NRI
വെർജീനിയ: വെർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. തുടർന്ന് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. സംഭവത്തിൽ ഒന്നിലധികം അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്യാമ്പസിലെ ’ക്വാഡ് അനെക്സ്’ ഭാഗത്താണ് വെടിവയ്പ്പുണ്ടായത്. ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് പുറത്തായി അഞ്ചുപേർക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് അറിയിച്ചു.
പരിക്കേറ്റ അഞ്ചുപേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടക്കത്തിൽ അപകടനിലയിലായിരുന്ന ഒരാളുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണെന്നും മറ്റു നാലുപേരുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഒന്നിലധികം സംശയിക്കപ്പെടുന്നവർ ഉൾപ്പെട്ടിട്ടുണ്ട്. വിഎസ്യു പോലീസും ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസും സംയുക്തമായി അന്വേഷണം നടത്തുകയാണ്. വിദ്യാർഥികളും ജീവനക്കാരും ഈ ഭാഗത്തേക്ക് വരുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നുംന്ധ യൂണിവേഴ്സിറ്റി അധികൃതർ പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
തൊഴിൽസാങ്കേതിക ഏജൻസിയായ ബിഎടിഎഫ് , ഹാനോവർ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവരും അന്വേഷണത്തിൽ തദ്ദേശീയ പോലീസിനെ സഹായിക്കുന്നുണ്ട്.
ചരിത്രപരമായി പ്രമുഖമായ കറുത്തവർഗക്കാരുടെ ഈ പബ്ലിക് യൂണിവേഴ്സിറ്റിയിൽ ഏകദേശം 5,700ഓളം വിദ്യാർഥികളാണ് പഠിക്കുന്നത്. പുതിയ അധ്യയന വർഷം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, കഴിഞ്ഞ ആഴ്ചയാണ് വിദ്യാർഥികൾക്കായി ഹോസ്റ്റലുകൾ തുറന്നുകൊടുത്തത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഉമാംഗ് ഭവനിൽ വച്ച് അധ്യാപകനെ മർദിച്ച ഗവേഷക വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. 2024-25 അധ്യായന വർഷത്തിൽ രണ്ടാം ഘട്ടത്തിൽ ഡൽഹി സർവകലാശാലയിലെ നിയമവിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനം നേടിയ വിദ്യാർഥിക്കെതിരെയാണ് നടപടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിതിന് പിന്നാലെയാണ് സർവകലാശാല അധികൃതർ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനൊപ്പം വിശദമായ അന്വേഷണം നടത്തുമെന്നും തീരുമാനിച്ചു. സർവകലാശാല നിയമത്തിലെ ഓർഡിനൻസ് 15 ബി പ്രകാരമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
Kerala
കൊച്ചി: സർവകലാശാലാ വൈസ് ചാൻസലർമാർ പ്രത്യയശാസ്ത്ര ധ്രുവീകരണത്തിനു കാരണമാകുന്ന നിലപാടുകളിൽനിന്നും രാഷ്ട്രീയസംഘടനാ പരിപാടികളിൽനിന്നും മാറിനിൽക്കേണ്ടതുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ. ഇത്തരം നിലപാടുകൾ ഉന്നതവിദ്യാഭ്യാസമേഖലയ്ക്കു ഭൂഷണമല്ലെന്നു മന്ത്രി വ്യക്തമാക്കി.
സാങ്കേതിക സർവകലാശാലയിൽ 2024ൽ അന്നത്തെ ബോർഡ് ഓഫ് ഗവേണൻസ് കൊണ്ടുവന്ന ഇയർ ബാക്ക് സിസ്റ്റം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്ക ഉണ്ടാക്കിയ പശ്ചാത്തലത്തിൽ, വിഷയം പരിശോധിച്ച് പുതിയ സിൻഡിക്കറ്റ് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
ഇയർബാക്ക് സിസ്റ്റത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച് വിദ്യാർഥികൾക്കും കോളജുകൾക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം ദിവസത്തിലേക്ക്. സമരത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ പ്രതീകമായി വി.സിയുടെ ശവ സംസ്കാരം നടത്തി. എസ്എഫ്ഐയുടെ ശവസംസ്കര സമരം അപരിഷ്കൃതമാണെന്ന് മന്ത്രി പി.സി. വിശ്വനാഥ് പറഞ്ഞു. കാരണക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിസിയോട് ആർക്കും വിയോജിക്കാം. ഞങ്ങളും സമരം ചെയ്യാറുണ്ടെന്നും പക്ഷേ ഇത്തരം നിന്ദ്യമായ രീതികൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങി 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. ആവശ്യങ്ങളിൽ നടപടിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. വി.സി സിസ തോമസിനെ സമരക്കാർ തടഞ്ഞു. പോലീസ് ഇടപെട്ടാണ് വിസിയെ സംരക്ഷിച്ചത്.
University News
ബിരുദ /ബിരുദാനന്തര ബിരുദ പ്രവേശനം 2026
സ്പോർട്സ് ക്വാട്ട അഡ്മിഷൻ സർട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം.
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സപ്ലിമെന്ററി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി.
സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. സർട്ടിഫിക്കറ്റ് “Reject” ആയ വിദ്യാർഥികൾക്ക്, നിലവിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 12വരെ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം.
നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികൾ പരിഗണിച്ചതിനുശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 12നു ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ ഇമെയിൽ മുഖേനയോ അയയ്ക്കേണ്ടതില്ല.
വിശദവിവരങ്ങൾക്ക്
വെബ്സൈറ്റ് ലിങ്ക് : : <https://admissions.keralauniversity.ac.in/>
ഹെൽപ്പ് ലൈൻ നമ്പർ : 8281883052 ( Whatsapp also)
ഇമെയിൽ : [email protected]
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം-2026 സ്പോട്ട് അലോട്ട്മെന്റ്
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് 13നും
കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 14നും തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് 17,18 തീയതികളിലുമാണ് അഡ്മിഷൻ.
വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ് സൈറ്റിൽ (<https://admissions.keralauniversity.ac.in/pg2026>).
ബിരുദാനന്തര ബിരുദ (പിജി) പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ അവസാന അവസരം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും യുഐടി, ഐഎച്ച്ആർഡി സെന്ററുകളിലും 2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്ക് സ്പോട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വേണ്ടി രജിസ്റ്റർ ചെയ്യാനുള്ള അവസാന അവസരം. 18 വരെ ഓൺലൈനായി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്:
അഡ്മിഷനുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾക്കായി സർവകലാശാലയുടെ പത്രക്കുറിപ്പുകളും ഔദ്യോഗിക വെബ്സൈറ്റും പരിശോധിക്കുക. പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുക. വെബ്സൈറ്റ് ലിങ്ക് : <https://admissions.keralauniversity.ac.in/pg2026>
ഹെൽപ്പ് ലൈൻ നമ്പർ : 8281883052 ( Whatsapp also)
ഇ-മെയിൽ : [email protected].
അപേക്ഷ ക്ഷണിക്കുന്നു
ജർമ്മൻ പഠനവിഭാഗം നടത്തുന്ന ജർമൻ A2 (Deutsch A2) ഹ്രസ്വകാല കോഴ്സിനായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത : പ്ലസ്ടു & ജർമൻ A1/തത്തുല്യയോഗ്യത, കോഴ്സ്ഫീസ് : 9000/-, കാലയളവ് : 80 മണിക്കൂർ (2 മുതൽ 3 മാസം), സമയം : 7.30 am - 9.00 am (തിങ്കൾ മുതൽ വെള്ളി വരെ), ആകെ സീറ്റുകൾ : 30, മിനിമം അപേക്ഷകൾ: 10, അപേക്ഷാഫീസ് 105/- രൂപയും രജിസ്ട്രേഷൻ ഫീസ് 105/- (തുക യൂണിവേഴ്സിറ്റി കാഷ്കൗണ്ടറിലോ ഓൺലൈൻ മുഖേനയോ അടയ്ക്കാം). അപേക്ഷാഫോം ജർമൻ വിഭാഗത്തിന്റെ (University) വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം (<https://keralauniversity.ac.in/german>). പൂരിപ്പിച്ച അപേക്ഷകൾ 31 ന് വൈകുന്നേരം നാലിനുമുമ്പായി പാളയം കാമ്പസിലെ സെനറ്റ്ഹൗസിൽ പ്രവർത്തിക്കുന്ന ജർമൻ പഠനവിഭാഗത്തിൽ സമർപ്പിക്കണം.
ടൈംടേബിൾ
ആഗസ്റ്റ് മാസം ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കമ്മ്യൂണിക്കേറ്റീവ് അറബിക് - സീറ്റൊഴിവ്
അറബി വിഭാഗം നടത്തി വരുന്ന ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ പഠനം) പതിനേഴാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു / തത്തുല്യം. ഫീസ് : 6500 രൂപ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് (www.arabicku.in <http://www.arabicku.in/>) സന്ദർശിക്കുക. അവസാന തീയതി: 20. വിവരങ്ങൾക്ക്: 9446827141
Kerala
കൊച്ചി: എയ്ഡഡ് കോളജുകളിലെ അധ്യാപകനിയമനം പിഎസ്സിക്കു വിടുന്നതിനെക്കുറിച്ച് പഠിക്കുന്നതിന് സിന്ഡിക്കറ്റ് ഉപസമിതിയെ നിയോഗിക്കാന് തീരുമാനിച്ച കേരള സര്വകലാശാലയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും അടിയന്തരമായി പിന്വലിക്കണമെന്നും കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്.
ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. കുര്യാക്കോസ്, ജനറല് സെക്രട്ടറി ഡോ. എം. ഉസ്മാന് എന്നിവര് കേരള സര്വകലാശാല വൈസ് ചാന്സലര്ക്കു നിവേദനം നൽകി.
മാനേജ്മെന്റുകളുടെ അവകാശങ്ങള് ഉയര്ത്തിപ്പിടിക്കുന്ന വിവിധ സുപ്രീംകോടതി വിധികളുണ്ടെന്നും അസോസിയേഷന് ഭാരവാഹികള് ചൂണ്ടിക്കാട്ടി. കേരള സര്വകലാശാലയുടെ ഈ നിയമവിരുദ്ധ നീക്കം സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുമെന്നും അവര് അറിയിച്ചു.
മാനേജ്മെന്റ്സ് അസോസിയേഷന്റെ വാദം
Kerala
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില് പിഴവ്. ബിഎസ്സി രണ്ടാം സെമസ്റ്റര് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ബോര്ഡ് ഓഫ് എക്സാമിനേഷനോട് പരീക്ഷാ കണ്ട്രോളര് വിശദീകരണം തേടി.
