ഉച്ചത്തിൽ സംസാരിക്കുന്നവരെ എനിക്കു ഭയമായിരുന്നു. അവരെ ‘അഗ്നി വർഷിക്കുന്ന പീരങ്കികൾ’ എന്നൊക്കെ വിശേഷിപ്പിക്കുന്നത് വായിക്കുമ്പോൾ ഒരു യുദ്ധഭയമൊക്കെ തോന്നിയിട്ടുമുണ്ട്. ‘സാഗരഗർജനം’ എന്നാണ് അഴീക്കോട് മാഷിന്റെ പ്രഭാഷണത്തെ പത്രങ്ങൾ വിശേഷിപ്പിച്ചിട്ടുള്ളതെങ്കിലും അതൊരു സൗമ്യസരസ്വതി ആയിരുന്നു. യൗവനത്തിൽ അദ്ദേഹം ക്ഷുഭിതശബ്ദം പുറപ്പെടുവിച്ചിരുന്നു എന്ന് അടുത്തകാലത്ത് ആരോ എഴുതിക്കണ്ടു. അപ്പോൾ ഞാനോർത്തത് നദി തുടങ്ങുന്നിടങ്ങളിൽ കാട്ടിലും മലയിലും അത് വലിയ വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നു എന്നാണ്. എന്നാൽ, അഴിമുഖത്തേക്ക് എത്തുമ്പോഴേക്കും നദി ആവുന്നത്ര പരന്ന് ശാന്തമായി ഒഴുകാറാണ് പതിവ്. അഴീക്കോട് മാഷിൽ അത്തരമൊരു അനുഭവമുണ്ടായിരുന്നു.
ചരിത്രം പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽനിന്ന് ഉയർന്നുകേട്ട ശബ്ദങ്ങൾ ഹിറ്റ്ലറുടെയും മുസോളിനിയുടെയും സ്റ്റാലിന്റേതുമായിരുന്നു. അവരുടെ ശബ്ദങ്ങൾ യുദ്ധത്തിന്റെ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സ്കൂൾ ക്ലാസിലെ ഞങ്ങളുടെ ചരിത്ര അധ്യാപിക ഈ പാഠഭാഗങ്ങൾ വളരെ പതിഞ്ഞ മട്ടിലാണ് പഠിപ്പിച്ചിരുന്നത്. ഹിറ്റ്ലറെക്കുറിച്ച് പഠിപ്പിച്ചപ്പോൾ അധ്യാപികയുടെ മുഖം വിവർണമാകുന്നതും ദേഷ്യത്താൽ പല്ലിറുമ്മിയതും ഞാനിപ്പോഴും ഓർമിക്കുന്നു. ആ പാഠഭാഗം തികഞ്ഞ അവജ്ഞയോടെയാണ് അവർ പഠിപ്പിച്ചിരുന്നത്. പറയാനും ഓർക്കാനും പാടില്ലാത്ത എന്തോ ഒന്ന് ആ പാഠത്തിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് അന്നേ തോന്നിയിരുന്നു.
സ്കൂളിലേക്കു പോകുന്ന വഴിക്ക് ഒരു വലിയ വീടുണ്ടായിരുന്നു. അതിന്റെ തടിച്ച ഇരുമ്പുഗേറ്റിന് ആകാശത്തോളം പൊക്കമുണ്ടായിരുന്നു. അത് എപ്പോഴും അടഞ്ഞുകിടക്കും. ആ ഗേറ്റിൽ ഒരു നായയുടെ പടവും ‘ഹിറ്റ്ലർ ഉണ്ട്. സൂക്ഷിക്കുക’ എന്ന ബോർഡും തൂക്കിയിട്ടിരുന്നു. അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്ന ഒന്നിന്റെ പേരാണ് ‘ഹിറ്റ്ലർ’ എന്ന് തോന്നിയിരുന്നു. എന്നാൽ പിൽക്കാലത്ത് അഡോൾഫ് ഹിറ്റ്ലറിന്റെ നഴ്സ് ഏന ഫ്ലെഗൽ എഴുതിയ ഒരു പുസ്തകം വായിക്കാനിടവന്നു. അതിൽ യജമാനനായ ഹിറ്റ്ലർ വളരെ ശാന്തപ്രകൃതക്കാരനായിരുന്നുവെന്നും കാമുകിയും പിന്നീട് ഭാര്യയുമായിത്തീർന്ന ഇവാ ബ്രൗണിനോട് സൗമ്യമായി മാത്രമേ അദ്ദേഹം മിണ്ടിപ്പറഞ്ഞിരുന്നുള്ളൂ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരാൾ ചാൻസലർ പാലസിൽനിന്ന് പുറത്തേക്കിറങ്ങിവന്ന് ജനസഞ്ചയത്തെ നോക്കി ആക്രോശിക്കുന്നതിന്റെ പൊരുൾ എനിക്ക് എത്ര ആലോചിച്ചിട്ടും ഇന്നും പിടികിട്ടിയിട്ടില്ല.
