തൃശൂർ: കണ്ടാൽ ഓക്കാനംവരുന്ന കലാവൈകൃതമാണു പുലികളിയെന്ന് നടൻ വി.കെ. ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണു വരുന്നത്. പുരുഷൻമാർക്കു മാറും വയറും വളരുന്നതു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമാണ് ശ്രീരാമന്റെ പോസ്റ്റ്.
കഴിഞ്ഞദിവസം പുലികളി അഭ്യസിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വന്നതു വൈറലായിരുന്നു. ഇതിൽ പുലികളി കലാകാരൻമാർ മെയ്യെഴുത്തില്ലാതെ ഷർട്ടിടാതെ മുണ്ടുടുത്താണു കളിക്കുന്നത്. ഈ പരിശീലനത്തിന്റെ ഫോട്ടോയും ചേർത്താണു ശ്രീരാമന്റെ പോസ്റ്റ്.
കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ലോകത്തൊരിടത്തും ഉണ്ടാകില്ല. ഇത് ഒരു ഭാരതീയകലയാണെന്നും നാട്യശാസ്ത്രത്തിൽ ശാർദൂലവിക്രീഡിതമെന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണു സുബ്രൻസാമി പറയുന്നതെന്നും അതാണൊരാശ്വാസമെന്നും വി.കെ. ശ്രീരാമൻ പരിഹസിക്കുന്നു.
പലതരം വേഷങ്ങൾ കൈകാര്യംചെയ്തു പണംവാങ്ങി ജീവിതംകഴിച്ച താങ്കൾക്ക് ഇപ്പോഴാണു തിരിച്ചറിവുകൾ വരുന്നതെന്ന്, ഒരു സിനിമയിൽ ബാലികയെ പീഡിപ്പിച്ചുകൊല്ലുന്ന കഥാപാത്രത്തെ വി.കെ. ശ്രീരാമൻ അവതരിപ്പിച്ചതു ചൂണ്ടിക്കാട്ടി ഒരാൾ മറുപടി നൽകിയിട്ടുണ്ട്.
താങ്കളുടെ ശരീരംവച്ച് അത്തരം വേഷങ്ങൾ ചെയ്യുന്പോൾ അന്നത്തിനുള്ള വകയ്ക്കാണെന്ന ലക്ഷ്യമുണ്ടായിരുന്നല്ലോ, അതുതന്നെയാണു പുലിവേഷം കെട്ടുന്നവർ ചെയ്യുന്നതെന്നും ഓർമിപ്പിക്കുന്നു. പുലികളി വൃത്തികേടാണെന്നും പലപ്പോഴും ഫേസ്ബുക്കിൽ പറയണമെന്നു വിചാരിക്കുമെങ്കിലും തെറികമന്റുകൾ താങ്ങാൻ ശേഷിയില്ലാത്തതുകൊണ്ട് മൗനം പാലിക്കുകയായിരുന്നെന്ന് അനുകൂല കമന്റുമുണ്ട്.