കാർ മോഷണം തടയാൻ തികച്ചും വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നുള്ള ഒരു കുടുംബം.
അടുത്തിടെ വാങ്ങിയ മഹീന്ദ്ര സ്കോർപിയോ മോഷ്ടാക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ ഇവർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി സ്വന്തം ഇരുനില വീടിന്റെ മേൽക്കൂരയിൽ പാർക്ക് ചെയ്യുകയായിരുന്നു.
ഇസ്രായേലിൽ ജോലി ചെയ്യുന്ന മനോജ് യാദവ് എന്നയാളുടേതാണ് ഈ എസ്യുവി നാട്ടിലില്ലാത്തതിനാൽ വാഹനം നോക്കിനടത്താൻ അദ്ദേഹം ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് പോയതോടെയാണ് കുടുംബത്തിന് വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നത്.
കാർ മുറ്റത്തോ വീടിന് പുറത്തോ ഇട്ടാൽ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കരുതിയ ഇവർ, ഒടുവിൽ വാഹനം ടെറസിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ഒരു ക്രെയിൻ വരുത്തി സ്കോർപിയോ പതുക്കെ വായുവിൽ ഉയർത്തി വീടിന്റെ മേൽക്കൂരയിലേക്ക് വളരെ ശ്രദ്ധയോടെ ഇറക്കിവെക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികളാണ് ക്യാമറയിൽ പകർത്തുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തത്.
വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും വൻതോതിൽ ആളുകൾ പങ്കുവെക്കുകയും ചെയ്തു. ടെറസിലെ അപൂർവ്വ പാർക്കിങ് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കൗതുകവും തമാശയും പടർത്തിയെങ്കിലും ചില ആശങ്കകൾക്കും വഴിതുറന്നിട്ടുണ്ട്.
ഇത്രയും വലിയൊരു എസ്യുവിയുടെ ഭാരം താങ്ങാനുള്ള ശേഷി ആ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കുണ്ടോ എന്ന് യാതൊരു പരിശോധനയും നടത്താതെയാണ് ഇത് ചെയ്തതെന്നാണ് വിവരം. ദീർഘകാലത്തേക്ക് ഇത്തരം ഒരു വാഹനം ടെറസിൽ നിർത്തുന്നത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.