ശ്രേഷ്ഠമായ കാവ്യഭാഷണം എനിക്കൊരുപാടിഷ്ടമായിരുന്നു. അത്തരം പ്രഭാഷണങ്ങൾ കേൾക്കാൻ എത്ര ദൂരത്താണെങ്കിലും പോകുമായിരുന്നു. അന്നു കേട്ട പ്രഭാഷകരിൽ ഒരാളെ ഞാൻ പ്രത്യേകം ഓർമിക്കുന്നു. അയാൾ വലിയ എഴുത്തുകാരനോ പ്രഭാഷകനോ ഒന്നുമായിരുന്നില്ല. സമാന്തര വിദ്യാലയങ്ങളിൽ ഭാഷ പഠിപ്പിച്ചിരുന്ന പ്രായംചെന്ന ഒരാൾ. അദ്ദേഹം ഒരിക്കലും പറഞ്ഞുപഴകിയ പദങ്ങൾ പ്രഭാഷണത്തിൽ ഉപയോഗിക്കില്ലായിരുന്നു. ഉത്തുംഗമായൊരു മുഹൂർത്തം സൃഷ്ടിക്കുന്നതായിരിക്കണം പ്രഭാഷണം എന്നും അത് നിശബ്ദമായിരിക്കണമെന്നും അദ്ദേഹം ഒരിക്കലെന്നോടു പറഞ്ഞു. ഒരർഥത്തിൽ രാവിന്റെ ശൈത്യവും നട്ടുച്ചയുടെ ഉഷ്ണവും എനിക്കാദ്യം അനുഭവപ്പെട്ടത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽനിന്നായിരുന്നു. ഒരിക്കൽ അദ്ദേഹം പറഞ്ഞു “ദാഹം ഉള്ളിടത്തേക്ക് ജലം ഒഴുകുന്നതുപോലെ ആയിരിക്കണം വാക്കുകൾ. അത് ഒരിക്കലും പ്രഭാഷകന്റെ പാണ്ഡിത്യപ്രകടനം ആകരുത്. സഭ അറിഞ്ഞു വേണം പെരുമാറാൻ.” പ്രസംഗത്തിൽ ഒരു നയാഗ്ര സൃഷ്ടിക്കേണ്ടതില്ല. പ്രസംഗിക്കുമ്പോൾ കേൾവിക്കാരിൽ അതൊരു തടാകമായി തീരണം. അത് ജനകനും യാജ്ഞവൽക്യനും തമ്മിലുള്ള മിണ്ടിപ്പറയൽപോലെ സൗമ്യമായിരിക്കണം.
വളരെക്കാലത്തിനുശേഷം ഞാനദ്ദേഹത്തെ വീണ്ടും കണ്ടു. ശബ്ദം തീരെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. എന്നെ കണ്ടപ്പോൾ, ഭംഗിയായി മുറിച്ചെടുത്തു സൂക്ഷിച്ച കടലാസുകളിലൊന്നെടുത്ത് അദ്ദേഹം എഴുതി: “പുരുഷായുസിന്റെ മുക്കാലിൽ ഏറെയും പ്രസംഗിച്ചു നടന്നു. അതെന്നിലെ മനുഷ്യനെ സ്വതന്ത്രനാക്കി. പക്ഷേ, ശരീരത്തെ ക്ഷീണിപ്പിച്ചു.” അത് വായിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു. സിറിയന് കവി അഡോണിസ് എഴുതിയതുപോലെ അദ്ദേഹത്തിൽനിന്ന് ‘പുതിയൊരു ശബ്ദം ഉണ്ടാകട്ടെ’ എന്ന് അറിയാതെ ഞാൻ പ്രാർഥിച്ചുപോയി. ഇറങ്ങാൻനേരം അദ്ദേഹം കടലാസ് തുണ്ടിൽ ഒരു വരികൂടി കുറിച്ചുതന്നു, “ I am the happiest man alive”. പുറത്തേക്കിറങ്ങിയപ്പോൾ ഞാനോർത്തു; അതെ, മഹാമൗനങ്ങളുടെ ആവാസഭൂമിയാണ് നമ്മുടേത്. അതിൽ ചിലർ ശബ്ദിക്കുന്നു. ചിലർ നിശബ്ദരാകുന്നു. അത്രമാത്രം.
