ചെയ്തു. ഈ സമീപനം വരുന്ന ബജറ്റിലും അതിന്റെ നിർവഹണത്തിലും തുടരും എന്നു കരുതാം.
ധനകാര്യ കമ്മീഷനും ശമ്പള കമ്മീഷനും
ഈ വർഷത്തെ ബജറ്റ് 16-ാം ധനകാര്യ കമ്മീഷൻ ശിപാർശകൾ പ്രകാരമുള്ള വിഭവവിഭജനമാകും സ്വീകരിക്കുക. കഴിഞ്ഞ അഞ്ച് ബജറ്റും 15 -ാം കമ്മീഷന്റെ ശിപാർശയാണു നടപ്പാക്കിയത്. അതനുസരിച്ച് കേന്ദ്രത്തിന്റെ നികുതിവരവിൽ 41 ശതമാനം സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകി. ജമ്മുകാഷ്മീരിന്റെ സംസ്ഥാനപദവി മാറ്റി കേന്ദ്രഭരണ പ്രദേശമാക്കിയതുകൊണ്ടാണ് വിഭജിക്കാനുള്ള വിഹിതം 42ൽനിന്നു 41 ശതമാനമായി കുറച്ചത്. 16-ാം കമ്മീഷന്റെ ശിപാർശകൾ അടുത്ത ദിവസം പരസ്യപ്പെടുത്തും. അത് അഞ്ചു വർഷത്തേക്കു പ്രാബല്യത്തിൽ ഉണ്ടാകും.
ജനസംഖ്യാവളർച്ച കുറയുകയും പുരോഗതിയുടെ പല ഘടകങ്ങളിലും മുന്നിലെത്തുകയും ചെയ്ത കേരളത്തിന് 15-ാം കമ്മീഷൻ 1.925 ശതമാനം നികുതിവിഹിതമാണു ശിപാർശ ചെയ്തത്. മുൻ കമ്മീഷൻ 2.5 ശതമാനം നൽകിയിരുന്നു. ഈ കുറവ് സംസ്ഥാന ബജറ്റിനു വലിയ ക്ഷീണം വരുത്തി. 16-ാം കമ്മീഷൻ കുറേക്കൂടി ഉദാരസമീപനം എടുത്തിരിക്കാമെന്നു കേരളം പ്രതീക്ഷിക്കുന്നുണ്ട്.
കേന്ദ്രസർക്കാർ ജീവനക്കാരുടെ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നിട്ടുണ്ട്. അവരുടെ ശിപാർശ 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ്. ശിപാർശ വർഷാവസാനമോ അടുത്ത വർഷമോ മാത്രമേ സമർപ്പിക്കാൻ ഇടയുള്ളൂ. നടപ്പാക്കൽ 2027-28 വർഷം പ്രതീക്ഷിച്ചാൽ മതിയാകും. അതിനാൽ ശമ്പള കമ്മീഷന്റെ അധികബാധ്യത ഈ ബജറ്റിൽ എടുത്തുപറയാനിടയില്ല.
വികസിത ഭാരതത്തിനായി അമൃതകാല യാത്ര
2047ൽ വികസിതരാജ്യം ആകുക എന്ന ലക്ഷ്യത്തോടെ ‘അമൃതകാല’ത്തിലൂടെ രാജ്യം പോകുകയാണല്ലോ. വികസിത രാജ്യമാകാൻ ഇന്നത്തെ വിലനിലവാരത്തിൽ 13,936 ഡോളറിന്റെ ആളോഹരി വരുമാനം ഉണ്ടാകണം. (2047 ആകുമ്പോൾ അത് 18,000 ഡോളർ ആയി ഉയർന്നെന്നു വരാം). ഈ വർഷം 3000 ഡോളറിലേക്ക് ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം എത്തുന്നതേ ഉള്ളൂ. വരുംവർഷങ്ങളിൽ നടപ്പുവിലയിലെ ജിഡിപി 11.5 ശതമാനം ശരാശരി വാർഷിക വളർച്ച കൈവരിച്ചാലേ ഇന്ത്യക്ക് അവിടെ എത്താനാകൂ. അതിനു തുടക്കമാകുന്ന ഒരു ബജറ്റാണ് ആവശ്യം.
ലോകബാങ്കിന്റെ പട്ടികയിൽ നാലുതരം രാജ്യങ്ങളാണുള്ളത്. താഴ്ന്ന വരുമാനക്കാർ, താഴ്ന്ന ഇടത്തരം, ഉയർന്ന ഇടത്തരം, ഉയർന്ന വരുമാനക്കാർ എന്നിങ്ങനെ. ഇന്ത്യ ഇപ്പോൾ താഴ്ന്ന ഇടത്തരത്തിലെ 50 രാജ്യങ്ങളിൽ പെടുന്നു. 2030ൽ 4000 ഡോളർ ആളോഹരി വരുമാനവുമായി രാജ്യം ഉയർന്ന ഇടത്തരം വരുമാന പട്ടികയിൽ ആകും എന്നാണ് എസ്ബിഐ റിസർച്ച് വിലയിരുത്തിയത്. 54 രാജ്യങ്ങളാണ് ആ പട്ടികയിൽ ഉള്ളത്. 2047 ആകുമ്പോൾ നിലവിൽ 87 രാജ്യങ്ങൾ ഉള്ള ഉയർന്ന വരുമാനക്കാരുടെ പട്ടികയിൽ എത്തണമെങ്കിൽ ബഹുദൂരം സഞ്ചരിക്കാനുണ്ടെന്നു ചുരുക്കം.
