കൊച്ചി: ധന്യ മദര്‍ ഏലീശ്വ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിൽ ഇന്നു വൈകുന്നേരം നാലിനാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ശുശ്രൂഷകൾ ആരംഭിക്കുന്നത്.
മാർപാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആർച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് പ്രഖ്യാപനം നടത്തും. ബസിലിക്ക അങ്കണത്തിൽ വിശാലമായ പന്തലും പ്രത്യേക അൾത്താരയും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങുകൾക്കു മുന്നോടിയായി മദർ ഏലീശ്വയുടെ ഛായാചിത്രം, ലോഗോ, ദീപശിഖ എന്നിവയുടെ പ്രയാണങ്ങൾ 3.30ന് ബസിലിക്ക കവാടത്തിലെത്തും. തുടർന്ന് കർദിനാൾമാരെയും മെത്രാന്മാരെയും സ്വീകരിക്കും. 4.30 ന് വിശുദ്ധ കുർബാന ആരംഭിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. തുടർന്ന് പ്രഖ്യാപനം.
കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യും. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും.
കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യപ്രതി സിടിസി മദര്‍ ജനറൽ സിസ്റ്റർ ഷഹീലയ്ക്കു നല്കി നിര്‍വഹിക്കും.
ബസിലിക്കയിലേക്കുള്ള മദര്‍ ഏലീശ്വയുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിക്കും. ഏലീശ്വ ചരിതം ഗാനശില്പത്തിന്റെ അവതരണവുമുണ്ടാകും.
വരാപ്പുഴ അതിരൂപതയിലെയും കേരള സഭയിലെയും വിവിധ മെത്രാന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിനു വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കും.