കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടും നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍മാര്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ഹൈക്കോടതി.
അനധികൃത ബോര്‍ഡുകള്‍ തടയുന്നതിലും പിഴ ഈടാക്കുന്നതിലും വീഴ്ച തുടരുന്ന സാഹചര്യത്തില്‍ ഇനി കേസ് പരിഗണിക്കുമ്പോള്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ ഓണ്‍ലൈനില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു.
പിഴ കൃത്യമായി ഈടാക്കിയിരുന്നെങ്കില്‍ പല വികസനപ്രവര്‍ത്തനങ്ങളും നടത്താമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം തമ്പാനൂരിലടക്കം ഫുട്പാത്തുകള്‍ മറച്ച് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത് നേരിട്ടു കണ്ടതായി കോടതി പറഞ്ഞു. പല നേതാക്കളുടെയും ചിത്രങ്ങള്‍ ഈ ബോര്‍ഡുകളിലുണ്ട്.
ഇപ്രകാരമല്ല നേതാക്കള്‍ ജനമനസില്‍ കയറേണ്ടത്. തന്റെ ചിത്രം വച്ചുള്ള ഒരു പരിപാടിയുടെ പോസ്റ്റര്‍ നീക്കാന്‍ പൊലിസിനെ ഇടപെടുത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇത്തരമൊരു രീതി സമൂഹത്തില്‍ വേരുറച്ചെന്നും തുടക്കത്തിലേ നുള്ളേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
നടപടികള്‍ കര്‍ശനമാക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് വീണ്ടും സര്‍ക്കുലര്‍ അയച്ചതായി സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ കോടതി നിര്‍ദേശമടക്കം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കുന്നതാണു ഫലപ്രദമെന്ന് കോടതി വ്യക്തമാക്കി.