വിഷയത്തില് എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന് കേരളാ യൂണിവേഴ്സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന കാര്യം കേരള യൂണിവേഴ്സിറ്റി സ്ഥിരീകരിക്കുന്നുണ്ട്.
Kerala
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ ജൂണിയർ വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജൂണിയർ വിദ്യാർഥികളെയാണ് ക്രൂരമായി മർദിച്ചത്. സസ്പെൻഷൻ കാലാവധിയിൽ ഇവർക്ക് ക്യാമ്പസിലോ സ്പോർട്സ് ഹോസ്റ്റലിലോ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ഒന്നാം വർഷ വിദ്യാർഥികളായ പരാതിക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് വി.സിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്.
മുൻപും പലതവണ അച്ചടക്ക ലംഘനം നടത്തിയിട്ടുള്ള ഈ വിദ്യാർഥികൾക്കെതിരെയുള്ള റാഗിംഗ് പരാതിയിൽ ആന്റ റാഗിംഗ് കമ്മിറ്റിയും തേഞ്ഞിപ്പാലം പോലീസും നിലവിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: കേരള സര്വകലാശാല സ്റ്റാന്ഡിംഗ് കൗണ്സില് നിയമനത്തില് ഇടക്കാല സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. വൈസ് ചാന്സലര് മോഹനന് കുന്നുമ്മലിന് കോടതി നോട്ടീസ് അയച്ചു. അഡ്വ. ഗിരിജ ഗോപാലിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിന്ഡിക്കറ്റ് അംഗം ഡോ. ടി.ആര്. മനോജ് സമര്പ്പിച്ച ഹര്ജിയിലാണ് കോടതി നടപടി.
സര്വകലാശാലയുടെ സ്റ്റാന്ഡിംഗ് കൗണ്സില് സ്ഥാനത്തു നിന്നും അഡ്വ. തോമസ് എബ്രഹാമിനെ നീക്കി, വിസി അഡ്വ. ഗിരിജ ഗോപാലിനെ നിയമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് സിന്ഡിക്കേറ്റ് അംഗം ഹര്ജി നല്കിയത്.
ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് ഹര്ജി ഫയലില് സ്വീകരിച്ച് വിസിക്ക് നോട്ടീസ് അയച്ചു. വിസി മറുപടി നല്കണമെന്നാണ് കോടതിയുടെ നിര്ദേശം. യൂണിവേഴ്സിറ്റികളുടെ സ്റ്റാന്ഡിംഗ് കൗണ്സില് നിയമനം സിന്ഡിക്കറ്റിന്റെ അധികാരമാണ്. അത് മറികടന്നാണ് വിസി ഗിരിജ ഗോപാലിനെ സ്റ്റാന്ഡിംഗ് കൗണ്സിലായി നിയമിച്ചത്.
അതിനാല് നിയമനം റദ്ദാക്കണമെന്നാണ് ഹര്ജിയില് സിന്ഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത്. എന്നാല് സര്ക്കാര് അഭിഭാഷകന്റെ എതിര്പ്പിനെ തുടര്ന്ന് ഹൈക്കോടതി അടിയന്തര സ്റ്റേ നല്കിയില്ല. കേസില് കോടതി വിശദമായ വാദം കേള്ക്കും. വിസിക്ക് നോട്ടീസ് അയച്ച് കോടതി കേസ് പിന്നീട് പരിഗണിക്കാന് മാറ്റി.
Kerala
തൃശൂർ: ആരോഗ്യശാസ്ത്ര ബിരുദധാരികളായി തൊഴിൽമേഖലയിൽ കൂടുതൽ പ്രാവീണ്യംനേടിയവർ സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്നു ഗവർണർ രാജേന്ദ്ര വിശ്വാനാഥ് അർലേക്കർ. ആരോഗ്യസർവകലാശാലയുടെ 22-ാമതു ബിരുദദാനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം സാമൂഹികപ്രതിബദ്ധത ആവശ്യമുള്ള തൊഴിൽമേഖലയാണെന്നും ആ ഉത്തരവാദിത്വം നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ ഏഴ് അക്കാദമിക് മേഖലകളിൽനിന്നുള്ള വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. കേരളത്തിലെ 395 ആരോഗ്യ ശാസ്ത്രസ്ഥാപനങ്ങളിൽനിന്നായി 7457 വിദ്യാർഥികളാണ് ബിരുദം നേടിയത്. സർവകലാശാല സ്ഥാപിതമായശേഷം ബിരുദം നേടുന്നവരുടെ എണ്ണം 1,89,497 ആയി ഉയർന്നു. നേരിട്ടു കൈപ്പറ്റാൻ സാധിക്കാത്ത വിദ്യാർഥികളുടെ ബിരുദസർട്ടിഫിക്കറ്റുകൾ തപാലിൽ അയച്ചുനൽകും.
വിവിധ ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഒന്നാംറാങ്ക് നേടിയ 11 വിദ്യാർഥികളെ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. രണ്ടാംവർഷ എംബിബിഎസ് മൈക്രോബയോളജി റെഗുലർ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്കായി 2017 മുതൽ നൽകിവരുന്ന ഡോ. സി.കെ. ജയറാം പണിക്കർ എൻഡോവ്മെന്റും ഡോ. ശോഭ സുന്ദരേശ്വരൻ അക്കാഡമിക് എക്സലൻസ് ഇൻ ഓർത്തോഡോന്റിക്സ് എൻഡോവ്മെന്റും ചടങ്ങിൽ സമ്മാനിച്ചു.
വൈസ് ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ പ്രഫ.എസ്. ഗോപകുമാർ, പരീക്ഷാ കണ്ട്രോളർ പ്രഫ.എസ്. അനിൽകുമാർ, അക്കാദമിക് ഡീൻ ഡോ.ആർ. ബിനോജ്, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ.ആർ. ആശിഷ്, മറ്റു ഫാക്കൽറ്റി ഡീനുകൾ, ഗവേണിംഗ് കൗണ്സിൽ-അക്കാദമിക് കൗണ്സിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
National
പുതുച്ചേരി: പാചക വാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു. അക്കാദമിക് വർഷം ഏപ്രിൽ 30ന് അവസാനിക്കുമെന്നാണ് സർവകലാശാല സർക്കുലർ ഇറക്കിയിരിക്കുന്നത്.
15 ദിവസം മുൻപ് അക്കാദമിക് വർഷം അവസാനിപ്പിക്കുന്നതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. പാചക വാതക പ്രതിസന്ധിയെ തുടർന്ന് കോളജുകളിലെ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നില്ല. ഏപ്രിൽ 30 നകം പരീക്ഷകൾ പൂർത്തീകരിക്കണം അസൈൻമെന്റ് ലാബ് തുടങ്ങിയവയും പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.
സാധാരണഗതിയിൽ മെയ് 15 നാണ് അക്കാദമിക് വർഷം അവസാനിക്കുന്നത്. അക്കാദമിക് കലണ്ടർ വെട്ടിച്ചുരുക്കി അതിന്റെ ഭാരം വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് പകരം, പ്രശ്നം പരിഹരിക്കാൻ മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ് സർവകലാശാല ചെയ്യേണ്ടതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
University News
കേരളത്തിൽ സംഗീതം, കഥകളി, നൃത്തം പോലുള്ള കലാരൂപങ്ങൾ കേരളത്തിലെ സർവകലാശാലകൾ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളായി നടത്താറുണ്ടല്ലോ? എന്നാൽ, കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റ് ഈ വിധത്തിൽ ഏതെങ്കിലും സർവകലാശാല പ്രോഗ്രാമായി നടത്തുന്നുണ്ടോ?
അനൂപ് രാഘവൻ, ചെട്ടികുളങ്ങര.
നിലവിൽ കേരളത്തിലെ ഒരു സർവകലാശാലയും കളരിപ്പയറ്റ് പോലുള്ള ആയോധനകല പഠിപ്പിക്കുന്നതിലേക്കുള്ള ബിരുദ ബിരുദാനന്തര ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളൊന്നും നടത്തുന്നില്ല.
കേരളത്തിലെ മിക്ക സർവകലാശാലകളും അവരുടെ ലൈഫ് ലോംഗ് ലേണിംഗ് ഡിപ്പാർട്ട്മെന്റുകൾ വഴി യോഗ, നാച്ചുറോപ്പതി, ജൈവകൃഷി പോലുള്ള മേഖലകളെ ബന്ധപ്പെടുത്തി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. പ്രത്യേകിച്ച് മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ ലൈഫ് ലോംഗ് ലേണിംഗ് ഡിപ്പാർട്ട്മെന്റ് ഈ മേഖലയിൽ ഒരുപടി മുൻപിലാണ്.
കേരളത്തിന്റെ മാത്രം ആയോധനകലയായ കളരി പോയിട്ട് പാരന്പര്യ കലാരൂപങ്ങളായ തെയ്യമോ മറ്റ് അനുബന്ധ കലാരൂപങ്ങളോ നമ്മുടെ സർവകലാശാലകളിൽ ബിരുദതലത്തിലോ ഡിപ്ലോമ തലത്തിലോ സർട്ടിഫിക്കറ്റ് തലത്തിലോ പ്രോഗ്രാമുകൾ നടത്തുന്നില്ല.
അടുത്തനാളിൽ കണ്ണൂർ സർവകലാശാലയുടെയും കേരള ഫോക്ലോർ അക്കാദമിയുടെയും ഭാഗത്തുനിന്ന് ഒരറിയിപ്പ് ഉണ്ടായിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമി സംസ്ഥാനത്തെ പ്രധാനപ്പെട്ട മൾട്ടി ഡിസിപ്ലിനറി സർവകലാശാലയായ കണ്ണൂർ സർവകലാശാലയുമായി ചേർന്ന് കളരിപ്പയറ്റ്, യോഗ, തെയ്യം തുടങ്ങിയ നാടൻ കലകൾ പഠിപ്പിക്കുന്നതിനുള്ള നാടൻ കലാമണ്ഡലം തുടങ്ങാൻ തീരുമാനമായി. കണ്ണൂർ സർവകലാശാലയും കേരള ഫോക്ലോർ അക്കാദമിയും ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞു.
