ന്യൂയോർക്ക്: ലോകകപ്പിൽ ഒരൊറ്റ കളി പോലും ജയിക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ഉറുഗ്വേ ദേശീയ ടീമിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഫുട്ബോൾ ഫെഡറേഷൻ. നാണംകെട്ട തോൽവിക്ക് പിന്നാലെ താരങ്ങളെ നാട്ടിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന ഔദ്യോഗിക ചാർട്ടേഡ് വിമാനം ഫെഡറേഷൻ റദ്ദാക്കി. ഇതോടെ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ള കളിക്കാർ സാധാരണ യാത്രക്കാരെപ്പോലെ കൊമേഴ്സ്യൽ വിമാനങ്ങളിൽ സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്താണ് മടങ്ങിയത്.
ഗ്രൂപ്പ് എച്ചിൽ കേപ് വെർദെയോടും സൗദി അറേബ്യയോടും സമനില വഴങ്ങിയ ഉറുഗ്വേ, അവസാന മത്സരത്തിൽ സ്പെയിനിനോട് തോറ്റാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഗ്രൂപ്പിൽ ഏറ്റവും അവസാനക്കാരായി ഫിനിഷ് ചെയ്ത ടീമിന്റെ മോശം പ്രകടനത്തിൽ കടുത്ത അമർഷത്തിലാണ് ഉറുഗ്വേ ഫുട്ബോൾ അസോസിയേഷൻ. ഇതിന്റെ ഭാഗമായാണ് ടീമിനുള്ള ആഡംബര സൗകര്യങ്ങൾ ഫെഡറേഷൻ വെട്ടിക്കുറച്ചത്.
വിമാനം റദ്ദാക്കിയതോടെ ടീം ഒന്നിച്ച് മടങ്ങുന്നതിന് പകരം ഡാർവിൻ നൂനിയസ്, ഫെഡെ വാൽവെർദെ തുടങ്ങിയ പ്രമുഖ താരങ്ങളടക്കം പല വിമാനങ്ങളിലായി തങ്ങളുടെ ക്ലബുകളിലേക്കും സ്വന്തം നാട്ടിലേക്കും ചിതറിപ്പിരിയുകയായിരുന്നു. തോൽവിക്ക് പിന്നാലെ കളിക്കാരും കോച്ച് മാഴ്സെലോ ബിയൽസയും തമ്മിൽ ഡ്രസിംഗ് റൂമിൽ കടുത്ത തർക്കങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ലോകകപ്പ് മടങ്ങിവരവായി മാറിയിരിക്കുകയാണ് ഇത്.