സിനിമയിൽ ഇതുവരെ നമ്മൾ കണ്ട വിഎഫ്എക്സ് മായാജാലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു യഥാർഥ ഹ്യൂമനോയിഡ് റോബോട്ട് പ്രധാന കഥാപാത്രമാകുന്ന കൗതുകകരമായ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. കന്നഡ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടക്കുന്നത്. പ്രശസ്ത സംവിധായകൻ സിമ്പിൾ സുനി ഒരുക്കുന്ന 'ലംബോദര 2.0' ലൂടെയാണ് ഈ മാറ്റം.
വിഎഫ്എക്സ് ഇഫക്റ്റുകൾ ഇല്ലാതെ ബംഗളൂരു ആസ്ഥാനമായുള്ള 'മച്ചാനി റോബോട്ടിക്സ്' വികസിപ്പിച്ചെടുത്ത ജിയ എന്ന യഥാർഥ ഹ്യൂമനോയിഡ് റോബോട്ട് ആണ് ചിത്രത്തിൽ തത്സമയം അഭിനയിക്കുന്നത്. ഇത് ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യ സംഭവമാണ്. ജെൻ സി തലമുറയുടെ ജീവിതരീതികൾ, സോഷ്യൽ മീഡിയയുടെ സ്വാധീനം, നിർമിത ബുദ്ധി എന്നിവയെല്ലാം പശ്ചാത്തലമാക്കിയുള്ള ഒരു സയൻസ് ഫിക്ഷൻ സോഷ്യൽ ത്രില്ലറാണ് ഈ ചിത്രം.
മാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ ഷെട്ടിയാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് താരം കുനാൽ കപൂർ ഈ ചിത്രത്തിലൂടെ കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ അനിൽ ഷെട്ടി, സാച്ചി ബിന്ദ്ര, മേഘ്ന ഗാവോങ്കർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
ഈ വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച 'ലംബോദര 2.0' യുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്. ചിത്രത്തിന്റെ തിയേറ്റർ റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.