ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന നവോത്ഥാന പ്രക്ഷോഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ദേശീയശ്രദ്ധ ആകർഷിച്ചതുമായ ഒന്നായിരുന്നു വൈക്കം സത്യഗ്രഹം. 1924 മാർച്ച് 30ന് തുടങ്ങി 1925 നവംബർ 23നു സമാപിച്ച 603 ദിവസം നീണ്ടുനിന്ന ഈ സമരം, അന്നത്തെ തിരുവിതാംകൂർ രാജ്യത്ത് നിലനിന്നിരുന്ന അയിത്തം എന്ന ദുരാചാരത്തിനെതിരേയായിരുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. സമരഭൂമിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തിച്ചേർന്നതോടെ വൈക്കം സത്യഗ്രഹം അഖിലേന്ത്യാ ശ്രദ്ധ നേടി.
1925 മാർച്ചിൽ മഹാത്മാഗാന്ധി വൈക്കത്തെത്തി അധികാരികളുമായും യാഥാസ്ഥിതികരുമായും ചർച്ചകൾ നടത്തി. ഗാന്ധിജിയുടെ ഇടപെടലുകൾ സമരത്തിന് പുതിയ ദിശാബോധം നൽകി. ഒടുവിൽ, 1925 നവംബർ 23ന് തിരുവിതാംകൂർ സർക്കാർ ഒരു ഒത്തുതീർപ്പ് പ്രഖ്യാപിച്ചു. ക്ഷേത്രത്തിലേക്കുള്ള നാല് വഴികളിൽ മൂന്നെണ്ണവും എല്ലാ വിഭാഗക്കാർക്കും തുറന്നുകൊടുത്തു. ഈ വിജയം പൂർണമല്ലായിരുന്നെങ്കിലും, കേരളത്തിലെ ജാതിവിവേചനത്തിനെതിരായ ആദ്യത്തെ ആസൂത്രിതവും വിജയകരവുമായ പ്രക്ഷോഭമായി വൈക്കം സത്യഗ്രഹം മാറി.
അന്ന് മാന്നാനം കുന്നിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദീപിക 60 കിലോമീറ്റർ അപ്പുറമുള്ള വൈക്കത്തെ സത്യഗ്രഹസമരത്തെ ജാഗ്രതയോടെ നീരിക്ഷിച്ചുകൊണ്ടിരുന്നു. സത്യഗ്രഹ പ്രസിദ്ധീകരണശാലയിൽനിന്നുള്ള വാർത്താകുറിപ്പുകൾ, ദേശീയ നേതാക്കളുടെ സന്ദർശന റിപ്പോർട്ടുകൾ, പ്രസംഗങ്ങൾ തുടങ്ങിയവ അതീവ പ്രാധാന്യത്തോടെ പ്രസീദ്ധികരിച്ചു. ഒരു ഡസനിലേറെ മുഖപ്രസംഗങ്ങിലൂടെ ദീപിക നിലപാടുകൾ ഉറക്കെപ്പറഞ്ഞു.
ചരിത്രത്തിന്റെ ഈടുവയ്പായ ആ മുഖപ്രസംഗങ്ങളിലേക്ക് ഒരു പുനർസന്ദർശനം.....
വൈക്കത്തെ സഹന സമരം
വൈക്കം ക്ഷേത്രപ്രാന്തത്തിലുള്ള ഏതാനും വഴികൾ ‘തീണ്ടൽ’ ജാതിക്കാർക്കു പ്രവേശനസ്വാതന്ത്ര്യമില്ലാതെ ദീർഘകാലത്തേക്കു വച്ചുകൊണ്ടിരുന്ന മാമൂലിനെ ഭേദിക്കാനുത്സാഹിച്ചതിൽനിന്നുൽഭൂതമാണ് ഇപ്പോൾ സുപ്രസിദ്ധമായിട്ടുള്ള സത്യാഗ്രഹ സംരംഭം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പട്ടിക്കും പന്നിക്കും പ്രവേശ്യമായ ക്ഷേത്രപരിസരങ്ങൾ സമസൃഷ്ടങ്ങൾക്കു നിരോധിച്ചിട്ടുള്ള ചേതോവികാരം തീർച്ചയായും ഗർഹണീയം തന്നെ.
