തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ട് ഇനി മുതൽ പൂർണമായും പ്രഫഷനൽ ആവശ്യങ്ങൾക്കും സിനിമാ സംബന്ധമായ ഔദ്യോഗിക അറിയിപ്പുകൾക്കും മാത്രമായിരിക്കും ഉപയോഗിക്കുകയെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ.
വ്യക്തിപരമായ ഇടപെടലുകളിൽ നിന്ന് തൽക്കാലം പിന്മാറുകയാണെന്നും താരം വെളിപ്പെടുത്തി.
ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
അക്കൗണ്ടിന്റെ തുടർന്നുള്ള മേൽനോട്ടവും നടത്തിപ്പും '22 ഫ്രെയിംസ് ടാലന്റ് ഏജൻസി'യെ ഏൽപ്പിച്ചതായും അദ്ദേഹം കുറിപ്പിൽ പറയുന്നു. സിനിമകളുടെ പ്രഖ്യാപനങ്ങൾ, പ്രൊമോഷനുകൾ, പ്രഫഷനൽ അപ്ഡേറ്റുകൾ, മാധ്യമ വാർത്തകൾ എന്നിവ കൃത്യവും ആധികാരികവുമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി.
"എല്ലാവർക്കും നമസ്കാരം, നിങ്ങളുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും നിങ്ങളുടെ സ്നേഹവും പിന്തുണയും അനുഭവിക്കാനും എനിക്കെന്നും ലഭിച്ച മനോഹരമായ ഒരിടമാണ് സോഷ്യൽ മീഡിയ.
മുന്നോട്ടുള്ള യാത്രയിൽ, വ്യക്തിപരമായ ഇടപെടലുകളിൽ നിന്ന് അല്പം പിന്മാറാനും ഈ പ്ലാറ്റ്ഫോമിനെ കൂടുതൽ പ്രഫഷനലായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.
ഇനി മുതൽ എന്റെ സിനിമകളുടെ പ്രഖ്യാപനങ്ങൾ, പ്രൊമോഷനുകൾ, പ്രഫഷനൽ അപ്ഡേറ്റുകൾ, മാധ്യമ വാർത്തകൾ എന്നിവ പങ്കുവയ്ക്കുന്നതിനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായിരിക്കും ഈ അക്കൗണ്ട്.
കൃത്യവും ആധികാരികവുമായ വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇതിന്റെ മേൽനോട്ടവും നടത്തിപ്പും '22 ഫ്രെയിംസ് ടാലന്റ് ഏജൻസി'യെ ഏൽപ്പിച്ചിരിക്കുകയാണ്.
ഇവിടുത്തെ എന്റെ സാന്നിധ്യത്തിൽ മാറ്റങ്ങളുണ്ടായേക്കാമെങ്കിലും, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള എന്റെ നന്ദി എന്നും ഒരുപോലെ നിലനിൽക്കും. സ്നേഹപൂർവം, നന്ദിയോടെ, ഉണ്ണി മുകുന്ദൻ’