ഗുഡ് ബാഡ് അഗ്ലിക്കുശേഷം അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ‘ഡെയർ ഡെവിളി’ൽ പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനും. സൂരി നായകനായ ‘ഗരുഡനു’ശേഷം ഉണ്ണി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചു നടന്നു. ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ശാലിനി അജിത് കുമാറാണ്. 34 വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത് കുമാർ നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നത്.
ശ്രീലീലയാണ് നായിക. പാർത്ഥിപൻ, സുനിൽ, റെഡിൻ കിങ്സ്ലി, പ്രഭു, രാധിക, യോഗി ബാബു എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.
സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം.നവംബർ 12-ന് ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കും. ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കുന്ന തുടർച്ചയായ ഷെഡ്യൂളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു റൂറല്‍ ഡ്രാമയിലായിരിക്കും ചിത്രമെന്ന റിപ്പോർട്ടുകൾ ഉണ്ട്.