അക്കാദമി നൽകുന്ന വിവരങ്ങൾ പ്രകാരം ആദ്യം ആരംഭിക്കുക കളരി അഭ്യാസവുമായി ബന്ധപ്പെട്ട പ്രോഗ്രാമായിരിക്കും. ആറുമാസം പഠനകാലയളവുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമായിരിക്കുമത്. 1100 പേർക്കായിരിക്കും പ്രവേശനം. തിയറി ക്ലാസുകൾക്ക് ശേഷം അല്ലെങ്കിൽ അതോടൊപ്പം കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരി ഗുരുക്കളുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും നൽകും.
കേരള ഫോക്ലോർ അക്കാദമിയുടെ പത്രക്കുറിപ്പുകൾ പ്രകാരം കളരിപ്പയറ്റ് പ്രോഗ്രാം ആരംഭിച്ചതിനു ശേഷം കണ്ണൂർ സർവകലാശാലയുടെ സർട്ടിഫിക്കേഷനോടെ യോഗയും തുടർന്ന് തെയ്യം അടക്കമുള്ള അനുഷ്ഠാനകലകളും പഠിപ്പിക്കാൻ ധാരണയായിട്ടുണ്ട്.
ഫോക്ലോർ അക്കാദമി, കണ്ണൂർ സർവകലാശാലയുമായി ചേർന്ന് പഞ്ചലോഹ പ്രതിമ വിഗ്രഹ നിർമാണത്തിന് പരിശീലനം നൽകുന്ന ഒരു പ്രോഗ്രാം കൂടി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])
NRI
വർജീനിയ:അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവയ്പ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ അക്രമി സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഈ ആക്രമണത്തെ ഒരു ഭീകരാക്രമണമായാണ് എഫ്ബിഐ (FBI) കണക്കാക്കുന്നത്.
റിട്ടയർഡ് ആർമി ഓഫീസറും ഇൻസ്ട്രക്ടറുമായ ലെഫ്റ്റനന്റ് കേണൽ ബ്രാൻഡൻ ഷാ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.
മുഹമ്മദ് ബൈലർ ജല്ലോ (36) എന്നയാളാണ് വെടിയുതിർത്തത്. ഇയാൾ മുൻപ് വർജീനിയ നാഷണൽ ഗാർഡിൽ അംഗമായിരുന്നു.
ഐസിസിന് സഹായം നൽകാൻ ശ്രമിച്ച കേസിൽ 2016-ൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 11 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് 2024 ഡിസംബറിലാണ് ഇയാൾ പുറത്തിറങ്ങിയത്.
ക്ലാസ് മുറിയിൽ കയറി 'അല്ലാഹു അക്ബർ' എന്ന് ആക്രോശിച്ചുകൊണ്ട് വെടിയുതിർത്ത ജല്ലോയെ ഒരു കൂട്ടം ധീരരായ വിദ്യാർഥികൾ നേരിടുകയും കീഴടക്കുകയും ചെയ്തു. ഈ പോരാട്ടത്തിനിടയിലാണ് അക്രമി കൊല്ലപ്പെട്ടതെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു.
അപകടത്തെത്തുടർന്ന് സർവകലാശാലയിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
District News
വടക്കാഞ്ചേരി: വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയ യൂണിവേഴ്സിറ്റി ജീവനക്കാരനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ക്ലറിക്കൽ പോസ്റ്റിലേക്ക് ജോലി വാഗ്ദാനംചെയ്ത് പുതുരുത്തി സ്വദേശി നിമേഷിന്റെ കൈവശത്തുനിന്നും പലപ്പോഴായി 11 ലക്ഷത്തോളം രൂപ തട്ടിയ മാടക്കത്തറ വെള്ളാനിശേരി തോപ്പിൽ ഗോപിയുടെ മകൻ ബിനോയ്(45)നെയാണ് വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ മുരളീധരന്റെ നിർദേശപ്രകാരം വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വെറ്ററിനറി കോളജിൽ വരുന്ന ഒഴിവുകളിലേക്ക് പരീക്ഷയോ, ഇന്റവ്യൂവോ ഇല്ലാതെ ജോലി വാങ്ങി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. നിമേഷ് വിദേശത്തു നിന്നു തിരികെവന്ന് നാട്ടിൽ ബിസിനസ് നടത്തുന്നയാളാണ്.
നിമേഷിന്റെ ഭാര്യക്കും സഹോദരനും ജോലി ലഭിക്കുന്നതിനാണ് പണംനല്കിയിരുന്നത്. പണംനല്കി ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതിയുമായി നിമേഷ് സ്റ്റേഷനിൽ ഹാജരായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി മാടക്കത്തറയിലുളള വീട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധിപേരിൽനിന്നു ബിനോയ് പണം ഇത്തരത്തിൽ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
വടക്കാഞ്ചേരി സിഐ മുരളീധരൻ, എസ്ഐമാരായ ഹരിഹരസൂനു, പ്രദീപ് കുമാർ, നിബിൻ, അസി. എസ്ഐ നളിനി, സിവിൽപോലീസ് ഓഫീസർമാരായ സഗുൺ, ജിതിൻ എന്നിവർ പ്രതിയെ അറസ്റ്റ്ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
International
ദുബായി: സ്കൂളുകൾക്കും സർവകലാശാലകൾക്കും സ്പ്രിംഗ് അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം.സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം മാർച്ച് 23ന് ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും പുനരാരംഭിക്കും.
അതേസമയം പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിൽ തടസപ്പെട്ട ഭാഗികമായി സാധാരണ നിലയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.
ദുബായി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റാസൽഖൈമയിൽ നിന്ന് സർവീസുകൾ നടത്താൻ തീരുമാനിച്ചത്.
University News
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിക്ക് എവിടെയൊക്കെയാണ് സ്വന്തം കാന്പസുകൾ ഉള്ളത്? സ്വന്തം കാന്പസുകളൾ അല്ലാതെ അഫിലിയേറ്റഡ് കാന്പസുകൾ ഉണ്ടോ? ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന എംബിഎ പ്രോഗ്രാം ഏതൊക്കെ കാന്പസുകളിലാണുള്ളത്. അതിലേക്കുള്ള പ്രവേശന രീതി എന്നാണ്?
അനീഷ് എം.എൻ., തൊടുപുഴ.
ചെന്നൈ ആസ്ഥാനമായാണ് ഇന്ത്യൻ മാരിടൈം സർവകലാശാല പ്രവർത്തിക്കുന്നത്. തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. യൂണിവേഴ്സിറ്റിക്ക് കോൽക്കത്ത, മുംബൈ പോർട്ട്, നവീ മുംബൈ, കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലായി ആറു കാന്പസുകളാണുള്ളത്. ഇവ കൂടാതെ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 18 കോളജുകൾ കൂടിയുണ്ട്. എന്നാൽ, സർവകലാശാലയുമായി അഫിലിയേഷൻ ഇല്ലാത്തതും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ അംഗീകാരമുള്ളതുമായ 25 സ്ഥാപനങ്ങൾ സർവകലാശാലയുടെ വിവിധ പ്രോഗ്രാമുകളിലേക്കായി നടത്തുന്ന പ്രവേശന പരീക്ഷയായ ഐഎംയു സിഇടി പരീക്ഷയിൽ ലഭിക്കുന്ന സ്കോറുകൾ പരിഗണിച്ച് അവരുടേതായ സ്ഥാപനങ്ങളിൽ പ്രവേശനം നൽകുന്നുണ്ട്.
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രധാനമായി നടത്തുന്ന പ്രോഗ്രാമുകൾ
1)ബിടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിംഗ് (നാലുവർഷം).റസിഡൻഷൽ പ്രോഗ്രാം. വിശാഖപട്ടണം കാന്പസിൽ മാത്രം.
2) ബിടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ് (നാലു വർഷം)
റസിഡൻഷൽ പ്രോഗ്രാം. വിശാഖപട്ടണം കാന്പസിൽ മാത്രം.
3) ബിടെക് മറൈൻ എൻജിനിയറിംഗ് (നാലു വർഷം)റസിഡൻഷൽ പ്രോഗ്രാം. ചെന്നൈ, കോൽക്കത്ത, മുംബൈ പോർട് കാന്പസുകളിൽ ലഭ്യമാണ്.
4)ബിഎസ്സി നോട്ടിക്കൽ സയൻസ് ( മൂന്നുവർഷം)റസിഡൻഷൽ പ്രോഗ്രാം. കൊച്ചി, ചെന്നൈ, നവി മുംബൈ എന്നീ കാന്പസുകളിൽ ലഭ്യമാണ്.
5) ബിബിഎ (മൂന്നു വർഷം)നോണ് റസിഡൻഷൽ ആണ്. വിശാഖപട്ടണം, ചെന്നൈ, കൊച്ചി കാന്പസുകളിൽ.
6) എംടെക് (രണ്ടു വർഷം)എംടെക് പ്രോഗ്രാമുകൾ നോണ് റസിഡൻഷൽ ആണ്. വിശാഖപട്ടണം, കോൽക്കത്ത സെന്ററുകൾ മാത്രം.
7) ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ഒരു വർഷം)റസിഡൻഷൽ പ്രോഗ്രാം. ചെന്നൈ, നവി മുംബൈ കാന്പസുകൾ.
8)പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനിയറിംഗ് (ഒരു വർഷം)റസിഡൻഷൽ പ്രോഗ്രാം. മുംബൈ പോർട്ടിൽ മാത്രം.
9)എംബിഎ പ്രോഗ്രാമുകൾ- ഈ പ്രോഗ്രാമുകൾ സർവകലാശാല ഓഫർ ചെയ്യുന്നത് ഓണ്ലൈൻ രീതിയിലും ഓഫ്ലൈൻ രീതിയിലും ആണ്. രണ്ട് രീതിയിൽ നടക്കുന്ന പ്രോഗ്രാമുകളുടെയും പഠന കാലാവധി രണ്ടു വർഷമാണ്. ഓഫ് ലൈൻ രീതിയിൽ നടക്കുന്ന പ്രോഗ്രാം റസിഡൻഷൽ ആണ്.
കൊച്ചി, ചെന്നൈ, കോൽക്കത്ത, വിശാഖപട്ടണം എന്നീ കാന്പസുകൾ.
എംബിഎ മാരിടൈം മാനേജ്മെന്റ് പ്രോഗ്രാമാണ് ഓണ്ലൈൻ രീതിയിൽ നടക്കുന്നത്.
10) പിജി ഡിപ്ലോമ ഇൻ മാരിടൈം ലോ (ഒരു വർഷം)ഈ പ്രോഗ്രാം ഓണ്ലൈൻ രീതിയിലാണ് നടക്കുന്നത്.
