ആവശ്യത്തിന് സാമ്പത്തികശേഷിയോ സൗകര്യങ്ങളോ ഉണ്ടായാൽ മാത്രം പോരാ, പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് തിരിച്ചറിയുന്നതാണ് യഥാർഥ സാമൂഹിക സംസ്കാരം.
എന്നാൽ ഇത്തരം അടിസ്ഥാനപരമായ പരിസരബോധം പോലും മറന്നുള്ള പെരുമാറ്റങ്ങൾ പലപ്പോഴും നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭംഗിയും ശാന്തതയും കെടുത്താറുണ്ട്.
ഉത്തരാഖണ്ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് പുറത്തുവന്ന പുതിയൊരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
ഡെറാഡൂണിലെ ചരിത്രപ്രസിദ്ധമായ ഗുച്ചു പാനി ഗുഹയ്ക്കുള്ളിലാണ് ഒരു കൂട്ടം വിനോദസഞ്ചാരികൾ വൻ ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച് നൃത്തം ചെയ്യുകയും ബഹളമുണ്ടാക്കുകയും ചെയ്തത്.
ഗുഹയ്ക്കുള്ളിലെ നിശബ്ദതയെയും പ്രകൃതി മനോഹാരിതയെയും പൂർണമായി തടസപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ ആഘോഷം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിരവധി ആളുകളാണ് സഞ്ചാരികളുടെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയത്.
വിദ്യാഭ്യാസവും വിവരവുമില്ലാതെ എളുപ്പത്തിൽ പണം കൈവരുമ്പോൾ ഉണ്ടാകുന്ന അഹങ്കാരമാണ് ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
പവിത്രതയ്ക്കും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട ഉത്തരാഖണ്ഡ് പോലുള്ള ഇടങ്ങളിൽ ഇത്തരം കളിതമാശകളും അനാവശ്യ ബഹളങ്ങളും അനുവദിക്കരുതെന്നും, അധികൃതർ ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
അതോടൊപ്പം, ഇവർ ഗുഹയ്ക്കുള്ളിൽ കേൾപ്പിച്ച ഹരിയാൻവി പാട്ടുകളുടെ ഉള്ളടക്കത്തെക്കുറിച്ചും വലിയ ആശങ്കകൾ ഉയരുന്നുണ്ട്. അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള വരികളുള്ള ഇത്തരം ഗാനങ്ങൾ യുവതലമുറയിലേക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശാന്തതയും പൊതുജന മര്യാദയും കാറ്റിൽപ്പറത്തുന്ന ഇത്തരക്കാർക്കെതിരെ കർശനമായ പിഴയും വിലക്കും ഏർപ്പെടുത്തണമെന്നാണ് നിലവിൽ ഉയരുന്ന പ്രധാന ആവശ്യം.