വൈക്കം: വൈക്കം - എറണാകുളം റോഡിൽ ഉദയനാപുരം ഇത്തിപ്പുഴയ്ക്കും ചെമ്പ് മുറിഞ്ഞപുഴയ്ക്കുമിടയിൽ വാഹനാപകടം പതിവാകുന്നു. ഈ റോഡിലെ വളവുകളിൽ രാത്രികാലങ്ങളിലാണ് വാഹന അപകടങ്ങൾ തുടർക്കഥയാകുന്നത്. വീതികുറഞ്ഞ റോഡിലെ വളവിൽ വേഗത്തിലെത്തുന്ന വാഹനം എതിരേ വരുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുമ്പോഴും ഡ്രൈവർ ഉറങ്ങിപ്പോകുമ്പോഴുമാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പോയശേഷം എറണാകുളത്തേക്ക് മടങ്ങിയ എറണാകുളം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാർ വളവിൽ നിയന്ത്രണംവിട്ട് സമീപത്തെ വീടിന്റെ മതിൽ തകർത്ത് മരത്തിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്നവർക്ക് പരിക്കേറ്റു. മൂന്നാഴ്ചമുമ്പ് ഇത്തിപ്പുഴ പാലത്തിന് സമീപത്തെ വളവിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റും സമീപത്തെ വീടിന്റെ മതിലും ഇടിച്ചുതകർത്തിരുന്നു.
രണ്ടാഴ്ച മുമ്പ് നാനാടം മാർക്കറ്റിനു സമീപം വളവിൽ രാത്രി നിയന്ത്രണംവിട്ട കാർ വഴിയോരത്തെ കടഇടിച്ചുതകർത്ത ശേഷം ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി വൈദ്യുത പോസ്റ്റും തകർത്ത് വെള്ളം നിറഞ്ഞ പാടത്തേക്ക് മറിഞ്ഞിരുന്നു.ഈ അപകടത്തിൽ തലനാരിഴയ്ക്കാണ് ആളപായം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.