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ എംബിഎ പഠിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കുക. കൂടാതെ പത്താം തരത്തിലെ പരീക്ഷയിലോ പന്ത്രണ്ടാം തരത്തിലെ പരീക്ഷയിലോ അല്ലെങ്കിൽ ബിരുദത്തിലോ ഇംഗ്ലീഷ് ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടാവണം. ഈ വിഷയം 50 ശതമാനം മാർക്കോടെ ജയിച്ചിട്ടും ഉണ്ടാകണം.
2026 അധ്യന വർഷം ആരംഭിക്കുന്ന ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിക്കുന്നതിലേക്കായി നടത്തുന്ന ഐഎംയു സിഇടി പ്രവേശന പരീക്ഷാ വിജ്ഞാപനം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം, 2026 ഏപ്രിൽ 24 വരെ അപേക്ഷകൾ സമർപ്പിക്കാം. മേയ് 24ന് പരീക്ഷ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.imu.edu.in വെബ്സൈറ്റ് സന്ദർശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
Kerala
കൊച്ചി: പ്രഖ്യാപിച്ച് അഞ്ചു വര്ഷം കഴിഞ്ഞിട്ടും നി ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നല്കി ആദരിക്കാത്തതിനു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു വിസി ഡോ. കെ. ഗീതാകുമാരി. ഒരു പെര്മനന്റ് വിസി വന്നു ചടങ്ങ് നടത്താനുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നാണ് ഈ വിഷയത്തില് നിലവിലെ വിസി പ്രഫ. കെ.കെ. ഗീതാകുമാരി ദീപിക ഓണ്ലൈനിനോടു പ്രതികരിച്ചത്.
2021ല് ആയിരുന്നു ശോഭന, സംസ്കൃത പണ്ഡിതന് എന്.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന് ടി.എം. കൃഷണ എന്നിവരെ ഡി ലിറ്റ് നല്കി ആദരിക്കാന് തീരുമാനിച്ചത്. എന്നാല്, ഗവര്ണര്ക്കു സമയം കിട്ടാത്തതുകൊണ്ട് ഈ ചടങ്ങ് നീണ്ടുപോയി. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനു സര്വകലാശാലയില് എത്തിയപ്പോഴാണ് സൗഹൃദ സംഭാഷണത്തിനിടെ ശോഭന ഇക്കാര്യം സൂചിപ്പിച്ചത്.
2021ല് ഗര്വണര്ക്കു സമയം കിട്ടിയില്ല, അതുകൊണ്ട് ചടങ്ങ് നടത്തിയില്ല എന്നാണ് അന്നു വിസി പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്റെ സമയം കഴിഞ്ഞതിനാൽ കൊടുക്കാന് പറ്റിയില്ല. അടുത്ത വിസി വന്നു. അദ്ദേഹത്തിനും ചെയ്യാന് പറ്റിയില്ല. അപ്പോഴേക്കും സാമ്പത്തികമായി യൂണിവേഴ്സിറ്റി വല്ലാത്ത പരാധീനതയില്പെട്ടു. ഒട്ടും സാമ്പത്തികമില്ല യൂണിവേഴ്സിറ്റിയില്. കുട്ടികളുടെ എണ്ണം കുറഞ്ഞു, ഫീസ് കിട്ടുന്നതു കുറഞ്ഞു.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പെന്ഷന് പറ്റിയവര്ക്കു പോലും പണം കൊടുക്കാന് പറ്റുന്നില്ല. അതുകൊണ്ട് ഈ സമയത്തു പത്തു ലക്ഷത്തിലധികം ചെലവു വരുന്ന ഒരു പരിപാടിയെ കുറിച്ചു ചിന്തിക്കാനേ പറ്റില്ല. വിശിഷ്ട വ്യക്തികള് ഒക്കെ പങ്കെടുക്കുന്ന ഒരു ചടങ്ങ് അതിന്റെ പ്രാധാന്യത്തോടെ നടത്താനുള്ള സാമ്പത്തികമില്ല.
ഞാന് ചുമതലയേറ്റിട്ടു രണ്ടു കൊല്ലമായി എന്നാല്, ഡി ലിറ്റ് നല്കുന്നതിനു വേണ്ടി ഒരു മീറ്റിംഗ് നടത്തിയിട്ടില്ല. കൊടുക്കില്ല എന്നു പറയുന്നതല്ല. സാമ്പത്തിക ഭദ്രമാകുമ്പോള് അതിനെക്കുറിച്ച് ആലോചിക്കാമെന്നു മാത്രമേ പറയാനാവൂ. ഒരു പെര്മനന്റ് വിസി വന്ന് ഇതു നടത്താനായുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ - ഗീതാകുമാരി പറഞ്ഞു.
District News
കാഞ്ഞങ്ങാട്: കണ്ണൂര് സര്വകലാശാല കലോത്സവത്തില് 243 പോയിന്റോടെ പയ്യന്നൂര് കോളജ് കിരീടത്തിലേക്ക് കുതിക്കുന്നു. 190 പോയിന്റോടെ തലശേരി ബ്രണ്ണന് കോളജാണ് രണ്ടാംസ്ഥാനത്ത്.
169 പോയിന്റ് നേടിയ വിറാസ് വിളയങ്കോടിനാണ് മൂന്നാംസ്ഥാനം. കണ്ണൂര് എസ്എന് കോളജും (126) ആതിഥേയരായ പടന്നക്കാട് നെഹ്റു കോളജുമാണ് നാലും അഞ്ചും സ്ഥാനത്ത്. കലോത്സവം ഇന്നു സമാപിക്കും. തെരുവുനാടകം, ഒപ്പന, മൈം, സ്കിറ്റ്, നാടന്പാട്ട്, മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയാണ് ഇന്നത്തെ മത്സരയിനങ്ങള്.
University News
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന എംഎ /എംഎസ്സി ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഏകജാലകം വഴിയാണല്ലോ പ്രവേശനം. ഇതേ വിധത്തിൽ തന്നെയാണോ മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ എംഎ /എംഎസ്സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം?
കെ.എൻ. രാജേഷ് കുമാർ, പയ്യന്നൂർ.
മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകൾ നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് സർവകലാശാല ഓരോ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്പ് തന്നെ ഈ പ്രോഗ്രാമുകളിലേക്കുള്ള പഠിതാക്കളെ തെരഞ്ഞെടുക്കുന്നതിനായി പ്രവേശന പരീക്ഷ നടത്താറുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലെയും കുട്ടികൾക്ക് പരീക്ഷ എഴുതുന്ന വിധത്തിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി പരീക്ഷാ കേന്ദ്രങ്ങളും നൽകാറുണ്ട്. ഈ വിധത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കി ഓരോ വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകളും അവർ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾക്ക് അനുയോജ്യരാണോയെന്ന് പരിശോധിക്കുന്നതിനുള്ള ഇന്റർവ്യൂ/ഗ്രൂപ്പ് ഡിസ്കഷൻ മുതലായവ കൂടി നടത്തി അന്തിമമായ ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ എല്ലാ വിധ സർക്കാർ നിശ്ചയിച്ചിട്ടുള്ള സംവരണ തത്വങ്ങളും പാലിക്കപ്പെട്ടാണ് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകൾ വ്യത്യസ്ത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്.
ഓരോ പ്രോഗ്രാമിനും നിശ്ചയിക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അടിസ്ഥാന യോഗ്യതയുടെ അവസാന വർഷ പഠനം നടത്തിക്കൊണ്ടിരിക്കുന്നവർക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള വിജ്ഞാപനം സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
എന്നാൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ (ഓട്ടോണമസ് കോളജുകൾ ഒഴികെ )നൽകുന്ന എല്ലാ ബിരുദാനന്തര പ്രോഗ്രാമിലേക്കും പ്രവേശനം നൽകുന്നത് കോമണ് അലോട്ട്മെന്റ് പ്രോസസിലൂടെയാണ്. ഇത് രണ്ടും വ്യത്യസ്തങ്ങളായ രീതികളാണ്.
University News
ഞാന് എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ ഒരു ഓട്ടോണമസ് കോളജില് മൂന്നാം വര്ഷം ബികോം വിദ്യാര്ഥിയാണ്. എന്റെ ബികോം പ്രോഗ്രാം വൊക്കേഷണല് പ്രോഗ്രാമാണ്. എനിക്ക് ബികോം ജയിച്ചശേഷം എംജി സര്വകലാശാലയില്നിന്ന് അഡീഷണല് ഇലക്ടീവ് ആയി ബികോം കോര്പറേഷന് എഴുതാനാവുമോ? ഓട്ടോണമസ് കോളജില്നിന്ന് ബികോം വൊക്കേഷന് കഴിയുന്ന എനിക്ക് സര്വകലാശാലയ്ക്ക് കീഴില് എംകോം പ്രോഗ്രാം പഠിക്കാന് കഴിയുമോ?
ഹസീന മുഹമ്മദ്,ഈരാറ്റുപേട്ട.
എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഓട്ടോണമസ് കോളജില് വൊക്കേഷണല് ബികോം കഴിയുന്ന ഒരാള്ക്ക് അഡീഷണല് ഇലക്റ്റീവ് തെരഞ്ഞെടുക്കാന് കഴിയും. സര്വകലാശാല നല്കുന്ന മോഡല് ഒന്ന്, മോഡല് രണ്ട്, മോഡല് മൂന്ന് (വൊക്കേഷണല്) അടക്കമുള്ള ഏത് ബികോം പ്രോഗ്രാമുകളും പാസായാല് പ്രൈവറ്റ് രജിസ്ട്രേഷന് നടത്തി അഡീഷണല് ഇലക്ടീവ് എഴുതാന് യോഗ്യതയുണ്ട്. അഡീഷണല് ഇലക്ടീവിനായി രജിസ്ട്രേഷന് നടത്തുന്ന സമയത്ത് പഠിതാവ് മറ്റൊരു ഹയര് പ്രോഗ്രാമും ഈ സര്വകലാശാലയിലോ മറ്റേതെങ്കിലും സര്വകലാശാലകളിലൊ പഠിക്കാന് പാടുള്ളതല്ല.
എംജി സര്വകലാശാലയുടെ കീഴില് ബികോ പഠിച്ചിട്ടുള്ള ഏതൊരു വിദ്യാര്ഥിക്കും അത് ഓട്ടോണമസ് കോളജില് ആണെങ്കിലും സര്ക്കാര് എയ്ഡഡ് കോളജിലാണെങ്കിലും(മോഡല് ഒന്ന്, മോഡല് രണ്ട്, മോഡല് മൂന്ന് (വൊക്കേഷണല്)) എകോം പ്രോഗ്രാം പഠിക്കുന്നതിനുള്ള അക്കാഡമിക് യോഗ്യതയുണ്ട്.
