ദാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിന് ശേഷം മൈതാനത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ കൗമാര താരം വൈഭവ് സൂര്യവംശിക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ബിസിസിഐ തീരുമാനം. എന്നാൽ, തർക്കത്തിന് കാരണക്കാരനായ ലങ്കൻ താരം വിഷേൻ ഹാലംബാഗെയ്ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കർശന അച്ചടക്ക നടപടിയെടുത്തു. തിങ്കളാഴ്ച ദാംബുള്ളയിൽ നടന്ന മത്സരത്തിൽ സൂപ്പർ ഓവറിൽ ഇന്ത്യ എ തോറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ഇരുടീമിലെയും താരങ്ങൾ തമ്മിൽ കൈയാങ്കളിയിലെത്തിയത്.
15-കാരനായ വൈഭവിന് ബിസിസിഐ കാരണംകാണിക്കൽ നോട്ടീസ് നൽകിയേക്കുമെന്ന റിപ്പോർട്ടുകൾ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പൂർണമായി തള്ളി. കളിക്കാർ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്നാണ് ബോർഡിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 9-ലെ മത്സരത്തിലും തിങ്കളാഴ്ചത്തെ സൂപ്പർ ഓവറിലും ഹാലംബാഗെ വൈഭവിനെതിരെ പരിധിവിട്ട സ്ലെഡ്ജിങ് നടത്തിയതാണ് മത്സരശേഷം കൈയാങ്കളിക്ക് കാരണമായത്.
മാച്ച് റഫറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലങ്കൻ ബോർഡ് സ്വന്തം താരത്തിന് പിഴയും ശിക്ഷയും വിധിച്ചത്. ഇതോടൊപ്പം മറ്റൊരു അച്ചടക്ക ലംഘനത്തിന് ലങ്കൻ സീനിയർ താരം നിരോഷൻ ഡിക്വെല്ലയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്.