തൊടുപുഴ: തിരുവോണത്തെ വരവേല്‍ക്കാന്‍ നിറഞ്ഞ മനസോടെ മലയാളികള്‍ ഒരുങ്ങിയതോടെ നാടും നഗരവും തിരക്കിലമര്‍ന്നു. തിരുവോണം കെങ്കേമമാക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള അവസാന വട്ട ഒരുക്കത്തിനായി നാളെ ജനങ്ങള്‍ കുടുംബത്തോടെ പുറത്തിറങ്ങുന്നതോടെ പ്രധാന ടൗണുകള്‍ ഉത്രാടപ്പാച്ചിലിന്റെ ആവേശത്തിലാകും. മുന്‍കൂട്ടി എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ തിരുവോണത്തിനുള്ള തയാറെടുപ്പ് പൂര്‍ത്തിയാകില്ല. സദ്യവട്ടം ഒരുക്കാനും വിട്ടുപോയ സാധനങ്ങള്‍ വാങ്ങാനുമുള്ള നെട്ടോട്ടം കൂടിയാണ് ഉത്രാടപ്പാച്ചില്‍. ഓണക്കോടിയെടുക്കാനും സദ്യവട്ടങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങാനും ഒട്ടേറെ പേര് ഇന്നും നാളെയുമായി വ്യാപാര സ്ഥാപനങ്ങളിലെത്തും. എന്നാല്‍ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പു പ്രഖ്യാപിച്ചതോടെ ഓണ വിപണിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇന്നും നാളെയും ജില്ലയില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സരങ്ങളുടെ പൊടി പൂരം
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങളുടെ പൊടിപൂരമാണ് നഗര- ഗ്രാമ ഭേദമില്ലാതെ ആവേശംവിതറി അരങ്ങേറുന്നത്. വിദ്യാലയങ്ങളിലെ ഓണാഘോഷങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. വിവിധ ക്ലബുകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ മത്സരങ്ങള്‍, ഓണസദ്യ, കലാപരിപാടികള്‍ തുടങ്ങി വിപുലമായ ആഘോഷ പരിപാടികളാണ് ഇന്നും നാളെയുമായി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഓണം വാരാഘോഷത്തിനു ചെറുതോണിയില്‍ തുടക്കമായി. ഓണം റിലീസ് സിനിമകള്‍ മികച്ച അഭിപ്രായം നേടിയതോടെ തിയറ്ററുകളിലേക്കും പ്രേക്ഷകരുടെ ഒഴുക്കായി. ഓണാവധിയായതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയും ഏറെ പ്രതീക്ഷയിലാണ്.
എവിടെയും ഓണത്തിരക്ക്
വസ്ത്രവ്യാപാര ശാലകള്‍, ഗൃഹോപകരണ വിപണി, ചിപ്സ് കടകള്‍, പൂ വിപണി, ഓണം വിപണന മേളകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും ഓണത്തിരക്കാണ്. പ്രധാന ടൗണുകളെല്ലാംതന്നെ വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. തിരുവോണത്തിന് രണ്ടു ദിവസം മാത്രമുള്ളതിനാല്‍ വിവിധ ഇടങ്ങളില്‍നിന്നു വീട്ടിലെത്താനുള്ളവരുടെ തിരക്കും ബസ് സ്റ്റാന്‍ഡുകളില്‍ അനുഭവപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകളിലെല്ലാംതന്നെ യാത്രക്കാരുടെ വലിയ തിരക്കുണ്ട്. ഓഫറുകളുടെയും സമ്മാനങ്ങളുടെയും പൂരമാണ് വിപണിയില്‍. വസ്ത്രവ്യാപാര ശാലകളിൽ ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്ക് രാത്രി വരെ തുടരുന്നുണ്ട്. ഓണക്കച്ചവടം പ്രതീക്ഷിച്ച് പല വ്യാപാര സ്ഥാപനങ്ങളും കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിച്ചു. സപ്ലൈകോ ഓണം ഫെയറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഓണം സഹകരണ വിപണി തുടങ്ങി ഓണം വിപണന മേളകളിലെല്ലാം തിരക്കിനു കുറവില്ല.
ഇന്നും നാളെയും പച്ചക്കറി വിപണിയില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഏതാനും പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ന്നിരുക്കുന്നത് വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. ഏത്തക്കായ്ക്കും ഞാലിപ്പൂവന് പഴത്തിനും വിലയേറിയിട്ടുണ്ട്. ഞാലിപ്പൂവന് പഴത്തിന് വില 100 കടന്നു. ജില്ലയില്‍ മിക്കയിടങ്ങളിലും വഴിയോരക്കച്ചവടം ഉള്‍പ്പെടെ പച്ചക്കറി വില്‍പ്പന തകൃതിയാണ്. ഓണത്തിന് പച്ചക്കറി വില നിയന്ത്രിക്കാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ ഓണച്ചന്തകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓണസദ്യ, പായസം
ഓണസദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. സദ്യക്കുള്ള ഇലയുള്പ്പടെയാണ് നല്‍കുന്നത്. പായസ മേളകളാണ് വിപണിയിലെ മറ്റൊരു ആകര്‍ഷണം. പാലട, അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് പായസം എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഓണ സദ്യയുടെയും പായസത്തിന്റെയും ബുക്കിംഗ് തകൃതിയായി നടന്നു വരുന്നു. ചോറും കറികളും പ്രത്യേകം ബോക്സുകളിലാക്കിയാണ് സദ്യ നല്‍കുന്നത്. എത്ര പേര്‍ക്കുള്ള സദ്യയും പാഴ്സലായി ലഭിക്കും. നഗര പ്രദേശങ്ങളിലാണ് പാഴ്സല്‍ ഓണസദ്യക്ക് ആവശ്യക്കാര്‍ കൂടുതല്‍. ഉപ്പേരി, ശര്‍ക്കരവരട്ടി എന്നിവയുടെ വില്‍പ്പനയും പൊടിപൊടിക്കുകയാണ്.