ഞാന് ബാച്ച്ലര് ഓഫ് ഫൈന് ആര്ട്സ് (ബിഎഫ്എ) ജയിച്ചയാളാണ്. എനിക്ക് എംബിഎക്ക് അഡ്മിഷന് ലഭിക്കുമോ?
പ്രിയ നന്ദന്, കാവാലം
എംബിഎ പ്രോഗ്രാമിന് പ്രവേശനം ലഭിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണെങ്കിലും ഫൈന് ആര്ട്സിലുള്ള ബിരുദം എംബിഎക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള യോഗ്യതയായി പരിഗണിക്കുന്നില്ല. നിലവിലുള്ള ബിരുദ യോഗ്യതവച്ച് താങ്കൾക്കു എംബിഎക്ക് പ്രവേശനം നേടാന് കഴിയില്ല.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലായ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയിൽ ഡോക്ടർമാരെ നിയമിച്ചതു പോലീസ് വേരിഫിക്കേഷനോ മറ്റു പരിശോധനകളോ ഇല്ലാതെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും ചാവേറായി പ്രവർത്തിച്ചയാളും ഉൾപ്പെടെ മൂന്നു ഡോക്ടർമാരെക്കുറിച്ചാണു റിപ്പോർട്ട്. യൂണിവേഴ്സിറ്റിയുടെ പ്രമോട്ടർക്കെതിരേയുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്ന ഇഡി ഡൽഹി കോടതിയിൽ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.
അൽ ഫലാ ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹ്മദ് സിദ്ദിഖി (61), അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർക്കെതിരേയാണ് പരാതി. വിദ്യാർഥികളുടെ ഫീസ് ഉപയോഗിച്ച് സിദ്ദിഖി അനധികൃത ഫണ്ടുകൾ സ്വരൂപിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
140 കോടി വിലമതിക്കുന്ന യൂണിവേഴ്സിറ്റിയുടെ ഭൂമിയും കെട്ടിടവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ഡോക്ടർമാരും രേഖകൾ പ്രകാരം മാത്രമായിരുന്നു ഡോക്ടർമാരെന്നും ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി നേടിയെടുക്കാനുള്ള തിരിമറികൾ നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുവെന്നു സംശയിക്കുന്ന മുസമ്മിൽ ഗനയ്, ഷഹീൻ സയ്ദ്, ഉമർ നബി എന്നിവർ സിദ്ദിഖിയുടെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പ്രിൻസിപ്പലും ഇഡിയെ അറിയിച്ചിട്ടുണ്ട്. സിദ്ദിഖി ഡോക്ടർമാർക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ നൽകിയെന്നും ഇഡിയുടെ കണ്ടെത്തലുകളിലുണ്ട്.
Education
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് (എൻഐഎഫടിഇഎം) രാജ്യത്ത് എത്ര എണ്ണം ഉണ്ട്? ഈ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ ഏതെല്ലാമാണ്?
അരുണ് കുമാർ, തലശേരി.
നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റിനു രാജ്യത്ത് രണ്ടു സ്ഥാപനങ്ങളാണുള്ളത്.
ദേശീയപ്രാധാന്യമുള്ള ഈ പഠന കേന്ദ്രങ്ങളിൽ ഫുഡ് ടെക്നോളജിയുമായി ബന്ധപ്പെട്ടു ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ഗവേഷണ രംഗത്തും വിവിധങ്ങളായ പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. ഭാരത സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസിന്റെ കീഴിൽ വരുന്നതാണ് ഈ സ്ഥാപനങ്ങൾ.
ഇതിൽ ഒന്നാമത്തെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ഹരിയാനയിലെ സോനാപേട്ടിലാണ് പ്രവർത്തിക്കുന്നത്. 2012ലാണു സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. സ്ഥാപനത്തിന്റെ മികവന്റെ അടിസ്ഥാനത്തിൽ 2019 പാർലമെന്റിൽ ബില്ല് അവതരിപ്പിച്ച് ഈ സ്ഥാപനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് ആയി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
എൻഐഎഫടിഇഎം സോനാപേട്ട് ഒരു കൽപിത സർവകലാശാലയാണ്.
സ്ഥാപനം ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ ഇവയാണ്.
1) നാലു വർഷത്തെ ബാച്ച്ലർ ഓഫ് ടെക്നോളജി ഇൻ ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്.
വളരെ മികവാർന്ന ഈ പ്രോഗ്രാം ടെക്നോളജിക്കൽ സ്കില്ലും മാനേജർ സ്കില്ലും പഠിതാവിൽ സൃഷ്ടിക്കുന്ന വിധമാണ് ഈ പ്രോഗ്രാമിന്റെ സിലബസ് രൂപപ്പെടുത്തിയിട്ടുള്ളത്.
2) രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് ടെക്നോളജി വ്യത്യസ്തങ്ങളായ അഞ്ചു സ്പെഷലൈസേഷനുകളോടെ ഈ സ്ഥാപനം പഠിതാക്കൾക്ക് ഓഫർ ചെയ്യുന്നു
a)എംടെക് ഇൻ ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
b) ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്
c) ഫുഡ് പ്രോസസ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്
d)ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്
e)ഫുഡ് പ്ലാൻസ് ഓപ്പറേഷൻസ് മാനേജ്മെന്റ്
f)പിഎച്ച്ഡി പ്രോഗ്രാമും എംബിഎയും എൻഐഎഫടിഇഎം, സോനാപേട്ട് ഓഫർ ചെയുന്നുണ്ട്.
ബിടെക് ബിരുദത്തിനു പ്രവേശനം ലഭിക്കാനായി പഠിതാവ് ജെഇഇ മെയിൻ പരീക്ഷയിൽ ഉയർന്ന റാങ്ക് ഉണ്ടാകണം. എംടെക് ആണ് ഇവിടെ പഠിക്കുന്നതെങ്കിൽ പ്രവേശനം ഗേറ്റ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും.
എംബിഎ പ്രോഗ്രാം ഈ സ്ഥാപനം ഓഫർ ചെയ്യുന്നത് രണ്ടു വർഷകാല ദൈർഘ്യമുള്ള പൂർണ സമയ പഠനമായിട്ടാണ്. 25 സീറ്റുകളാണ് ഈ പ്രോഗ്രാമായി സർവകലാശാല നൽകുന്നത്.
തമിഴ്നാട്ടിലെ തഞ്ചാവൂരിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്ട്രപ്രണർഷിപ്പ് മാനേജ്മെന്റ് പ്രവർത്തിക്കുന്നുണ്ട്.
1967ൽ കൃഷി അനുബന്ധമായ പഠനവുമായി ബന്ധപ്പെട്ട സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം 2021ൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ആയി മാറിയത്.
തഞ്ചാവൂരിലെ എൻഐഎഫടിഇഎം ബിടെക് പ്രോഗ്രാമും എംടെക് പ്രോഗ്രാമും പിഎച്ച്ഡി പ്രോഗ്രാമും വിദ്യാർഥികൾക്കായി ഓഫർ ചെയ്യുന്നുണ്ട്. ബിടെക് പ്രോഗ്രാമിലേക്ക് പ്രവേശനം നൽകുന്നത് ജെഇഇ മെയിൻ പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ്. തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് തമിഴ്നാട് സർക്കാരിന്റെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലാണ് അഫിലിയേഷൻ
Education
മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ യൂത്ത് ഫെസ്റ്റിവൽ പങ്കെടുത്ത ആളാണ് ഞാൻ. കോൽകളിയിൽ ഞങ്ങളുടെ ടീമിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്ന് സർവകലാശാല നൽകിയ സർട്ടിഫിക്കറ്റ് എന്റെ പക്കൽനിന്നും നഷ്ടമായി. ആ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
മുഹമ്മദ് കാസിൽ, എറണാകുളം.
സർവകലാശാലയുടെ യുവജനോത്സവത്തിൽ സമ്മാനാർഹരാകുന്ന വിദ്യാർഥികൾക്ക് നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റ് നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭി ക്കുന്നതിനു പ്രത്യേകമായ നിയമമില്ല. മഹാത്മാഗാന്ധി സർവകലാശാല നൽകുന്ന ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നഷ്ടമായാൽ ഡ്യൂപ്ലികേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നതിനു സർവകലാശാല പിന്തുടരുന്ന നിയമം തന്നെയാണ് കലോത്സവത്തിൽ പങ്കെടുത്ത് ലഭിച്ച മെറിറ്റ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും സർവകലാശാല പിന്തുടരുന്ന നടപടി. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല നിർദേശിച്ചിട്ടുള്ള നിയമങ്ങൾ താഴെ പറയുന്നവയാണ്.
ഏതെങ്കിലും ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് നഷ്ടമായാൽ നഷ്ടമായ കാര്യത്തെ ബോധ്യപ്പെടുത്തി ഒരു നോട്ടറി പബ്ലിക്കിന്റെ സത്യവാംഗ് മൂലം അഥവാ അഫിഡവിറ്റ് 200 രൂപ മുദ്രപത്രത്തിൽ വാങ്ങണം. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് ഒരിക്കലും ലഭിക്കാത്ത വിധം (Irrecoverably lost) നഷ്ടമായി എന്ന് നിർബന്ധമായും രേഖപ്പെടുത്തിയിട്ടുണ്ടാകണം.
ഒരു ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു സർവകലാശാല നിശ്ചയിച്ചിട്ടുള്ള ഫീസ് സർവകലാശാല ഫിനാൻസ് ഓഫീസറുടെ അക്കൗണ്ടിൽ ‘ഇ പേ’ വഴി അടച്ച് അതിന്റെ റെസിപ്റ്റ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയുടെ രേഖകൾക്കൊപ്പം ഹാജരാക്കണം. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് സർവകലാശാല നിശ്ചയിച്ചിട്ടുള്ള ഫീസ് കൂടാതെ സർവകലാശാല നിശ്ചയിച്ചിട്ടുള്ള തുക സെർച്ച് ഫീസ് ആയി സർവകലാശാല അക്കൗണ്ടിൽ അടയ്ക്കണം. സെർച്ച് ഫീ നിശ്ചയിക്കുന്നത് സർട്ടിഫിക്കറ്റ് ലഭിച്ച് എത്ര വർഷം കഴിഞ്ഞാണ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന സമയവുമായി ബന്ധപ്പെട്ടായിരിക്കും.
