വടക്കാഞ്ചേരി: മണ്ഡലത്തിൽ പുതിയ ഫോറസ്റ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിന് 7.77 കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
സർക്കാർ ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈയ്ഡ് എൻജിനീയറിംഗ് ലിമിറ്റഡ് (കെൽ) മുഖേന പദ്ധതി നിർവഹിക്കുന്നതിന് വനം - വന്യജീവി വകുപ്പ് സാങ്കേതികാനുമതി കൂടി നൽകിയതോടെയാണ് ഫോറസ്റ്റ് കെട്ടിടങ്ങൾ വടക്കാഞ്ചേരി മണ്ഡലത്തിൽ ഒരുങ്ങുന്നത്.
വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം നിർമാണത്തിന് 94.75 ലക്ഷം രൂപയാണ് അനുവദിച്ചത്. വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ ഡോർമിട്ടറിക്കായി 1.83 കോടി രൂപയും, സ്റ്റാഫ് ബരാക്കിനായി 1.04 കോടി രൂപയും അനുവദിച്ചു. വാഴാനി ഡെപ്യൂട്ടി റേഞ്ച് ഓഫീസ് ക്വാർട്ടേഴ്സിന് 58 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മച്ചാട് റേഞ്ച് ഓഫീസ് കെട്ടിടം നിർമാണത്തിന് 1.12 കോടി രൂപ അനുവദിച്ചു. വടക്കാഞ്ചേരി റേഞ്ച് ഓഫീസ് ക്വാർട്ടേഴ്സ് നിർമാണത്തിന് 57 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വടക്കാഞ്ചേരി മണ്ഡലത്തിൽ ആകെ എട്ട് ഫോറസ്റ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതിയാണ് 7.77 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ഘട്ടത്തിലേക്ക് കടക്കുന്നത്.
മണ്ഡലത്തിലെ ഫോറസ്റ്റ് കെട്ടിടങ്ങളുടെ സമഗ്രമായ പുനർനിർമാണം ലക്ഷ്യമിട്ട് വനം - വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് പദ്ധതിക്ക് അനുമതി നേടിയെടുക്കാനായതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞഞു. പുതിയ കെട്ടിടങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും എംഎൽഎ വ്യക്തമാക്കി.