കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലകളില്‍ പലയിടത്തും വെള്ളം കയറി. കോടഞ്ചേരി നിരന്നപാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കോടഞ്ചേരി-നിരന്നാപാറ റോഡില്‍ മണ്ണ് ഒഴുകിവന്ന് അടിഞ്ഞുകിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ചുരത്തില്‍ ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു.
ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കിയിട്ടുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പോലീസ് വാഹനങ്ങള്‍, അവശ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ പോലീസ്, വനം വകുപ്പ്, ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിവലും മാറ്റിവച്ചു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം.
കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് ശക്തമായ മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത തുടരുകയാണ്. കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍നിന്നു മീൻപിടിത്തത്തിനു പോയ ബോട്ട് ശക്തമായ മഴയില്‍ എന്ജിന് തകരാറിലായി കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറു ഭാഗത്ത് കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.