ഈ ഫീസ് വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ നല്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞിട്ടുള്ള ഡോക്യുമെന്റുകളോടൊപ്പം അപേക്ഷകൻ/അപേക്ഷക സർവകലാശാലയുടെ കണ്ട്രോളർ ഓഫ് എക്സാമിനേഷൻസിന് അഡ്രസ് ചെയ്തുകൊണ്ട് വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൂടി സമർപ്പിക്കണം.
ഡ്യൂപ്ലിക്കേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്പോൾ മുകളിൽ പറഞ്ഞ രേഖകളോടൊപ്പം അപേക്ഷകൻ/ അപേക്ഷക പഠിച്ച കോളജിലെ പ്രിൻസിപ്പൽ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ട്. ഈ വിധം സർവകലാശാലയിൽ ലഭിക്കുന്ന അപേക്ഷകളിലാണ് പൊതുവേ മഹാത്മാഗാന്ധി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.
മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ തന്നെയാണ് മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തു വിജയികളായവർക്ക് സർവകലാശാല നൽകിയ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും പിന്തുടരുന്നത്.
രണ്ടു കാര്യങ്ങൾ ഇവിടെ പ്രത്യേകമായി ഓർക്കേണ്ടതുണ്ട്. പ്രിൻസിപ്പലിന്റെ പക്കൽനിന്ന് ആവശ്യമുള്ള എൻഒസി കലോത്സവത്തിന്റെ മെറിറ്റ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് വെള്ളക്കടലാസിൽ അപേക്ഷകൻ കണ്ട്രോളർ ഓഫ് എക്സാമിനേഷനാണ് അപേക്ഷയിൽ അഡ്രസ് ചെയ്യേണ്ടത്. എന്നാൽ, കലോത്സവത്തിന് ലഭിച്ച മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് സമർപ്പിക്കുന്ന വെള്ളക്കടലസിലുള്ള അപേക്ഷയിൽ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നായിരിക്കണം അഡ്രസ് ചെയ്യേണ്ടത്.
ഈ വിധത്തിൽ പൂർണമായും പൂരിപ്പിച്ച് ലഭിച്ചിട്ടുള്ള അപേക്ഷ പരിശോധിച്ച് സർവകലാശാല സത്യമാണെന്ന് ബോധ്യപ്പെട്ടാൽ കലോത്സവത്തിന് സർവകലാശാല നൽകിയ ഒർജിനൽ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകും.
Kerala
തിരുവനന്തപുരം: വിദ്യാർഥികളിൽ അറിവിന്റെയും ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളജ് വിദ്യാർഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണു മത്സരം സംഘടിപ്പിക്കുക.
സ്കൂൾ തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നൽകും. കോളജ് തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഇതിനു പുറമേ മെമന്റോയും പ്രശസ്തിപത്രവും വിജയികൾക്ക് സമ്മാനമായി നൽകും.
സ്കൂൾ വിഭാഗത്തിൽ സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം.
സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. കോളജ് വിഭാഗത്തിൽ കോളജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരങ്ങൾ. കോളജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീമായും മത്സരിക്കാവുന്ന രീതിയിലാണു ക്രമീകരണം.
ജനുവരി 12 മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ശരി ഉത്തരങ്ങൾ നൽകുന്ന കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാതലം മുതൽ പരിപാടി സംഘടിപ്പിക്കുന്നത്.
Kerala
തൃശൂർ: സഹകരണമേഖലയിൽ തൃശൂരിലടക്കം മൂന്നിടങ്ങളിൽകൂടി നഴ്സിംഗ് കോളജുകൾ ആരംഭിക്കുമെന്നു മന്ത്രി വി.എൻ. വാസവൻ. 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം കോവിലകത്തുംപാടം ജവഹർലാൽ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വടക്കാഞ്ചേരി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണു കോളജുകൾ ആരംഭിക്കുക. ഗവേഷണങ്ങൾ നടത്താൻ സഹകരണ മേഖലയിൽ സർവകലാശാല വേണമെന്ന് വിഷൻ 2031 സെമിനാറിന്റെ ഭാഗമായി ഉയർന്നിരുന്നു. അതു യാഥാർഥ്യമാക്കും. നെല്ലു സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണമേഖലയിൽ രണ്ടു മില്ലുകൾ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഒരുമിപ്പിക്കുന്ന പദ്ധതികളുടെ പ്രാഥമിക ചർച്ച നടക്കുകയാണ്.
പുതുതലമുറ നാടുവിട്ടുപോകുന്നതു തടയാൻ കഴിയുന്ന രീതിയിൽ ഇടപെടാനാകണം. വലിയ സംരംഭങ്ങൾ തുടങ്ങാനാകണം. ഇവന്റ് മാനേജ്മെന്റ് മുതൽ ഐടിവരെ ഇതിലൂടെ സാധ്യമാക്കുന്നുണ്ട്. പ്രാഥമിക സഹകരണസംഘങ്ങൾക്കും ഇത്തരം ഇടപെടലുകൾക്കു കഴിയണമെന്നും പുതിയ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. നിജി ജസ്റ്റിൻ, എംഎൽഎമാരായ പി. ബാലചന്ദ്രൻ, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
National
ബംഗളൂരു: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ ബംഗളൂരു ക്രിസ്തുജയന്തി കോളജ് പുതുചരിത്രംകുറിച്ച് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി.
ക്രിസ്തുജയന്തി കാമ്പസിൽ ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ദ ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പിന്റെ ഡയറക്ടറും മുൻ ചീഫ് എഡിറ്ററുമായ പത്മഭൂഷൻ ഡോ. എൻ. റാം മുഖ്യാതിഥിയായിരുന്നു. ക്രിസ്തുജയന്തിയുടെ വിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം ഉത്തമ വിദ്യാഭ്യാസം സമൂഹത്തിനു നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ സിഎംഐ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ആംസ്ട്രോംഗ് പാമേ വിശിഷ്ടാതിഥിയായി. യൂണിവേഴ്സിറ്റി ചാൻസലറും കോട്ടയം പ്രൊവിൻഷ്യലുമായ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റവ. ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ, പ്രോവൈസ് ചാൻസലർ റവ. ഡോ. ലിജോ പി. തോമസ് സിഎംഐ, ചീഫ് ഫിനാൻസ് ഓഫീസർ റവ. ഡോ. ജെയ്സ് വി. തോമസ് സിഎംഐ, യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അലോഷ്യസ് എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നുള്ള വൈസ് ചാൻസലർമാരും കമ്പനി സിഇഒമാരും വിവിധ രാഷ്ട്രീയ-വിദ്യാഭ്യാസ-സാമൂഹിക-ആത്മീയ മേഖലകളിൽനിന്നുള്ള ഉന്നതരും ഉദ്ഘാടന ചടങ്ങിനു സാക്ഷ്യം വഹിച്ചു.ക്രിസ്തു ജയന്തിയുടെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ വൈദികരെ ചടങ്ങിൽ ആദരിച്ചു.
യൂണിവേഴ്സിറ്റി ലോഗോയുടെ ഔദ്യോഗികമായ പ്രകാശനവും യൂണിവേഴ്സിറ്റിയുടെ 25 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് വൈസ് ചാൻസലർ റവ. ഡോ. അഗസ്റ്റിൻ ജോർജും ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ ഫാ. ജോഷി മാത്യുവും ചേർന്നു രചിച്ച ‘ലൂമിനസൻസ്: ദ സിൽവർ ജേർണി ഓഫ് ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു.
രണ്ടായിരത്തിൽപ്പരം വിശിഷ്ടാതിഥികൾ പങ്കെടുത്ത ആഘോഷ പരിപാടിയുടെ സമാപനത്തിൽ ക്രിസ്തുജയന്തി ഡാൻസ് അക്കാദമിയും ക്രിസ്തുജയന്തി മ്യൂസിക് അക്കാഡമിയും ചേർന്നൊരുക്കിയ കലാവിരുന്നുമുണ്ടായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന ഫെലിസിറ്റേഷൻ സെറിമണിയിൽ സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായി ഡോ. അനിൽ ജോസഫ് കൂട്ടോ മുഖ്യാതിഥിയായിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ക്രിസ്തുജയന്തി കോളജിനെ യൂണിവേഴ്സിറ്റിയായി ഉയർത്തിയത്. സിഎംഐ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ മേൽനോട്ടത്തിൽ ബംഗളൂരുവിലെ കൊത്തന്നൂർ ആസ്ഥാനമായി കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ക്രിസ്തുജയന്തി കോളജിൽ പതിനാറായിരത്തിൽപ്പരം വിദ്യാർഥികളാണു പഠിക്കുന്നത്.
National
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായുള്ള മുൻഗണനാ പട്ടികയിൽ മെറിറ്റ് അവഗണിച്ചെന്ന് ഗവർണർ സുപ്രീംകോടതിയിൽ. മുഖ്യമന്ത്രി ഇടപെട്ടാണ് ഈ നീക്കമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റി പാനൽ തയാറാക്കിയത്. എന്നാൽ ഇവർ തയാറാക്കിയ രണ്ട് പട്ടികയിലും സ്ഥാനംപിടിച്ചവർക്ക് മുഖ്യമന്ത്രി മുൻഗണന നൽകിയില്ലെന്നും ഗവർണർ ആരോപിച്ചു.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് അഞ്ച് പേര് അടങ്ങുന്ന പാനലും സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് നാല് പേര് അടങ്ങുന്ന പാനലുമാണ് സെർച്ച് കമ്മിറ്റികൾ തയാറാക്കിയത്. രണ്ട് സെർച്ച് കമ്മിറ്റികളും ഉൾപ്പെട്ട രണ്ട് പേരുണ്ട്.
എന്നാൽ ഒക്ടോബർ 14ന് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയിൽ ഈ രണ്ടുപേർക്കും മുൻഗണന നൽകിയിട്ടില്ല. രണ്ട് പട്ടികയിലും സ്ഥാനംപിടിച്ച ഈ രണ്ട് പേരുമാണ് വൈസ്ചാൻസലർ നിയമനത്തിന് യോഗ്യരായവരെന്നും ഗവർണർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
National
ന്യൂഡൽഹി: അൽഫലാ സർവകലാശാലയ്ക്കെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര് രജിസ്റ്റർ ചെയ്തത്. രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലയ്ക്ക് ഡൽഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
സ്ഫോടനത്തില് ഇന്ന് പിടിയിലായ ഡോക്ടർക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. പഠാൻകോട്ടിൽ നിന്ന് പിടിയിലായ സർജൻ ഡോക്ടർ റയീസ് അഹമ്മദ് അൽഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഉമർ നബിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്.
രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
University News
കാലിക്കട്ട് സര്വകലാശാലാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എന്ജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ (ഐഇടി) ഇലക്ട്രിക്കല് ആൻഡ് ഇലക്ട്രോണിക്സ് പഠനവകുപ്പ് നടത്തുന്ന ഫാക്കല്റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര് 17 മുതല് 22 വരെയാണ് പരിശീലനം. എഐസിടിഇ ട്രെയിനിംഗ് ആൻഡ് ലേണിംഗാണ് പ്രോഗ്രാം സ്പോണ്സര് ചെയ്യുന്നത്. വിവിധ വകുപ്പുകളില് ജോലി ചെയ്യുന്ന എന്ജിനിയറിംഗ് ബിരുദധാരികള്, ബിരുദാനന്തര ബിരുദ വിദ്യാര്ഥികള്, ഗവേഷകര്, കോളജ് / പോളിടെക്നിക് അധ്യാപകര്, സാങ്കേതിക വ്യവസായ മേഖലയിലുള്ളവര് എന്നിവര്ക്ക് അപേക്ഷിക്കാം. പ്രവേശനം സൗജന്യമാണ്. കൂടുതല് വിവരങ്ങള് കോളജ് വെബ്സൈറ്റില് https://iet.uoc.ac.in/.
ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
ഒന്നാം വര്ഷം മുതല് നാലാം വര്ഷം വരെ ബിഎസ്സി - മെഡിക്കല് മൈക്രോബയോളജി, മെഡിക്കല് ബയോകെമിസ്ട്രി, മെഡിക്കല് ലബോറട്ടറി ടെക്നോളജി (2012 സ്കീം - 2015, 2016 പ്രവേശനം) സെപ്റ്റംബര് 2025 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷകള്ക്ക് ഡിസംബര് 12 വരെ അപേക്ഷിക്കാം. ലിങ്ക് നവംബര് 13 മുതല് ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റര് ബിപിഎഡ്. (2023 പ്രവേശനം) ഏപ്രില് 2025 റഗുലര് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് 21 വരെ അപേക്ഷിക്കാം.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സര്വകലാശാല വിസിനിയമന നടപടികളിലേക്ക് രാജ്ഭവൻ കടന്നതോടെ പ്രതികരണവുമായി മന്ത്രി ആര്. ബിന്ദു. രാജ്ഭവൻ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറിലസത്തെ തകർക്കലാണെന്നും മന്ത്രി വിമർശിച്ചു. സെര്ച്ച് കമ്മിറ്റിയിൽ നിന്ന് കാലിക്കറ്റ് സര്വകലാശാല പ്രതിനിധിക്ക് പിന്മാറാനാകില്ലെന്നാണ് രാജ്ഭവന്റെ നിലപാട്.
തന്നെ ഒഴിവാക്കണമെന്ന ഡോ. എ.സാബുവിന്റെ ആവശ്യം തള്ളുകയും ചെയ്തു. സര്വകലാശാല സെനറ്റാണ് പട്ടിക നൽകിയതെന്നും ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണമെന്നുമാണ് രാജ്ഭവന്റെ മറുപടി. കഴിഞ്ഞ ദിവസമാണ് രാജ്ഭവൻ സ്വന്തം നിലയിൽ വിസി നിയമന അപേക്ഷ ക്ഷണിച്ചത്.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാര്ഥികൾക്ക് പരിക്ക്. പരിക്കേറ്റ യുഡിഎസ്എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില് പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ യുഡിഎസ്എഫ് നേതാക്കൾ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. കെഎസ്യു സംസ്ഥാന ട്രഷറർ കെ.ബി.ആദിൽ, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.
സര്വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്ഷം ഉണ്ടായിരുന്നു. തുടർന്ന് ഇരു വിദ്യാര്ഥി സംഘടനകളിലെ പ്രവര്ത്തകരും തമ്മില് പലപ്പോഴായി ഏറ്റുമുട്ടല് ഉണ്ടായിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സേർച്ച് കമ്മിറ്റിക്ക് ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി.
മൂന്നംഗ കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയായി നാഷണൽ സയൻസ് ചെയർ പ്രെഫസർ ഡോ.എലുവത്തിങ്കൽ ഡി.ജെമ്മിസും യുജിസി പ്രതിനിധിയായി മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രഫ. രവീന്ദ്ര ഡി. കുൽക്കർണിയേയും നാമനിർദേശം ചെയ്തു.
സിൻഡിക്കേറ്റ് പ്രതിനിധിയായി കേരള സ്റ്റേറ്റ് കൗണ്സിൽ ഫോർ സയൻസടെക്നോളജി ആൻഡ് എൻവയോണ്മെന്റ് മെമ്പർ സെക്രട്ടറിയായ പ്രഫ എ.സാബുവാണ് സേർച്ച് കമ്മിറ്റിയംഗം.
Education
ലോകത്ത് വലിയ കരിയർ സാധ്യത നൽകുന്ന പഠന മേഖലയാണല്ലോ മാനേജ്മെന്റ് പഠനം. മാനേജ്മെന്റ് പഠനം ഇന്ന് കാണുന്ന രീതിയിൽ ലോകത്തും, ഇന്ത്യയിലും ആരംഭിച്ചതിനെ സംബന്ധിച്ച് വിവരിക്കാമോ? ഇപ്പോൾ മാനേജ്മെന്റ് പഠനത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഏതെന്നും വിശദീകരിക്കാമോ?
വിഷ്ണു കുമാർ, ദേശം, ആലുവ.
ഇന്നു കാണുന്ന ആധുനിക രൂപത്തിലുള്ള മാനേജ്മെന്റ് പഠനം ആരംഭിക്കുന്നത് 18-ാം നൂറ്റാണ്ടിൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും രൂപക്കൊണ്ട വ്യവസായിക വിപ്ലവത്തോടെയാണ്.
മാനേജ്മെന്റ് പഠനത്തിന്റെ ഇന്ത്യൻ ചരിത്രമെന്നു പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ പാതിക്കുശേഷം മാത്രമാണ്.
1956ൽ ഓൾ ഇന്ത്യ മാനേജ്മെന്റ് ബോർഡ് ഡൽഹി യൂണിവേഴ്സിറ്റിയിയുടെ ഫാക്കൾറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ജമനാ ലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുംബൈ, കൽക്കട്ടയിൽ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ വെൽഫെയർ ആൻഡ് ബിസിനസ്, മദ്രാസ് സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ബിസിനസ് മാനേജ്മെന്റ് എന്നിവ മൂന്നുവർഷം പഠനകാലയളവുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ബിസിനസ് മാനേജ്മെന്റ് ഫോർ വർക്കിംഗ് എക്സിക്യൂട്ടീവ്സ് ആരംഭിച്ചു. ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം ഇന്ത്യയിലെ ബിസിനസ് ഇൻഡസ്ട്രി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാനേജ്മെന്റ് പഠനത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുക എന്നതായിരുന്നു. ഇവിടെനിന്നാണ് പിന്നീട് മാനേജ്മെന്റ് പഠനത്തിലേക്കുള്ള ഇന്ത്യൻ യാത്ര ആരംഭിക്കുന്നത്.
1961ൽ രാജ്യത്തെ ആദ്യ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐഎഎം കൽക്കട്ട പ്രവർത്തനം ആരംഭിച്ചു. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹായത്തോടെയാണ് ആരംഭിക്കുന്നത്. 1963ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് യുഎസിലെ ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ സഹായത്തോടെ ആരംഭിക്കുകയും ചെയ്തതോടുകൂടി മാനേജ്മെന്റ് പഠനത്തിന് കൃത്യമായ ഒരു ദിശാബോധം രാജ്യത്തുണ്ടായി.
ഇന്ത്യയുടെ മാനേജ്മെന്റ് പഠനത്തിന്റെ സ്വകാര്യ അഹങ്കാരമായി വിശേഷിപ്പിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകൾ (ഐഐഎം) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്റ് പഠന കേന്ദ്രങ്ങളാണ്. ഈ സ്ഥാപനങ്ങളെല്ലാം ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് നാഷണൽ ഇംപോർട്ടൻസ് എന്ന പ്രത്യേക പദവി ലഭിച്ചിട്ടുള്ളവയാണ്.
രാജ്യത്ത് ഇപ്പോൾ 21 ഐഐഎമ്മുകളാണുള്ളത്. ഈ ഐഐഎമ്മുകളെ അതിന്റെ സ്ഥാപന നാളുകളുമായി ബന്ധപ്പെടുത്തി മൂന്ന് ഗണമായി തിരിക്കാം.
ഒന്നാമത്തെ തലമുറ എന്ന് പറയുന്നത് രാജ്യത്ത് ഏറ്റവും പഴക്കം ചെന്ന ഐഐഎമ്മുകളായ അഹമ്മദാബാദ്, കൽക്കട്ട, ബാംഗ്ലൂർ, ഇൻഡോർ,കോഴിക്കോട്, ലക്നോ എന്നിവയാണ്.
രണ്ടാമത്തെ ഗണത്തിൽ- റാഞ്ചി, റോഹ്്തക്ക്, റായ്പുർ, ഉദയപുർ, ട്രിച്ചി. ഇവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് 2008 -2011 കാലയളവിലാണ്. മൂന്നാമത്തെ ഗണത്തിൽപ്പെടുന്നവ- അമൃത്സർ, ബുദ്ധഗയ, ജമ്മു, നാഗ്പുർ അടക്കമുള്ള മറ്റ് ഐഎംഎമ്മുകൾ. ഇവ 2015ന് ശേഷം മാത്രം സ്ഥാപിക്കപ്പെട്ടവയാണ്.
ഇതുകൂടാതെ സ്വകാര്യമേഖലയിലുള്ള സർവകലാശാലകളും ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളും നടത്തുന്ന മികച്ച മാനേജ്മെന്റ് പഠന സ്ഥാപനങ്ങളുമുണ്ട്.
സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, സിംബോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, അമിറ്റി ബിസിനസ് സ്കൂൾ, രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് കൊച്ചി എന്നിവ എടുത്തു പറയേണ്ടവയാണ്.
മാനേജ്മെന്റ് പഠനത്തിൽ വന്ന മാറ്റങ്ങൾ
മാനേജ്മെന്റ് പഠനത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് മാറ്റങ്ങളുണ്ടായിരിക്കുന്നത്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])
Kerala
തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.
ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പോലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.
Education
ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് പോലുള്ള പ്രോഗ്രാമുകളുടെ പഠനം ഈ സമയത്ത് തൊഴിലവസരങ്ങൾ നൽകുന്നതാണോ? ഏതൊക്കെ മേഖലയിലാണ് തൊഴിലവസരങ്ങൾ ലഭിക്കുക?
റെജി ബ്ലാക്കൽ, മുതലക്കോടം, തൊടുപുഴ.
ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് മേഖലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും ഒക്കെ ഉള്ളവർക്ക് വലിയ തൊഴിലവസരങ്ങൾ ഇന്ന് ലഭ്യമാണ്.
എന്താണ് ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകളിലൂടെ പൊതുവെ പഠിക്കുന്നത്?
ഭക്ഷ്യവസ്തുക്കളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കൽ ഗുണനിലവാരങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന മാറ്റങ്ങൾ. അവ ഭക്ഷ്യപദാർത്ഥങ്ങളിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ, ദോഷങ്ങളുണ്ടാക്കിയാൽ അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം മിക്കവാറും എല്ലാ ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പ്രോഗ്രാമുകളിലും കോർ കണ്ടന്റ് ആയി പഠിക്കേണ്ടതുണ്ട്.
ഭക്ഷണ, പാനീയങ്ങൾ എങ്ങനെ വിപണിയിൽ വിറ്റഴിക്കുന്നു എന്നത് അടക്കമുള്ള വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഫുഡ് ടെക്നോളജിയിലുള്ള ബിരുദ പഠനത്തിലും ബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലും ഉൾപ്പെടുന്നുണ്ട്.
ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും മൂന്നുവർഷത്തെ അല്ലെങ്കിൽ നാലു വർഷത്തെയോ ഡിഗ്രിയോ, ഓണേഴ്സ് പഠനമോ അല്ലെങ്കിൽ നാലു വർഷത്തെ ബിടെക് പഠനത്തിലുണ്ടാകും.
ഫുഡ് ടെക്നോളജി പഠനം പ്രഫഷണൽ പ്രോഗ്രാം എന്നതുപോലെ ബിടെക് ഫുഡ് ടെക്നോളജി ഒരു എൻജിനിയറിംഗ് പഠനമായും ബിഎസ് സി ഫുഡ് സയൻസ്, ബിഎസ് സി ക്വാളിറ്റി കണ്ട്രോൾ എന്ന പേരിൽ സാധാരണ സയൻസ് ജനറിക് ഡിഗ്രിയായും ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും പഠിക്കാൻ കഴിയും.
കേരളത്തിലെ എൻജിനിയറിംഗ് കോളജുകൾ പ്രവേശനം ലഭിക്കുന്നതിനുള്ള എൻട്രൻസ് പരീക്ഷ വഴി കേരളത്തിലെ കാർഷിക/ ഫിഷറീസ് /വെറ്റിനറി സർവകലാശാലകളിലും, സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലയിലുള്ള എൻജിനിയറിംഗ് കോളജുകളിലും ബിടെക് ഫുഡ് ടെക്നോളജി പഠനത്തിനുള്ള അവസരമുണ്ട്.
കേരളത്തിലെ വിവിധ സർവകലാശാലകളിൽ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ബിഎസ് സി ഫുഡ് സയൻസ്, എംഎസ് സി ഫുഡ് സയൻസ് അടക്കമുള്ള പ്രോഗ്രാമുകൾ ലഭ്യമാണ്. ഇവയെല്ലാം റെഗുലറായി പഠിക്കാവുന്ന പ്രോഗ്രാമുകൾ ആണെങ്കിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ് യൂണിവേഴ്സിറ്റി,ന്യൂഡൽഹി വിദൂര വിദ്യാഭ്യാസം വഴി പിജി ഡിപ്ലോമ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ് എന്ന പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട്.
തൊഴിൽ സാധ്യതകൾ
ഫുഡ് ടെക്നോളജിസ്റ്റ്, ക്വാളിറ്റി കണ്ട്രോളർ, ഫുഡ് ഇൻസ്പെക്ടർ, ന്യൂട്രീഷൻ, ഡയറ്റിഷൻ, റെഗുലേറ്ററി അഫയർ ഓഫീസർ അടക്കം വ്യത്യസ്തങ്ങളായ ജോബ് റോളുകളാണ് ഗവണ്മെന്റ് സെക്ടറുകളിലും സ്വകാര്യ മൾട്ടി നാഷണൽ കന്പനികളിലും ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പഠിച്ചവർക്ക് ലഭിക്കുന്നത്.
രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കൾ
സർക്കാർ സംവിധാനത്തിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ്. കൂടാതെ ഗവേഷണരംഗവുമായി ബന്ധപ്പെട്ട ഇന്ത്യൻ കൗണ്സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് വിവിധ പൊട്ടൻഷ്യൽ ഏരിയകളിൽ വിവിധങ്ങളായ ഫുഡ് ടെക്നോളജി ഫുഡ് സയൻസ് റിലേറ്റഡ് മേഖലകളിൽ ജോലിയും ഗവേഷണം ചെയ്യുന്നുള്ള അവസരവും ലഭ്യമാണ്.
കേരള സർക്കാരിന്റെ ലോക്കൽ ബോഡികളിൽ ഫുഡ് ഇൻസ്പെക്ടർ, അഷ്വറൻസ് ഇൻസ്പെക്ടർ അടക്കമുള്ള ജോലികൾക്കും ഫുഡ് ടെക്നോളജി പഠനം വഴി തുറക്കുന്നു.
ഫുഡ് പ്രോസസിംഗും അനുബന്ധ പ്രവർത്തനങ്ങളും വലിയ വ്യാവസായിക അടിസ്ഥാനത്തിൽ നടക്കുന്നതിനാൽ കൂടുതൽ കരിയർ സാധ്യതകൾ മൾട്ടി നാഷണൽ കന്പനികളിലാണ്.
ക്യുക്ക് സർവീസ് റസ്റ്ററന്റുകളിൽ ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകൾ നല്ല രീതിയിൽ പഠിച്ചു പാസായവർക്ക് ധാരാളം അവസരമുണ്ട്. ഇതിനു മുൻപന്തിയിൽ നിൽക്കുന്ന കന്പനികളാണ് ഡോമിനോസ് , കെഎഫ്സി, മാക് ഡൊണാൾഡ് പോലുള്ള സ്ഥാപനങ്ങൾ.
ഫാർമസ്യൂട്ടികൽ കന്പനികൾ, പാക്കിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും. ഹോസ്പിറ്റലിൽ മേഖലകളിലും വലിയ ഹോട്ടലുകളിലും ഫുഡ് പ്രോസസിംഗ് സ്ഥാപനങ്ങളിലും ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പ്രോഗ്രാമുകൾ പഠിച്ചവർക്ക് അവസരങ്ങളുണ്ട്.
ഇതിനൊക്കെ പുറമേ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും ഫുഡ് ടെക്നോളജിയിലും ഫുഡ് സയൻസിലും ബിരുദവും ബിരുദാനന്തര ബിരുദവും റിസർച്ച് പരിശീലനവും ലഭിച്ചവർക്ക് അവസരങ്ങൾ ധാരാളമുണ്ട്. വളരെ വേഗം വികസനം ആകുന്ന പുതിയ കാലഘട്ടത്തിലും മാർക്കറ്റിംഗ് കൾച്ചറിലും വലിയ സാധ്യതകളുടെ ഒരു ചക്രവാളം തുറക്കുന്നതാണ് ഫുഡ് പ്രോസസിംഗ് ഫുഡ് സയൻസ് ഫുഡ് ടെക്നോളജി പഠന മേഖല.
രാജ്യത്തെ പ്രധാനപ്പെട്ട ഫുൾ ടെക്നോളജി/ ഫുഡ് സയൻസ്പഠനകേന്ദ്രങ്ങൾ
നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓണ്ട്രപെണർഷിപ്പ് ആൻഡ് മാനേജ്മെന്റ്, ഹരിയാന.
രാജ്യത്തെ ഫുഡ് ടെക്നോളജി പഠന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം. ഇവിടെ ബിടെക്, എംടെക്, പി എച്ച് ഡി പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്.സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,മൈസൂർ.
എംഎസ് സി ഫുഡ് ടെക്നോളജി ഓഫർ ചെയ്യുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ്പ് പ്രോസസിംഗ് ടെക്നോളജി, തഞ്ചാവൂർ, തമിഴ്നാട്.ബിടെക്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു.തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, കോയന്പത്തൂർ.
ഫുഡ് ടെക്നോളജിയിൽ ബിടെക് പോഗ്രാം ഓഫർ ചെയ്യുന്നു.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
NRI
സൗത്ത് കാരോലിന: സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ശനിയാഴ്ച രാത്രി നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പുകളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവങ്ങളെത്തുടർന്ന് കാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
വിദ്യാർഥി റസിഡൻഷ്യൽ കോംപ്ലക്സായ ഹ്യൂഗൈൻ സ്യൂട്ട്സ് പ്രദേശത്തിന് സമീപമാണ് ആദ്യ വെടിവയ്പ് നടന്നതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ഇവിടെ വെടിയേറ്റ ഒരു വനിതയെ ഉടൻതന്നെ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ചത് സലുഡ സ്വദേശിയായ 19 വയസുള്ള ജാലിയ ബട്ട്ലർ ആണെന്ന് ഓറഞ്ച്ബർഗ് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. രണ്ടാമത്തെ വെടിവയ്പിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് വെടിവയ്പുകളും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടരുകയാണെന്നും സൗത്ത് കാരോലിന ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ സ്ഥിരീകരിച്ചു.
Kerala
കൊച്ചി: സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ 13ല് 12 സര്വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസിലറായ ഗവർണറെയും കോടതി വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന് കുന്നുമ്മലിന് നല്കിയത് ചോദ്യം ചെയ്തുള്ള ഹര്ജി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിലെ വിധിപ്പകർപ്പിലാണ് കോടതിയുടെ വിമർശനം.
ഡോ.മോഹൻ കുന്നുമ്മലിന് കേരള സർവകലാശാല വിസിയുടെ താത്കാലിക ചുമതല നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. സ്ഥിരം വിസി നിയമനം വൈകിയത് കൊണ്ടാണ് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി താത്കാലിക വിസിയെ നിയമിച്ചതെന്ന ഗവർണറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.