വൈക്കം: വൈക്കംകായലോരത്തെ കുട്ടികളുടെ പാർക്കിൽ കുട്ടികളിൽ കൗതുകം ജനിപ്പിക്കാൻ ഇനി മൃഗ രാജൻസിംഹവും. മൂന്നരയടിയോളം ഉയരമുള്ള സിംഹത്തിന്റെ പ്രതിമയാണ് ഇന്ന് പഴയ ബോട്ട് ജെട്ടിക്ക് സമീപത്തെ പാർക്കിൽ സ്ഥാപിക്കുന്നത്. കുട്ടികൾക്ക് സിംഹത്തോടൊപ്പംനിന്ന് ഫോട്ടോയെടുത്ത് ചിരിച്ചുല്ലസിക്കാം. വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിത്സാ കേന്ദ്രമാണ് സിംഹത്തെ പാർക്കിലേക്ക് വാങ്ങി നൽകുന്നത്.
ഇന്ന് രാവിലെ 10.30ന് സിംഹത്തെ ആശുപത്രി അധികൃതർ നഗരസഭ അധികൃതർക്ക് കൈമാറി ഉദ്ഘാടനം ചെയ്യും. കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കായി ഫീഡിംഗ് റൂമും ഇന്നു മുതൽ പാർക്കിൽ തുറക്കും. കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ലൈബ്രറിയും പാർക്കിൽ സജ്ജമാക്കുമെന്ന് നഗരസഭ ചെയർമാൻ കെ.ജി.അബ്ദുൾ സലാം റാവുത്തർ അറിയിച്ചു.