മെനു കാർഡും ഓർഡർ എടുക്കലുമില്ലാതെ വേറിട്ട രീതിയിൽ ഭക്ഷണം വിളമ്പുന്ന സ്പെയിനിലെ മലാഗയിലുള്ള 'എൽ ടിന്റെറോ' എന്ന റെസ്റ്റോറന്റിന്റെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
കണ്ടന്റ് ക്രിയേറ്റർമാരായ സ്റ്റെഫും മാർക്കോയും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ രണ്ട് കോടി മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്.
മേശകൾക്കിടയിലൂടെ റെസ്റ്റോറന്റിലെ ജീവനക്കാർ ചൂടോടെയുള്ള വിഭവങ്ങളുമായി ഉറക്കെ വിളിച്ചുപറഞ്ഞു നടക്കുകയും, അതിൽ തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം ഉപഭോക്താക്കൾ നേരിട്ട് തിരഞ്ഞെടുക്കുകയുമാണ് ഈ ഭക്ഷണശാലയുടെ രീതി.
കനലിൽ ചുട്ടതും വറുത്തതുമായ ഫ്രഷ് സീഫുഡും മറ്റ് വിഭവങ്ങളും വിളമ്പുന്ന ഈ സ്ഥലത്ത് ഭക്ഷണം കഴിച്ചു കഴിയുമ്പോൾ മേശപ്പുറത്ത് ശേഷിക്കുന്ന പ്ലേറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ബിൽ തുക നിശ്ചയിക്കുന്നത്.
ഒരു ലേലം വിളിയുടെ അന്തരീക്ഷം സമ്മാനിക്കുന്ന ഈ വേറിട്ട ഭക്ഷണാനുഭവത്തിന് താഴെ, ആളുകളുടെ പ്രതികരണങ്ങളും തമാശ നിറഞ്ഞ കമന്റുകളും കൊണ്ട് ശ്രദ്ധേയമാവുകയാണ് ഈ വീഡിയോ.