വളാഞ്ചേരി: അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന വളാഞ്ചേരി നഗരസഭയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) സെന്ററിന് ഇനി പുതിയ മുഖം. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി)യുടെ സാന്പത്തിക സഹായത്തോടെ എംസിഎഫിൽ 63.77 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കി. സെന്ററിന്റെ ഉദ്ഘാടനം ഉടൻ നടക്കും.
എംസിഎഫിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിലൂടെയും ആധുനിക എംസിഎഫിൽ സിവിൽ ജോലികൾക്കായി 27.60 ലക്ഷം രൂപയാണ് ചെലവിട്ടത്. യന്ത്രസാമഗ്രികളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി 14.60 ലക്ഷവും ഹരിതകർമ സേനയ്ക്കായി വാഹനം വാങ്ങുന്നതിന് 12.97 ലക്ഷവും വിനിയോഗിച്ചു. കൂടാതെ, പതിനഞ്ചാം ധനകാര്യ കമ്മിഷൻ വിഹിതമായി 8.60 ലക്ഷം രൂപയും ചെലവഴിച്ചു. എംസിഎഫിൽ ചുറ്റുമതിലും പണിതു. ഹരിതകർമ സേനാംഗങ്ങൾക്ക് വസ്ത്രം മാറുന്നതിനായി മുറിയും ഒരുക്കി.
മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംഭരിക്കുന്നതിനും തരംതിരിക്കുന്നതിനുമായി അധികസംഭരണ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. എംസിഎഫിന്റെ മുന്നിലും പിറകിലും ഇന്റർലോക്ക് പവർ ബ്ലോക്കുകളും സ്ഥാപിച്ചു. ഹരിതകർമ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആധുനിക യന്ത്രസാമഗ്രികളും കണ്‍വെയർ ബെൽറ്റ്, ഷ്രെഡിംഗ് മെഷീൻ, ബെയിലിംഗ് മെഷീൻ എന്നിവ അടക്കം സ്ഥാപിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ, സംസ്കരണം, സംഭരണം എന്നിവ വേഗത്തിലും സുരക്ഷിതമായും നടത്താൻ ഈ മെഷീനുകൾ ഉപകരിക്കും.