ജാതിപ്പിശാചിന്റെ മാറ്റിത്തംകൊണ്ടുണ്ടായിട്ടുള്ള ഹിന്ദു സമുദായത്തിലെ ദുരാചാരങ്ങൾ നീതീകരിക്കപ്പെടാവുന്നതല്ലാ. സർവ്വഥാ സമത്വവും സഹോദരത്വവും പ്രസംഗിക്കുന്ന ക്രിസ്ത്യാനികളുടെ ഇടയിൽ പോലും ഈ ദുരാചരപടലം ഹിന്ദുക്കളിൽനിന്നു സംക്രമിച്ചു സമുദായ നഭോമണ്ഡലത്തെ ഏതാണ്ടു കാളീമേഘാച്ഛാദിതമാക്കുന്നുണ്ടെന്നുള്ള പാരമാർത്ഥ്യം ആലോചിക്കുമ്പോൾ, ജന്മഭൂമിയായ ഹിന്ദുസമുദായത്തിൽ അവ ഉത്പാദിപ്പിക്കുന്ന അനർത്ഥങ്ങൾ എത്രമാത്രമെന്നു ഊഹിക്കുക പ്രയാസമാണ്. വികാസവും കൃത്യബോധവുമില്ലാത്ത മനസ്സിന്റെ ലക്ഷണങ്ങളായേ ഈവക ആചാരങ്ങൾ പരിഗണിക്കപ്പെടേണ്ടതുള്ളൂ.
20 മേയ് 1924
വൈക്കത്തെ അനാഥ സ്ഥിതി
വൈക്കം ക്ഷേത്രറോഡുകളിലെയും പരിതപ്രദേശങ്ങളിലെയും സ്ഥിതി ഒരാഴ്ചയായിട്ടു തീരെ അനാഥമായിത്തീർന്നിരിക്കുന്നു. അവിടെനിന്നു ഞങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാൻ പോലും നിവൃത്തിയില്ലാത്തവിധത്തിൽ അത്ര ഭയങ്കരങ്ങളായിട്ടാണ് കാണപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ സത്യാഗ്രഹികളോടുള്ള പോലീസിന്റെയും ഒരുകൂട്ടം സവർണ്ണഹിന്ദുക്കളുടെയും അനുവർത്തനം തീരേ അനഭിലഷണീയമായ ഒരു നിലയെ പ്രാപിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. രണ്ടുമൂന്നു ദിവസത്തേക്കു പോലീസുകാർ സത്യഗ്രഹ വാളന്റിയന്മാരെ അതികഠിനമായി ദേഹോപദ്രവമേല്പിക്കയും തൽഫലമായി വാളന്റിയാന്മാരിൽ ചിലർ നേരേ ശ്വാസം വിടാനും വെള്ളമിറക്കാനും കൂടി പാടില്ലാത്ത നിലയിലാകുകയും ചെയ്തു. കഴുത്തിലും നെഞ്ചത്തും ഗുഹ്യപ്രദേശങ്ങളിലും തുടരെകൊണ്ട ഇടിയും ചവിട്ടും നിമിത്തം വാളന്റിയാന്മാരിൽ ചിലർ തീരെ അവശരായി ചികിത്സയിൽ കിടക്കുന്നതായിട്ടാണറിവ്.
വൈക്കത്തെ സത്യഗ്രഹികൾ പ്രദർശിപ്പിക്കുന്ന ക്ഷമയും സഹനശീലവും അത്ഭുതകരമായിരിക്കുന്നു എന്നുകൂടിപ്പറയാതെ നിവൃത്തിയില്ല. അവരും എതിരിടുമായിരുന്നെങ്കിൽ ഇപ്പോൾ വൈക്കം ഒരു നിണക്കളമായിതന്നെ പരിണമിക്കുമായിരുന്നെതോർക്കുമ്പോൾ അവരുടെ സഹനശക്തിയെ പ്രത്യേകം ശ്ലാഘിക്കേണ്ടിയിരിക്കുന്നു.