ജിഡിപി കണക്കെടുപ്പ് കാലികമാക്കുന്നു
ബജറ്റിന്റെ ഭാഗമല്ലെങ്കിലും ബജറ്റ് കണക്കുകളെ കാര്യമായി ബാധിക്കുന്ന ചില മാറ്റങ്ങളും അടുത്തമാസം ഉണ്ടാകും. ജിഡിപി കണക്കാക്കുന്നതിന്റെ അടിസ്ഥാനവർഷം മാറ്റുന്നു. 2011-12 ആണ് ഇപ്പോൾ അടിസ്ഥാനവർഷം. ഇതു 2022-23 ലേക്കു മാറ്റും. അതനുസരിച്ചുള്ള പുതിയ ജിഡിപി കണക്ക് ഫെബ്രുവരി അവസാനം അവതരിപ്പിക്കും.
വ്യവസായ ഉത്പാദന സൂചിക(ഐഐപി) യുടെ അടിസ്ഥാനവർഷവും 2022-23 ആക്കും. ഉപഭോക്തൃ വിലസൂചിക (സിപിഐ) യുടെ അടിസ്ഥാനവർഷം 2011-12ൽനിന്ന് 2023-24 ആക്കും.
ഇതു വലിയ പരിഷ്കാരമോ വിപ്ലവമോ ഒക്കെയായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതല്ല സത്യം. നമ്മുടെ വലിയ വീഴ്ച തിരുത്തുന്നതാണ് ഈ മാറ്റത്തിലുള്ളത്. യഥാസമയം അടിസ്ഥാനവർഷം മാറ്റാത്തതിനാൽ കാലഹരണപ്പെട്ട കണക്കാണ് ഇപ്പോൾ നമ്മുടേത്.
ദേശീയ കണക്കെടുപ്പുകൾ സംബന്ധിച്ച യുഎൻ മാർഗരേഖ അഞ്ചു വർഷം കൂടുമ്പോൾ അടിസ്ഥാനവർഷം മാറ്റണമെന്നാണു നിർദേശിക്കുന്നത്.
ഇന്ത്യ നേരത്തേ 10 വർഷം കൂടുമ്പോൾ മാറ്റിയിരുന്നു. കോവിഡ് വന്നതിന്റെ പേരിലാണ് 2021-22 അടിസ്ഥാനവർഷമായി നടത്തേണ്ട മാറ്റം ഒഴിവാക്കിയത്. ഉത്പാദനരംഗത്തും ഉപയോഗത്തിലും വളരെ വലിയ മാറ്റം ഉണ്ടാകുമ്പോൾ അവ പരിഗണിക്കാതെ പഴയ കാര്യങ്ങളുടെ കണക്കും വിലയും തേടുകയായിരുന്നു ഏതാനും വർഷമായി ഇന്ത്യ. ഒട്ടും കാലികമല്ലാത്ത ഈ കണക്കെടുപ്പിന്റെ പേരിലാണ് ഐഎംഎഫ് ഇന്ത്യയുടെ ജിഡിപി ഡാറ്റയെ സി ഗ്രേഡിലേക്കു തരംതാഴ്ത്തിയത്.
സ്മാർട്ട് ഫോണുകളുടെ കാലത്ത് ലാൻഡ് ലൈൻ ഫോണിന്റെ ചെലവും ഒടിടിയുടെ കാലത്ത് സിനിമാ തിയറ്ററിലെ ടിക്കറ്റ് നിരക്കും പായ്ക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കളുടെ കാലത്തു തൂക്കി വാങ്ങുന്ന അരിയുടെയും പയറിന്റെയും വിലയും നോക്കി വിലക്കയറ്റം കണക്കാക്കുമ്പോൾ യഥാർഥ ചിത്രം കിട്ടില്ല. ജിഡിപി കണക്കാക്കുന്നതിനു പരിഗണിക്കുന്ന ഇനങ്ങളും ഘടകങ്ങളും ഇതുപോലെ മാറേണ്ടതുണ്ട്. ഇപ്പോഴത്തെ പരിവർത്തനം ഇന്ത്യയുടെ കണക്കുകളെ കാലികമാക്കും. ഇനി അഞ്ചു വർഷം കൂടുമ്പോൾ ഡാറ്റാ ശേഖരണം പരിഷ്കരിക്കുന്ന രീതികൂടി നടപ്പാക്കിയാലേ നമ്മുടെ കണക്കെടുപ്പ് ലോകനിലവാരത്തിൽ ആകൂ.
2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് 2027ൽ നടത്തുമെന്നാണു നിലവിലെ തീരുമാനം. ജനസംഖ്യാഘടനയിൽ വലിയ മാറ്റങ്ങൾ വന്ന ഒരു ദശകത്തിലെ കണക്കെടുക്കാത്തതുമൂലം തെറ്റായ കണക്കുകൾ ഉപയോഗിച്ചാണു രാജ്യം വികസനകാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. അതിലും സമീപനമാറ്റം ആവശ്യമാണ്.
കാര്യമായ നികുതിയിളവും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നില്ലെങ്കിലും അനിവാര്യമായ ചില തിരുത്തലുകൾക്ക് നിർമല സീതാരാമന്റെ ബജറ്റ് തുടക്കമിടും. അത്രയും നല്ലത്.
(അവസാനിച്ചു).