കൊച്ചി: കൊച്ചി– ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെ ഭാഗം റവന്യു ഭൂമിയാണെന്നും അടിസ്ഥാന നികുതി രജിസ്റ്ററില്‍ (ബിടിആര്‍) റോഡ് പുറമ്പോക്കായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ്.
വനേതര ആവശ്യത്തിനുള്ള ഉപയോഗം അംഗീകരിച്ച് 1927ലും 1932ലും ഉത്തരവുള്ളതിനാല്‍ ഡീ ഫോറസ്റ്റ് സ്റ്റേഷന് വിജ്ഞാപനം ആവശ്യമില്ല. 1980ല്‍ വനസംരക്ഷണ നിയമം വരുന്നതിന് മുമ്പ് സ്ഥലം പൊതുമരാമത്തിന് കൈമാറിയതിനാല്‍ വനേതര ആവശ്യത്തിനുള്ള ഭൂമിയായി ഇതു കണക്കാക്കാമെന്നും ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
ഈ മേഖലയില്‍ നിര്‍മാണം വിലക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം.എന്‍. ജയചന്ദ്രന് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സ്ഥലം റിസര്‍വ് വനം ആണെന്ന് 2025 മാര്‍ച്ചില്‍ അറിയിച്ച സര്‍ക്കാര്‍, പിന്നീട് റവന്യു ഭൂമിയാണെന്ന് നിലപാട് മാറ്റിയ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട രേഖകളും ഭൂപടങ്ങളും പരിശോധിച്ച് ചീഫ് സെക്രട്ടറി തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
റോഡ് ആവശ്യത്തിന് 1932ല്‍ പൊതുമരാമത്തു വകുപ്പിന് റോഡ് നിര്‍മാണത്തിന് 100 മീറ്റര്‍ വീതിയില്‍ തിരുവിതാംകൂര്‍ രാജ്യം സ്ഥലം കൈമാറുകയും വനംവകുപ്പിന്റെ അനുമതിയോടെ ഇതംഗീകരിച്ച് 1996ല്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതുമാണെന്ന് ഉത്തരവില്‍ പറയുന്നു. അന്നു മുതല്‍ വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നതാണെന്നാണു കളക്ടറുടെ റിപ്പോര്‍ട്ട്.