ചേർത്തല: മുഖ്യമന്ത്രിയുടെ കാര്യത്തിൽ മാത്രമല്ല, വകുപ്പിലും ഭരണത്തിലും എല്ലാം മുസ്ലിംലീഗ് പ്രാധാന്യം നേടുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ അതിനുള്ള ശേഷിയും കരുത്തും മുസ്ലിം ലീഗിന് ഉണ്ട്.
കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചിട്ടും കെ.സി. വേണുഗോപാലിനെ വെട്ടിയതിന് പിന്നിലെന്തെന്ന് അരി ആഹാരം കഴിക്കുന്നവർക്കു മനസിലാകും.
തെരഞ്ഞെടുപ്പിന് സമ്പത്തും ബുദ്ധിയും നൽകിയത് കെസിയാണ്. നല്ല മെയ്വഴക്കവും പരിചയസമ്പത്തും ഉണ്ടെങ്കിലും രമേശ് ചെന്നിത്തല ഭാഗ്യദോഷിയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ ഉന്നത തലങ്ങളിൽ എത്തി.
മാന്യമായ പരിഗണന നൽകാമായിരുന്നു. ഇക്കാര്യത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണം അനവസരത്തിലായി പ്പോയി. ഇത്തരത്തിൽ അഭിപ്രായമുണ്ടെങ്കിൽ അതു നേരത്തേ പറയണമായിരുന്നു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണ്. സാമൂഹ്യ നീതിയിലധിഷ്ഠിതമായി ഭരണം നടത്താൻ വി.ഡി. സതീശനു കഴിയട്ടേയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.