തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റൈൻ ദേശീയ ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെയും പ്രതിചേർക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രി ഉൾപെടെയുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. കേസിൽ അബ്ദുറഹ്മാനെ കൂടാതെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷൻ യു. ഷറഫലി എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
മുൻമന്ത്രിക്കെതിരേ അന്വേഷണം നടത്തുന്നതിന് ഗവർണർ ഓംപ്രകാശ് മാഥൂർ അനുമതി നൽകിയതോടെയാണ് തുടർനടപടികൾക്ക് വഴിയൊരുങ്ങിയത്. നിലവിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർബിസി), എംഡി ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചെന്നും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് അബ്ദുറഹിമാനെതിരായ ആരോപണം.
അനധികൃതമായി ഇടപെടലുകളും കത്തിടപാടുകളും നടത്തിയെന്നാണ് സത്യപാലനെതിരായ കണ്ടെത്തൽ. സ്പോർട്സ് കൗൺസിൽ അധ്യക്ഷനായിരിക്കെ സ്പോൺസർക്ക് അനുകൂലമായി കരാറിൽ സാക്ഷിയായി ഒപ്പിട്ടെന്നാണ് ഷറഫലിക്കെതിരായ ആരോപണം.
കായികവകുപ്പിലെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. മെസിയുടെ പേരിൽ പണപ്പിരിവും സാമ്പത്തിക ക്രമക്കേടുകളും അധികാരദുർവിനിയോഗവും നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.