28 ജൂൺ 1924
വൈക്കത്തെ അനാഥസ്ഥിതിയ്ക്ക് ഇനിയും വലിയ അന്തരമൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ സത്യഗ്രഹികളോടുള്ള പോലീസുകാരുടെയും സവർണ്ണ സംഘകേഡികളുടെയും അനുവർത്തനരീതിയ്ക്ക് ഏതാണ്ടു ഒരു മാറ്റം ഏതാനും ദിവസങ്ങളായി വന്നിട്ടുണ്ടെന്നു സമ്മതിക്കാം. സത്യഗ്രഹ വാളന്റിയറന്മാരുടെ മീശ വലിച്ചുപറിക്കുക, അവരെ കുനിച്ചുനിറുത്തി മുതുകത്തു ചവിട്ടുക, നെഞ്ചിനും നാഭിയ്ക്കും തൊഴിക്കുക, തലയ്ക്കടിക്കുക, പത്തൽ കൊണ്ടു കവിൾ കുത്തിക്കീറുക, അവരുടെ ഉടപ്പും തുണിയും വലിച്ചുപറിച്ചു തീകൊടുക്കുക, ഉച്ചത്തിൽ പൂരപ്പാട്ടു പാടുക മുതലായ മൃഗീയകർമ്മങ്ങൾ കുറെദിവസങ്ങളായി നടക്കുന്നില്ല. എന്നിരുന്നാലും വൈക്കത്തു പടിഞ്ഞാറേനടയിലുള്ള റോഡിൽ കേൾപ്പോരും കേൾവിയുമില്ലാത്ത ഒരു നിലയിൽ മുറയ്ക്കു പല കാര്യങ്ങൾ ഇപ്പോഴും നടന്നുവരുന്നതായി ഇവിടെ കിട്ടുന്ന റിപ്പോർട്ടുകൾ വിളിച്ചുപറയുന്നുണ്ട്.
12 ജൂലൈ 1924
വൈക്കത്തെ സത്യഗ്രഹ സംരംഭം
വൈക്കത്തെ സത്യഗ്രഹത്തിനായി പല സ്ഥലങ്ങളിൽനിന്നും ആളുകൾ വാളന്റിയറന്മാരായി ചേർന്നുകൊണ്ടിരിക്കുന്നെങ്കിലും, എതിർകക്ഷികളും ഇതിനെതിരായി പലെവിധത്തിൽ ഊർജ്ജിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് അറിയുന്നത്. ഇങ്ങനെ രണ്ടു കക്ഷികളും അവരുടെ നിശ്ചയത്തിൽനിന്നു വ്യതിചലിക്കാതെ ഔർജ്ജിത്യത്തോടെ നടത്തുന്ന ഈ സംരംഭം, എന്തെല്ലാം അനാശാസ്യസംഭവങ്ങൾക്കു നിദാനമായിത്തീരുമെന്നു പലർക്കും ആശങ്കയുണ്ട്. ഈതരുണത്തിൽ ഗവർമ്മെണ്ടിൽനിന്നും ചെയ്യേണ്ടത്, ക്രിസ്ത്യാനികൾക്കും മുഹമ്മദീയർക്കും ഗതാഗത സ്വാതന്ത്ര്യമുള്ള വൈക്കം ക്ഷേത്രറോഡിൽക്കൂടി ഈഴവർ മുതലായ അവർണ്ണ ഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുകയും ബന്ധനസ്ഥരാക്കിയവരെയെല്ലാം വിട്ടയക്കുകയുമാണ്, ഒരു പരിഷ്കൃത ഗവർമ്മെണ്ടിന് അനുയോജ്യമായ മഹാമനസ്കതയോടും നീതിബോധത്തോടുംകൂടി തിരുവിതാംകൂർ ഗവർമ്മെണ്ടു കഴിയുന്നതും എളുപ്പത്തിൽ ഇങ്ങനെ പ്രവർത്തിച്ചു കാണ്മാൻ ഞങ്ങൾ കാത്തിരിക്കുന്നു.
1 ഏപ്രിൽ 1924