മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്തപ്പോൾ 10 വയസുകാരനെ കാറിടിച്ച സംഭവം ഓർത്തെടുത്ത് നടൻ വി.കെ. ശ്രീരാമൻ. ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് കാറിൽപോകുന്ന വഴിയാണ് കുട്ടിയെ കാറിടിച്ചത്.
ഒരു സിനിമാക്കഥ പോലെ തന്നെ ട്വിസ്റ്റും ക്ലൈമാക്സും നിറഞ്ഞ സംഭവത്തിൽ ഏറെ ഭയപ്പെട്ടു പോയത് താനാണെന്നും അവിടെയുള്ള ആളുകള്‍ മമ്മൂട്ടിയെ ഒഴിവാക്കി തന്നെ എന്തെങ്കിലും ചെയ്യുമോയെന്നുള്ള പേടിയിലാണ് പിന്നീട് കോയമ്പത്തൂര്‍ വരെ കാറില്‍ സഞ്ചരിച്ചതെന്നും ശ്രീരാമൻ പറയുന്നു.
‘‘ഏതാണ്ടൊരു നാൽപതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്. പവിത്രന്റെ ‘ഉത്തരം’ സിനിമ ഊട്ടിയിൽ നടക്കുന്ന കാലത്ത് മമ്മൂട്ടി തന്റെ വിഖ്യാതമായ 369 ാം നമ്പർ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു.
ഒരു കോൺവെന്റ് സ്കൂളിന്റെ മുന്നിൽ വച്ച് റോഡു മുറിച്ച് ബസ്സിൽ കയറാനോടിയ പത്തു വയസുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു. പെട്ടന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എന്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു.
മമ്മൂട്ടി ചാടിയിറങ്ങുന്നു. പിന്നാലെ നെറ്റി തടവി ഞാനും. തമിഴ് ശിങ്കങ്ങൾ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാൻ കണക്കുകൂട്ടിയത്.
പക്ഷേ, കണ്ടത് മറ്റൊന്നാണ്. കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാൾ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു.
ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു. കോട്ടും തലേക്കെട്ടും വീരപ്പൻ മീശയുമുള്ള തലൈവർ പറഞ്ഞതിന്റെ സാരം ഇതാണ്. മൂപ്പരാണ് സ്കൂളിന്റെ സെക്യുരിറ്റി ചീഫ് .
‘കാറിന്റെ ഇടി കൊണ്ടത് പയ്യന്റെ വലതുകാലിന്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്സിന്റെ പോക്കറ്റിൽ പയ്യൻ രണ്ടു കൃക്കറ്റ് ബോളുകൾ കുത്തി നിറച്ചു വച്ചിരുന്ന സ്ഥലത്താണ് ഇടി. പയ്യൻ സ്മൂത്തായി കാനയ്ക്കു മേലെയുള്ള വള്ളിപ്പടർപ്പിലേക്കു വീഴുന്നു, സർക്കസ്സിലെ കളിക്കാർ നെറ്റിലേക്കു വീഴും പോലെ.
‘പാർത്താൽ എന്നമോ പെരിയ ആക്സിഡന്റ് ആനാ, യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ’’
മീശക്കാരൻ കൈ നീട്ടി. ഹീറോ ഹസ്തം ദാനം ചെയ്തു.
‘നീ പേടിച്ചു പോയോ?’
തിരിച്ചു വണ്ടിയിൽ കയറിയ ശേഷം മമ്മൂട്ടി എന്നോടു ചോദിച്ചു.
‘നിങ്ങളെ അവര്‍ ഒഴിവാക്കിയിട്ട് എന്റെ നേരെ വന്ന് ഡായ് ഡ്രൈവർ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്. റോഡില്‍ കുളന്തെകൾ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എൻട്ര് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല’’
‘ശരിയാ ഈ കോസ്റ്റ്യൂമിൽ നിനക്കൊരു ഡ്രൈവർ ലുക്ക് ഉണ്ട്.’
കോയമ്പത്തൂരെത്തും വരെ ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അണ്ണാച്ചിമാർ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്.’’–ശ്രീരാമന്റെ വാക്കുകൾ.