ജീവിതത്തിന്റെ വഴിയമ്പലങ്ങളിൽവച്ച് എത്രയോ പ്രഭാഷണങ്ങൾ കേട്ടിരിക്കുന്നു. ആയിരം പൂർണചന്ദ്രന്മാരെ കണ്ടവരുടെ മുതൽ പുതിയ തലമുറയിലെ പുൽനാമ്പുകളുടെ വരെ വാക്കുകൾ. പക്ഷേ, ഒന്നും മനസിൽ പടർന്നു കയറുന്നില്ല. പലതും വിരസമായ ആവർത്തനങ്ങൾ. എന്നാൽ, അപ്പൻ സാറിന്റെ ക്ലാസ് മുറികൾ പ്രഭാഷണത്തിന്റെ സൗമ്യസരസ്വതികൾപോലെ എനിക്ക് അനുഭവപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം അജ്ഞാതമായൊരു കാന്തികശക്തിയാൽ ചന്തമേറിയ ഒന്നായിരുന്നു. റോമൻ വാഗ്മിയായ സിസറോയുടെ പ്രസംഗത്തെക്കുറിച്ച് അദ്ദേഹം ഒരിക്കൽ പറഞ്ഞത് ഓർമയുണ്ട്.
സിസറോ പ്രസംഗത്തിനിടയിൽ കൈകൾ ഉയർത്തിയാൽ സെനറ്റിലെ മുഴുവൻ അംഗങ്ങളുടെയും വിധി അദ്ദേഹത്തിന്റെ വിരലുകളിലാണെന്ന് തോന്നും. എല്ലാ നല്ല അധ്യാപകരിലും ഒരു സിസറോ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരിക്കൽ അദ്ദേഹം ക്ലാസിനു പുറത്തെ സംഭാഷണവേളയിൽ പറഞ്ഞു: “നട്ടുച്ചയ്ക്കു സൂര്യന് അഭിമുഖമായി നിന്നു വേണം പ്രസംഗം പരിശീലിക്കേണ്ടത്. നിങ്ങളുടെ ആദ്യ കേൾവിക്കാരൻ സവിതാവായിരിക്കണം. ജീവിതത്തിന്റെ മാത്രമല്ല, പ്രഭാഷണത്തിന്റെയും പ്രൈംടൈം ഉച്ചയാണ്. ഉഷസോ അപരാഹ്നമോ സായാഹ്നമോ അല്ല.”
കഴിഞ്ഞ ദിവസങ്ങളൊന്നിൽ ഒരു പ്രഭാഷണം കേട്ടു. ഒരു ഗുഡ്സ് ട്രെയിനിലെ ഗാർഡ് അനുഭവിക്കുന്ന ക്രൂരമായ ഏകാന്തത പോലൊന്ന്. ഇടയ്ക്കിടെ പ്രഭാഷകൻ തമാശ പറയുന്നുണ്ട്. “ചിരിക്കൂ ചിരിക്കൂ, മഴവില്ലുപോലെ പുഞ്ചിരിക്കൂ” എന്ന് അയാൾതന്നെ ഇടയ്ക്കിടെ പറയുന്നു. എത്ര വിരസമായിരുന്നു അത്. പ്രഭാഷണം കേട്ടുകഴിഞ്ഞാണ് ഞാൻ പുറത്തിറങ്ങിയത്. പഴയ നിയമത്തിലെ സോളമന്റെ ഗീതവും പുതിയ നിയമത്തിലെ ഗിരിപ്രഭാഷണവും ഞാനോർത്തു. രണ്ടും എനിക്കേറെ ഹൃദ്യം. ചെടികൾ സംസാരിക്കാറുണ്ട്; പൂക്കളാണ് അതിന്റെ ഭാഷ എന്നു പറയുംപോലെ.