സ്വന്തം അവകാശങ്ങൾ ചോദിച്ചു വാങ്ങാനും തെറ്റുകൾക്കെതിരെ ശബ്ദമുയർത്താനും മടിയുള്ളവർക്കായി ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് തെക്കൻ ചൈനയിലെ ഗുവാങ്ഷൗവിലുള്ള ഒരു യുവാവ്.
മറ്റുള്ളവർക്ക് വേണ്ടി പണം വാങ്ങി പകരം പോരടിക്കുന്ന വ്യത്യസ്തമായ ഒരു സേവനമാണ് ഇയാൾ നൽകുന്നത്. ഇതിന്റെ പ്രചാരണാർഥം തെരുവിൽ പരസ്യവുമായി നീങ്ങുന്ന ഇയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ അപൂർവ സംരംഭം ആഗോളശ്രദ്ധ നേടിയത്.
ഏത് തരത്തിലുള്ള തർക്കമാണെങ്കിലും ഇടപെടാൻ 188 യുവാൻ (ഏകദേശം 2,680 ഇന്ത്യൻ രൂപ) ആണ് ഇയാൾ ഈടാക്കുന്നത്. സമയം എത്ര നീണ്ടുപോയാലും പ്രശ്നത്തിന് ഒരു തീരുമാനമാകുന്നതുവരെ ഉപഭോക്താവിന് വേണ്ടി ഇയാൾ വാദിച്ചുകൊണ്ടേയിരിക്കും.
ജോലിചെയ്ത ശമ്പളം നൽകാത്ത തൊഴിലുടമകളിൽ നിന്ന് പണം വാങ്ങിയെടുക്കുക, വാഗ്ദാനം ചെയ്ത സേവനം നൽകാത്ത സ്ഥാപനങ്ങളിൽ നിന്ന് റീഫണ്ട് ഉറപ്പാക്കുക തുടങ്ങിയവ ഇയാളുടെ സേവനങ്ങളിൽ പെടുന്നു.
ഉദാഹരണത്തിന്, കുട്ടികളുടെ ട്യൂഷൻ സെന്ററുകളിൽ അധ്യാപകരെ മാറ്റുകയോ പഠനനിലവാരം കുറയുകയോ ചെയ്താൽ പണം തിരികെ വാങ്ങി അഡ്മിഷൻ റദ്ദാക്കാൻ ഇയാൾ മുന്നിട്ടിറങ്ങും. തൃപ്തികരമല്ലാത്ത സൗന്ദര്യവർധക ശസ്ത്രക്രിയകളുടെ പേരിൽ ആശുപത്രികളുമായി തർക്കത്തിൽ ഏർപ്പെടാനും ഇയാളുടെ സഹായം ലഭിക്കും.
നേരിട്ടുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ ആശ്വാസമാണെങ്കിലും ഇത് നിയമപരമായ വക്കീൽ സേവനമല്ല, മറിച്ച് ഒരു ഇടനിലക്കാരന്റെ ഇടപെടൽ മാത്രമാണ്.
കൈയിൽ ബോർഡും പിടിച്ച് ആത്മവിശ്വാസത്തോടെ തെരുവിലൂടെ നടക്കുന്ന ഇയാളെ കണ്ട് നിരവധി യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ പങ്കുവെക്കുന്നത്. ജനങ്ങളെ സഹായിക്കുന്നതോടൊപ്പം തന്റേതായ രീതിയിൽ വരുമാനം കണ്ടെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്.